‘കാട്ടുകുതിര എന്ന സിനിമയ്ക്കുശേഷം അച്ഛന് (എസ്.എല്‍. പുരം സദാനന്ദന്) അതിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു. വണ്‍ലൈനിന്റെ ആദ്യ പകുതിവരെ പൂര്‍ത്തിയാക്കി. നാലഞ്ച് സീനുകള്‍ എഴുതുകയും ചെയ്തിരുന്നു. അതിനുശേഷമാണ് അച്ഛന് മരിക്കുന്നത്. ശരിക്കും അച്ഛനെഴുതി അവസാനിപ്പിച്ചിടത്തുനിന്നാണ് ഞാന്‍ തുടങ്ങുന്നത്. ഇത് കാട്ടുകുതിര എന്ന സിനിമയുടെ രണ്ടാംഭാഗമല്ല. അതിലെ കേന്ദ്രകഥാപാത്രമായ കൊച്ചുവാവയുടെ കഥയാണ്. ഇന്നത്തെ കാലത്ത് കൊച്ചുവാവ വന്നാല്‍ അദ്ദേഹം എന്തൊക്കെ പ്രവര്‍ത്തിക്കും അതിനെതിരെയുള്ള ആളുകളുടെ പ്രതികരണമെന്തായിരിക്കും എന്നൊക്കെയുള്ള കാര്യങ്ങളാണ് സിനിമ സംസാരിക്കുന്നത്. സത്യത്തില്‍ കൊച്ചുവാവ നാരാണത്തുഭ്രാന്തനെപ്പോലെയാണ്. കൊച്ചുവാവ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് അയാള്‍ ഭ്രാന്ത് പറയുകയാണെന്നേ തോന്നൂ. ഒന്നിരുത്തി ചിന്തിച്ചാല്‍ അയാള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കാം. ആക്ഷേപഹാസ്യത്തിലൂടെയാണ് കൊച്ചുവാവ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്.’ ജയസോമ പറയുന്നു.
ജയസോമയാണ് പുതിയ കൊച്ചുവാവയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
‘തിലകനെപ്പോലൊരു മഹാനായ നടന് ചെയ്ത് പ്രതിഫലിപ്പിച്ച വേഷമാണ് കൊച്ചുവാവയുടേത്. മമ്മൂട്ടിയും മോഹന്‍ലാലും അരങ്ങ് വാഴുന്ന സമയത്തുതന്നെയാണ് തിലകന്ചേട്ടന് കൊച്ചുവാവയെ അതിഗംഭീരമാക്കിയത്. അങ്ങനെയൊരു കഥാപാത്രത്തെ പുനസൃഷ്ടിക്കുമ്പോള്‍ എന്റെ മുന്നിലുണ്ടായിരുന്നത് സിദ്ധിഖ് എന്ന നടന് മാത്രമായിരുന്നു. പക്ഷേ സിനിമയുടെ വ്യാവസായിക താല്‍പ്പര്യങ്ങളും നിര്‍മ്മാതാവിന്റെ സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ മറ്റു ചിലരെ തേടിപ്പോയി എന്നത് സത്യമാണ്. പക്ഷേ അവരെല്ലാം പറഞ്ഞത് തിലകന് ചെയ്തുവച്ചിരുന്ന വേഷം തങ്ങള്‍ക്ക് ചെയ്യാന്‍ ഭയമാണെന്നാണ്. പക്ഷേ സിദ്ധിഖ് മാത്രമാണ് തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നോട്ട് വന്നത്.’
‘കാട്ടുകുതിര എന്ന നാടകം നടക്കുമ്പോള്‍ ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുകയാണ്. അത് സിനിമയാകുമ്പോള്‍ പന്ത്രണ്ടാംക്ലാസിലും. സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. തിലകന് ചേട്ടന് ഡയലോഗുകള്‍ പറഞ്ഞുകൊടുക്കുന്നതാണ് എന്റെ ജോലി. ഇവിടെ അടുത്ത് കടക്കര പള്ളി എന്നൊരു ഗ്രാമമുണ്ട്. അവിടുത്തെ ഈഴവര്‍ സംസാരിച്ചിരുന്ന ഭാഷയാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. അത് ഉച്ഛരിക്കുന്നതില്‍ ചെറിയ വ്യത്യാസമുണ്ടായാല്‍ അത് കടപ്പുറം ഭാഷയാകും. അതിന്റെ ഡയലക്ട് കൃത്യമായി പറഞ്ഞുകൊടുക്കലായിരുന്നു എന്റെ ഉത്തരവാദിത്വം. ആ ഭാഷതന്നെയാണ് എന്റെ സിനിമയിലും കൊച്ചുവാവ സംസാരിക്കുന്നത്. ആ ഭാഷയില്ലെങ്കില്‍ കൊച്ചുവാവയും ഇല്ല.’
‘ഇതെന്റെ ആദ്യ സംവിധാന സംരംഭമാണ്. എനിക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളികളാണെന്നറിയാം. അച്ഛന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണിത്. അതാണ് ഞാനെടുത്ത് ചെയ്യുന്നത്. ചെറിയ പാളിച്ചയെങ്കിലും സംഭവിച്ചാല്‍ ഞാനെന്ന ഡയറക്ടര്‍ മലയാളസിനിമയിലുണ്ടാകില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് അത്രയും കരുതലോടെയാണ് നീങ്ങുന്നത്. താരനിര്‍ണ്ണയവും നടന്നുവരികയാണ്. എല്ലാം വൈകാതെ തീരുമാനിക്കപ്പെടും.’ ജയസോമ പറഞ്ഞു.
കൊച്ചുവാവ എന്ന കഥാപാത്രം തേടിവന്നതിനെക്കുറിച്ച് സിദ്ധിഖിനോട് പ്രതികരണമാരായുമ്പോള് അദ്ദേഹം ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു. ‘ഇതൊരു നിയോഗമല്ലെങ്കില്‍ മറ്റെന്താണ്.’
Recent Comments