ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും. വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ. .
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എതിർപ്പുന്നയിച്ചിരുന്നു. സുപ്രീം കോടതിയുടെ പരിധിയിലുള്ള വിഷയമാണെന്നും തിരക്കിട്ടുള്ള നീക്കം ബിജെപിക്ക് മേല്‍ക്കൈ നേടാനാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് , കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.
കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ എറണാകുളം അസിസ്റ്റന്റ് കലക്ടർ, അടൂർ സബ് കലക്ടർ, കേരള സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കമ്മീഷണർ, കേരള സംസ്ഥാന കോ- ഓപ്പറേറ്റീവ് ബാങ്ക് എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ സെക്രട്ടറി എന്ന നിലയിൽ ഫാസ്റ്റ് ട്രാക്ക് പ്രോജക്ടുകൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളും ഗ്യാനേഷ് കുമാർ കൈകാര്യം ചെയ്തിട്ടുണ്ട്.
1964 ജനുവരി 27 ന് ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലാണ് ഗ്യാനേഷ് കുമാർ ജനിച്ചത്. ഐഐടി കാൺപൂരിൽ നിന്ന് അദ്ദേഹം സിവിൽ എഞ്ചിനീയറിംഗിൽ ബിടെക് പൂർത്തിയാക്കി.ഇന്ത്യയിലെ ഐസിഎഫ്എഐയിൽ നിന്ന് ബിസിനസ് ഫിനാൻസും യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ എച്ച്ഐഐഡിയിൽ നിന്ന് പരിസ്ഥിതി സാമ്പത്തിക ശാസ്ത്രവും പഠിച്ചു
Recent Comments