ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു കിരണ്‍ നാരായണന് സംവിധാനം ചെയ്ത ഒരു ബിരിയാണി കിസ്സ. ഒരു നാടിന്റെ അനുഷ്ഠനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. തന്റെ ആദ്യ സംരംഭത്തിനുശേഷം കിരണ്‍ നാരായണന് ഒരു പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ്.
ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കഥയാണ് ഇത്തവണ കിരണ്‍ നാരായണന് പറയുന്നത്. സുപ്പര്‍മാന്റെ കഥകള്‍ വായിച്ചും കേട്ടറിഞ്ഞും നെഞ്ചിലേറ്റിയ നാലു കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. സൂപ്പര്‍മാനെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നതാണ് അവരുടെ ആഗ്രഹം. അതിനായി അവര്‍ സഹായം തേടുന്നത് നാട്ടില്‍ തന്നെ സിനിമാ സംവിധായകനാകുനുള്ള മോഹവുമായി നടക്കുകയും ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യുകയും ചെയ്തിട്ടുള്ള ഒരു യുവാവിന്റെ അടുത്താണ്. കുട്ടികളുടെ ഈ ആഗ്രഹത്തിനൊപ്പം ആ യുവാവും ഇറങ്ങിത്തിരിക്കുന്നു. ഇതിനുവേണ്ടി അവര്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
വിഷ്ണു ഉണ്ണികൃഷ്ണനാണ് സംവിധായകവേഷം ചെയ്യുന്നത്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായ ശീ പദ്, ധ്യാന്‍ നിരഞ്ജന്, വിസാദ് കൃഷ്ണന്, അറിഷ് എന്നിവരാണ് കുട്ടിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, വിജിലേഷ്, ബിനു തൃക്കാക്കര, അഞ്ജലി നായര്‍ എന്നിവരും താരനിരയിലുണ്ട്. കിരണ്‍ നാരായണന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം ഫൈസല്‍ അലി, എഡിറ്റിംഗ് അയൂബ് ഖാന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഷിബു രവീന്ദ്രന്, അസ്സോസിയേറ്റ് ഡയറക്ടര്‍ സഞ്ജയ് കൃഷ്ണന്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രമോഹന് എസ്.ആര്., ഏപ്രില്‍ ഇരുപത്തിയൊന്ന് മുതല്‍ കോഴിക്കോട്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി.ആര്.ഒ വാഴൂര്‍ ജോസ്.
Recent Comments