മലയാളസിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് കൊക്കേഴ്സ് ഫിലിംസ്. സിയാദ് കോക്കറായിരുന്നു അതിന്റെ സാരഥി. ‘കൂടും തേടി’യില്‍ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവര്ക്ക് സമാധാനം, പട്ടണപ്രവേശം, മഴവില്‍ക്കാവടി, ഒരു മറവത്തൂര്‍ കനവ്, സമ്മര്‍ ഇന്‍ ബത്ലഹേം, ദേവദൂതന് തുടങ്ങി മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങള്‍ പുറത്ത് വന്നത് കോക്കേഴ്സ് ഫിലിംസിലൂടെയായിരുന്നു. ഏറ്റവുമൊടുവിലായി വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ‘കുറി’ എന്ന ചിത്രവും അവര്‍ നിര്‍മ്മിച്ചു. അതുപക്ഷേ കോക്കേഴ്സ് മീഡിയ എന്റര്ടെയിന്മെന്റ്സ് എന്ന ബാനറിലായിരുന്നു.
നിര്‍മ്മാണ രംഗത്തും, ഡിസ്ട്രിബൂഷന്‍ മേഖലയിലും തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനായി അവര്‍ നല്കിയ പുതിയ പേരാണ് ‘കോക്കേഴ്സ് മീഡിയ എന്റര്ടെയിന്മെന്റ്സ്’. സിയാദ് കോക്കറിന്റെ മകള്‍ ഷെര്മ്മീന് സിയാദാണ് ഈ ബ്രാന്റിന്റെ അമരക്കാരി. വന്‍ താരനിരയില്‍ മൂന്നിലേറെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് കോക്കേഴ്സ് മീഡിയ 2023 ല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒപ്പം ചില വമ്പന്‍ ചിത്രങ്ങളുടെ വിതരണവും കോക്കേഴ്സ് ഫിലിം ഏറ്റെടുക്കും.
സിനിമാ നിര്‍മ്മാണത്തിനും വിതരണത്തിനും പുറമെ സിനിമാ മാര്‍ക്കറ്റിംഗ്, പ്രൊഡക്ഷന്‍ കണ്സള്ട്ടേഷന് & സെയില്‍സ് തുടങ്ങിയ മേഖലകളിലേക്കും കോക്കേഴ്സ് മീഡിയ ശ്രദ്ധ വ്യാപിപ്പിക്കും. അതിനായി പ്രാഗത്ഭ്യമുള്ള ഒരു ടീം തന്നെ ഇതിനോടകം കോക്കേഴ്സിന്റെ കീഴില്‍ സജ്ജമായി കഴിഞ്ഞു. ‘www.kokers.in’ എന്ന വെബ്സൈറ്റിലൂടെ കോക്കേഴ്സിനെ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താപ്രചരണം: പി. ശിവപ്രസാദ്.
Recent Comments