മലയാളത്തിന്റെ കിംഗ് മേക്കറിന് ഇന്നലെ 32 തികഞ്ഞു. കിംഗ് മേക്കറിനെക്കുറിച്ച് സംശയം വേണ്ട. അത് സംവിധായകന് ഷാജി കൈലാസാണ്. ഷാജിക്ക് ഇന്നലെ 32 വയസ്സ് തികഞ്ഞുവെന്ന് ആരും ധരിച്ചു വശരാകരുത്. മറിച്ച് അദ്ദേഹം സിനിമാജീവിതം തുടങ്ങിയിട്ട് 32 വര്‍ഷങ്ങള്‍ ആകുന്നുവെന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ.
ഇന്നലെ ഷാജി കൈലാസ് തന്നെയാണ് ഈ വാര്‍ത്ത ആദ്യം പുറത്ത് വിട്ടതും, തന്റെ ഫെയ്സ്ബുക്കിലൂടെ. ആദ്യചിത്രമായ ന്യൂസിന്റെ പത്രക്കട്ടിംഗാണ് അദ്ദേഹം പോസ്റ്റ് ചെയ്തതിരുന്നത്.
ബാലു കിരിയത്തിന്റെ കീഴില്‍ സംവിധാന സഹായിയായി തുടങ്ങിയ ഷാജി കൈലാസിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു അത്. ജഗദീഷായിരുന്നു ന്യൂസിന്റെ തിരക്കഥാകൃത്ത്. സുരേഷ് ഗോപി നായകനും. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരുന്നു. ആ ചലച്ചിത്രം വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും പിന്നീടുള്ള ഷാജിയുടെ സിനിമാജീവിതത്തെ കെട്ടിപ്പടുത്തുയര്‍ത്തിയ അടിസ്ഥാന ശിലാപാകലായിരുന്നു അത്. ആദ്യകാലത്ത് കുടുംബചിത്രങ്ങളിലൂടെ തുടങ്ങിയ ഷാജി പിന്നീട് മാസ് സിനിമകളുടെ വക്താവായി. തിരക്കഥാകൃത്ത് എഴുതിവച്ചിരിക്കുന്നതിനപ്പുറത്തേയ്ക്ക് തന്റെ ചടുലമായ ഷോട്ട്സുകളിലൂടെ സിനിമയെ ആദ്യാന്തം വിസ്മയിപ്പിച്ച ചലച്ചിത്രകാരനാണ് ഷാജി കൈലാസ്. ഒരിക്കല്‍ സംവിധായകനുപകരം ഷോട്ട്സ് എന്ന് ക്രെഡിറ്റ് ലിസ്റ്റില്‍ രേഖപ്പെടുത്തിയ ഏക സംവിധായകനും ഷാജി മാത്രമാണ്. അത് പിന്നീട് ഒരുപാട് വിവാദങ്ങളിലേയ്ക്ക് നയിച്ചെങ്കിലും ഇന്നും അദ്ദേഹം സൃഷ്ടിച്ച അസംഖ്യം ഷോട്ട്സുകളുടെ പ്രേതരൂപങ്ങളാണ് നമ്മുടെ പല എസ്റ്റാബ്ലിഷ്ഡ് ഡയറക്ടേഴ്സടക്കം ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
ഡോ. പശുപതിയും തലസ്ഥാനവും സ്ഥലത്തെ പ്രധാന പയ്യന്‍സും ഏകലവ്യനും മാഫിയയും കമ്മീഷണറും ആറാംതമ്പുരാനും ദി കിങ്ങും വല്യേട്ടനും നരസിംഹവും സൃഷ്ടിച്ച ഷാജി കൈലാസ് മലയാളസിനിമയില്‍നിന്ന് ഒരു ഇടവേള എടുത്തുവെങ്കിലും ‘എലോണി’ലൂടെയും ‘കടുവ’യിലൂടെയും തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കിയിരിക്കുകയാണ് അദ്ദേഹം.
ഇന്നലെ കടുവയുടെ സെറ്റിലാണ് ഷാജികൈലാസ് സിനിമാജീവിതത്തിന്റെ 32 വര്‍ഷം ആഘോഷിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ഒരുക്കങ്ങള്‍. തിരക്കഥാകൃത്ത് ജിനു എബ്രഹാമായിരുന്നു എല്ലാറ്റിനും ചുക്കാന്‍ പിടിച്ചത്. പൃഥ്വിരാജും ബൈജും അലന്‍സിയറും നിര്‍മ്മാതാവ് ലിസ്റ്റിനും ആ മനസ്സിനൊപ്പം ചേര്‍ന്നുനിന്നു. കേക്ക് മുറിക്കാനെത്തിയപ്പോള്‍ മാത്രമാണ് ആ സസ്പെന്‍സ് ഷാജിയും തിരിച്ചറിഞ്ഞത്. കേക്ക് മുറിക്കുമ്പോള്‍ കിംഗ് മേക്കറുടെ മുഖം സന്തോഷംകൊണ്ട് തിളങ്ങിയിരുന്നു. ഇനിയും അനവധി ഹിറ്റുകള്‍ സൃഷ്ടിക്കാനുള്ള നാന്ദിയാകട്ടെ അത്.
Recent Comments