ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫിലേക്ക് പോയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങിപ്പോകാനുള്ള ആലോചന തുടങ്ങിയതായി സംസാരം. കോട്ടയത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് പരാജയപ്പെടുമെന്നുള്ള എക്സിറ്റ് പോള്‍ പ്രവചനങ്ങളും, ഒഴിവുവന്ന രാജ്യസഭാ സീറ്റ് ലഭിക്കില്ലെന്നുള്ള സൂചനയുമാണ് ആലോചനകള്‍ക്ക് അടിസ്ഥാനം.
2021ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എല്‍ഡിഎഫിലേക്ക് പോയ പാര്‍ട്ടിക്ക് ആ തിരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. 1965 മുതല്‍ 2019ല്‍ മരിക്കുംവരെ കെഎം മാണിയെ മാത്രം വിജയിപ്പിച്ചു പാരമ്പര്യമുള്ള പാലാ മണ്ഡലം 2021ല്‍ പാര്‍ട്ടി എല്‍ഡി എഫിലേക്ക് പോയപ്പോള്‍ അതേ മാണിയുടെ മകനെ കൈവിടുന്ന കാഴ്ചയാണ് കേരളം കണ്ടത്.
അതിന് ശേഷം ഇപ്പോള്‍ കോട്ടയവും മാണി കോണ്‍ഗ്രസിനെ കൈവിടുന്നു. 2009ലും 2014ലും ജോസ് കെ. മാണിയെയും 2019ല്‍ തോമസ് ചാഴികാടനെയും യുഡിഎഫ് ടിക്കറ്റില്‍ വിജയിപ്പിച്ച കോട്ടയം, പാര്‍ട്ടി എല്‍ഡിഎഫിലേക്ക് പോയപ്പോള്‍ ചാഴികാടനെ വിട്ട് ഫ്രാന്‍സിസ് ജോര്‍ജിനയാണ് സ്വീകരിക്കുന്നത്.
അതോടെ കേരളകോണ്‍ഗ്രസിന്റെ ഈറ്റില്ലമായ കോട്ടയം തങ്ങളെ കൈവിടുകയാണ് എന്ന് ചിന്തിക്കുന്ന ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ്കൂടി ലഭിക്കാതെ വന്നാല്‍ മുഖം നഷ്ടമാകും എന്നുള്ളകാര്യം ഉറപ്പാണ്.
രാജ്യസഭയ്ക്കു പകരം കാബിനറ്റ് റാങ്കോടെ മറ്റെന്തുപദവി നല്കിയാലും അതുകൊണ്ട് നഷ്ടപ്പെടുന്ന മുഖം വീണ്ടെടുക്കാമെന്ന് ജോസ് കെ മാണി കരുതുന്നില്ല. റോഷി അഗസ്റ്റിന് മന്ത്രിയായി തുടരുമ്പോള്‍ പ്രത്യേകിച്ചും.
ഈ ഒരു പശ്ചാത്തലത്തിലാണ് ഒരു മടക്കയാത്രയെക്കുറിച്ചുള്ള ഗൗരവമായ ചിന്തകള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മടങ്ങിപ്പോകണം എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. അങ്ങനൊരു മടക്കയാത്ര നടത്തിയാല്‍ സംഭവിച്ചേക്കാവുന്ന രണ്ടുകാര്യങ്ങള്‍ പാര്‍ട്ടി മുന്‍കൂട്ടി കാണുന്നുണ്ട്. ഒന്ന്, പാര്‍ട്ടിയെ ഒരു പിളര്‍പ്പിലേക്കു നയിച്ച് റോഷി അഗസ്റ്റിന് എല്‍ ഡി എഫിനോടൊപ്പം നില്ക്കും. രണ്ട്, മടങ്ങിവരുന്ന ജോസ് കെ മാണിക്ക് പാലാ സീറ്റ് തിരിച്ചു നല്കാന് യുഡിഎഫ് നിര്‍ബന്ധിതരാകും. കാരണം, മടങ്ങിവരുന്ന ജോസ് കെ മാണിക്ക് പാലായില്‍ വിജയിച്ചു മന്ത്രയായെ പറ്റു. പിതാവ് ദീര്‍ഘാകാലം കുത്തകയാക്കിവച്ച മണ്ഡലം തന്നെ വേണം എന്ന് ജോസ് കെ. മാണി വാശി പിടിച്ചാല്‍ യുഡിഎഫ് വഴങ്ങേണ്ടി വരും.
അപ്പോള്‍ മാണി സി. കാപ്പന് മണ്ഡലം മാറേണ്ടി വരും. ഇല്ലെങ്കില്‍, ശേഷം ചിന്ത്യം.
Recent Comments