കേരളത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപം കൊള്ളുന്നു. സമദൂരം പറഞ്ഞിരുന്ന എൻ എസ് എസ് 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ സാധ്യത.
ഒരു കാലത്ത് എൻ എസ് എസ് കോൺഗ്രസിനോടോപ്പമായിരുന്നു. അന്ന് കെ കരുണാകരൻ കോൺഗ്രസിനെ നയിച്ചിരുന്ന കാലമായിരുന്നു. എൻഎസ്എസ്, എൻ ഡി പി എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും കോൺഗ്രസിന്റെ സഖ്യ കക്ഷിയാകുകയും ചെയ്തിട്ടുണ്ട്. കരുണാകരന്റെ മന്ത്രിസഭയിൽ കെജിആർ കർത്ത ആരോഗ്യമന്ത്രിയായി. എൻഎസ്എസ് കോൺഗ്രസിൻ്റെ ഒരു പോഷക സംഘടന എന്ന് തോന്നുന്ന രീതിയിലാണ് പ്രവർത്തനംനടത്തിയിരുന്നുന്നത് .അങ്ങനെ കോൺഗ്രസുമായി എൻഎസ്എസിനു ഒരുകാലത്ത് ഊഷ്മളമായ ബന്ധമായിരുന്നു .അത് തകർന്നത് കരുണാകരനെ മാറ്റി എ കെ ആന്റണി കോൺഗ്രസിന്റെയും ഭരണത്തിന്റെയും തലപ്പത്ത് വന്നതോടെയാണ്. ഉമ്മൻ ചാണ്ടി എത്തിയതോടെയാണ് അതിനൊരു മാറ്റം സംഭവിച്ചത് .ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് രമേശ് ചെന്നിത്തലക്ക് താക്കോൽ സ്ഥാനം നൽകണമെന്ന് എൻഎസ്എസ് വാശിപിടിച്ചപ്പോൾ രമേശിനെ ഉമ്മൻ ചാണ്ടി ആഭ്യന്തര വകുപ്പ് മന്ത്രിയാക്കുവാൻ നിർബന്ധിതനായി.തന്റെ വിശ്വസ്തനായ തിരുവഞ്ചൂരിനെ മാറ്റിയാണ് രമേശിനെ തൽസ്ഥാനത്ത് ഉമ്മൻ ചാണ്ടി പ്രതിഷ്ഠിച്ചത് .
എൻഎസ്എസ് രമേശ് ചെന്നിത്തലക്കുവേണ്ടി വാദിക്കാൻ തുടങ്ങിയതോടെരമേശ് ചെന്നിത്തലയെ നായർ എന്ന ലേബൽ കുത്തി .അത് രമേശിനു രാഷ്ട്രീയമായ തിരിച്ചടിയായി. മതേതരനാണെന്ന് തെളിയിക്കുവാൻ രമേശ് ഒടുവിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ തള്ളിപ്പറയുവാൻ നിർബന്ധിതനായി. അതോടെയാണ് എൻഎസ്എസും രമേശും തമ്മിലകന്നത് .എട്ടു വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് അവർ തമ്മിലുള്ള ഐക്യം വീണ്ടും ഉണ്ടായത്.തുടർന്ന് രമേശിനെ മന്നം ജയന്തി ഉദ്ഘാടനം ചെയ്യുവാൻ ക്ഷണിക്കുകയും അദ്ദേഹം ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.നേരത്തെ രമേശിനെ തള്ളി ശശി തരൂരിനെ കൊണ്ടാണ് എൻഎസ്എസ് മന്നം ജയന്തി ഉദ്ഘാടനം ചെയ്യിപ്പിച്ചത് .
2026 ൽ യുഡിഎഫിനു ഭരണം കിട്ടുമെന്ന വിശ്വാസത്തിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പലരും രംഗത്തിറങ്ങി കഴിഞ്ഞു.അതിൽ അഞ്ചു പേരും നായർ സമുദായ അംഗങ്ങളാണ് .രമേശ് ചെന്നിത്തല, ശശി തരൂർ, വി ഡി സതീശൻ, കെ സി വേണുഗോപാൽ, കെ മുരളീധരൻ എന്നിവരാണവർ. ഇവരിൽ രമേശ് ചെന്നിത്തലക്കാണ് എൻഎസ്എസിന്റെ പിന്തുണ.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരോക്ഷ പിന്തുണയും രമേശിനാണ് .എന്നാൽ വരാൻ പോകുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ എസ്എൻഡിപി പിന്തുണക്കുക എൽഡിഎഫിനെയോ ബിജെപിയെയോയായിരിക്കുമെന്നാണ് നിഗമനം .
ഈയിടെ പിണറായി വിജയൻറെ സനാതന ധര്മത്തെക്കുറിച്ചുള്ള അഭിപ്രായത്തെ തുടർന്ന് ജി സുകുമാരൻ നായർ നടത്തിയ പ്രസ്താവന എസ്എൻഡിപി യോഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട് .സുകുമാരൻ നായരുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.
“ക്ഷേത്രാചാരങ്ങളിൽ എൻഎസ്എസിനെ ഉപദേശിക്കാനുള്ള അവകാശം ശിവഗിരി മഠത്തിനില്ല ”
എസ്എൻഡിപി രൂപീകരിച്ച ബിഡിജെഎസ് ബിജെപി സഖ്യം വിട്ട് യുഡിഎഫിൽ പോകുമോ എൽഡിഎഫിൽ ചേരുമോ എന്ന് ഇനിയും വ്യക്തമല്ല .അതിനെ ആശ്രയിച്ചായിരിക്കും എസ്എൻഡിപിയുടെ തീരുമാനം .ബിഡിജെഎസിനു കേന്ദ്രത്തിൽ സ്ഥാനങ്ങൾ നൽകി ബിജെപിയിൽ പിടിച്ചു നിർത്തുവാൻ ബിജെപിയും ശ്രമിക്കുന്നുണ്ട് .
ഒരുകാലത്ത് എസ്എൻഡിപി രൂപീകരിച്ച എസ് ആർ പി എന്ന രാഷ്ട്രീയ സംഘടന കോൺഗ്രസിന്റെ ഭാഗമായിരുന്നു.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എസ് ആർ പിയുടെ ശ്രീനിവാസൻ എക്സൈസ് മന്ത്രിയായിട്ടുണ്ട് .കോൺഗ്രസിനോടാണ് എസ്എൻഡിപി മമത കാണിച്ചത് .അത് തകർന്നത് എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് .1995 ഒക്ടോബർ മാസം 11 നു പോലീസ് സംഘം ശിവഗിരിയിലേക്ക് ഇരച്ചു കയറി.പിന്നെ അത് കലാപമായി മാറി.അന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി എ എസ് പ്രതാപ് സിങ്ങായിരുന്നു.ലാത്തിച്ചാർജിൽ സന്യാസിമാർക്കടക്കം പരിക്കേറ്റു.ശിവഗിരി മഠത്തിനും കേടുപാടുകൾ ഉണ്ടായി.ശിവഗിരി ആശ്രമത്തിലെ രണ്ടു വിഭാഗം സന്യാസിമാർ തമ്മിലുണ്ടായ അധികാര തർക്കത്തിൽ ഹൈക്കോടതി വിധി നടപ്പിലാക്കുവാനാണ് പോലീസ് ശിവഗിരിയിൽ പ്രവേശിച്ചത്.
ശിവഗിരിയിലുണ്ടായ പോലീസ് അതിക്രമത്തിൽ വൻ പ്രതിഷേധമുണ്ടായി .അതോടെയാണ് എ കെ ആന്റണിക്കും കോൺഗ്രസിനും എസ എൻ ഡി പി യോഗം എതിരായത്.തുടർന്ന് എൽഡിഎഫിനനുകൂല നിലപാടാണ് സ്വീകരിച്ചത് .വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായപ്പോഴും ഈ നിലപാട് തുടർന്നു .കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ എസ്എൻഡിപി നേതൃത്വവും വെള്ളാപ്പള്ളി നടേശനും ബിജെപിക്കനുകൂലമായിരുന്നു.ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെ വിജയിപ്പിക്കുവാൻ വെള്ളാപ്പള്ളി പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്തു .എസ്എൻഡിപിയുടെ ഈ നിലപാടോടെയാണ് ഈഴവ വോട്ടുകൾ സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ഒഴുകിയത്.അത് വാസ്തവുമാണ് .ഇക്കാര്യം സിപിഎമ്മും സമ്മതിച്ചിട്ടുണ്ട്.
ഹിന്ദു സമൂഹത്തിലെ ബദ്ധ ശത്രുക്കളാണ് എൻഎസ്എസും എസ്എൻഡിപിയും . എൻഎസ്എസ് എന്ത് നിലപാട് എടുക്കുന്നുവോ അതിനെതിരെയായിരിക്കും എസ്എൻഡിപിയുടെ നിലപാട് .എൻഎസ്എസും എസ്എൻഡിപിയും പലപ്പോഴും മിത്രങ്ങളായും ശത്രുക്കലായും പ്രവർത്തിച്ചിട്ടുമുണ്ട്.എൻഎസ്എസിന്റെ ആചാര്യനായ മന്നത്ത് പത്മനാഭൻ എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ആർ ശങ്കറുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്തിട്ടുണ്ട്.അതുപോലെയാണ് വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായരും.ഏതായാലും അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ എൻഎസ്എസ് യുഡിഎഫിനെയും എസ്എൻഡിപി എല്ഡിഎഫിനെയോ ബിജെപിയെയോ സഹായിക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുക .
Recent Comments