ഏപ്രില്‍ 14 ന് റിലീസ് ചെയ്ത്, ആഗോളതലത്തില്‍ 1000 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ് കെജിഎഫ് 2. ചിത്രത്തിന്റെ ആവേശം അവസാനിക്കും മുന്‍പ് മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍.
കെജിഎഫ് 3 ലൂടെ മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. മാര്‍വലിന്റെ തന്നെ ഡോക്ടര്‍ സ്ട്രേഞ്ച്, അല്ലെങ്കില്‍ സ്പൈഡര്‍ മാന്‍ എന്നീ സിനിമകളില്‍ സംഭവിച്ചത് പോലെ, വ്യത്യസ്ത സിനിമകളില്‍ നിന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഒരു പുതിയ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിക്കും. അതിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാനുമാണ് ലക്ഷ്യം വയ്ക്കുന്നത്, എന്ന് വിജയ് കിരഗന്ദൂര്‍ പറഞ്ഞു.
കെജിഎഫ് ഇരു ഭാഗങ്ങളുടെയും സംവിധായകനായ പ്രശാന്ത് നീല്‍ നിലവില്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറിന്റെ തിരക്കിലാണ്. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ സലാറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെയെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ ‘കെജിഎഫ് ചാപ്റ്റര്‍ 3’യുടെ ചിത്രീകരണം ആരംഭിക്കും. 2024 ല്‍ ചിത്രം റിലീസ് ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നും സലാറിന്റെയും നിര്‍മ്മാതാവ് കൂടിയായ വിജയ് കിരഗന്ദൂര്‍ അറിയിച്ചു. വന്‍ ബജറ്റിലൊരുങ്ങുന്ന സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Recent Comments