കഴക്കൂട്ടം -കണ്ണൂര്‍ ഐടി കൊറിഡോര്‍ പദ്ധതിയുടെ ഭാഗമായുള്ള ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ കൊല്ലം നഗരഹൃദയത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന പാര്‍വതി മില്ലിന്റെ സ്ഥലം അനുവദിപ്പിച്ചു നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍വഹണ ഏജന്‍സിയായ ഐടിഐഎല്‍ കത്ത് നല്കി.
ഒരുകാലത്ത് കൊല്ലം നഗരത്തിന്റെ ജീവതാളമായിരുന്നു എ ഡി കോട്ടണ്‍ മില്‍ എന്നും പാര്‍വതിമില്‍ എന്നും അറിയപ്പെട്ടിരുന്ന ഈ ടെക്സ്റ്റയില്‍ മില്‍. അന്നും അതിന് ശേഷം എന്‍ ടി സി ഏറ്റെടുത്ത ശേഷവും കൊല്ലം നഗരത്തിന്റെ ജീവതാളമായിരുന്ന ഈ മില്ലിന് പറയുവാന്‍ നിരവധിയായ തൊഴിലാളി വര്‍ഗ്ഗ സമര ചരിത്രങ്ങളുണ്ട്. എന്‍. ശ്രീകണ്ഠന് നായരെയും ടി കെ ദിവാകരനെയും പോലുള്ള രാഷ്ട്രീയ മഹാമേരുക്കളുടെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിരുന്നു ഈ മില്‍.
മൂന്ന് ഷിഫ്റ്റുകളിലായി ആയിരക്കണക്കിന് സ്ത്രീ -പുരുഷ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവിടുത്തെ സൈറണ്‍ കേട്ടായിരുന്നു അന്ന് കൊല്ലം നഗരവും പരിസര പ്രേദേശങ്ങളും ഉറങ്ങിയിരുന്നതും ഉണര്‍ന്നിരുന്നതും. അതുമായി ബന്ധപ്പെട്ട് ഒരു നാടന്‍ പ്രയോഗം തന്നെയുണ്ട്.
എന്നാല്‍ പിന്നീട് മറ്റ് പല വ്യവസായ സ്ഥാപനങ്ങള്‍ക്കും എന്ന പോലെ ഈ മില്ലിനും താഴ് വീണു. പിന്നീട് പലരും ഈ നഗരഹൃദയഭൂമിയില് കണ്ണുവെച്ചെങ്കിലും എന്തുകൊണ്ടോ നടന്നില്ല. എന്നാല്‍ യുക്തമായ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത് ഡോ. ബിഎ രാജാകൃഷ്ണനെയും തെങ്ങമം ബാലകൃഷ്ണനെയും പോലുള്ളവരാണ്.
വികസനത്തിന് ഭൂമിയില്ലാതെ വീര്‍പ്പുമുട്ടുന്ന കൊല്ലം ജില്ലാ ആശുപത്രിക്കുവേണ്ടി ഈ സ്ഥലം ഏറ്റെടുക്കണമെന്നും ജില്ലാ ആശുപത്രിയില്‍ നിന്ന് ഫ്ളൈ ഓവര്‍ നിര്‍മ്മിച്ച് ഈ സ്ഥലവുമായി ബന്ധിപ്പിക്കണമെന്നും ജില്ലാ ആശുപത്രി, കണ്ണാശുപത്രി, വിക്ടോറിയഹോസ്പിറ്റല്, ടി ബി ഹോസ്പിറ്റല്‍ ഒക്കെക്കൂടി ചേര്‍ത്ത് ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് ആരംഭിക്കണം എന്നുമുള്ളതായിരുന്നു അവരുടെ നിര്‍ദ്ദേശം. പക്ഷെ കൊല്ലത്തെ ഹോസ്പിറ്റല്‍ മാഫിയ ആ നിര്‍ദ്ദേശം ആട്ടിമറിക്കുകയും മെഡിക്കല്‍ കോളേജ് പാരിപ്പള്ളിയിലേക്ക് മാറ്റുകയും ചെയ്തു.
എങ്കിലും ജില്ലാ ആശുപത്രിക്കുവേണ്ടി ഈ സ്ഥലം ഏറ്റെടുത്ത് ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണമെന്നാണ് നിലവിലെ ആവശ്യം. ഇങ്ങനൊരാവശ്യം ഏറെക്കാലമായി നിലവിലുണ്ട്. പഴയ അതേ മാഫിയ അതും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണോ പുതിയനീക്കം എന്നാണ് ജനങ്ങളുടെ സംശയം.
Recent Comments