മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിയെത്തുടർന്ന് ഭരണപ്രതിസന്ധി നേരിടുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വിഭാഗം. അറുപത് അംഗ നിയമസഭയിൽ പത്ത് കുക്കി വിഭാഗം എംഎൽഎമാരുണ്ട്. ഭരണകക്ഷിയായ ബിജെപിയിൽ മാത്രം ഏഴ് പേർ കുക്കി-സോ സമുദായത്തിൽ നിന്നുള്ളവരാണ്.
2023-ൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇവർ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ല. ബിരേൻ സിങ് നേതൃത്വം നൽകുന്ന സർക്കാരുമായി പൂർണമായി വിട്ടുനിൽക്കുകയാണ് ഭരണകക്ഷിയിൽ നിന്നുള്ള ഈ എംഎൽഎമാർ. ബിരേൻ സിംഗിനെ മാറ്റി മെയ്തേയ് സമുദായത്തിൽ നിന്നുള്ള മറ്റൊരു നേതാവിനെ നിയമിക്കുന്നത് സ്വീകാര്യമല്ലെന്ന് കുക്കി-സോ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു . സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ നിലവിലെ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണമാണ് ഉചിതമെന്നും ഇവർ വ്യക്തമാക്കി
ബിരേൻ സിങിന്റെ രാജിയെത്തുടർന്ന് മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ബിജെപിയിൽ ഊർജ്ജിതമായി തുടരുകയാണ് . ബിജെപി എംഎൽഎമാരുടെ യോഗം ഇന്ന്(11 -2 -2025 ) ചേരും. പ്രശ്നപരിഹാരത്തിനായി എംഎൽഎമാരെ ബിജെപി കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
സമവായത്തിനായി നേതാക്കളും എംഎൽഎമാരുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത് പത്ര ചർച്ചകൾ തുടരുന്നുണ്ട് . 48 മണിക്കൂറിനകം പുതിയ സർക്കാരിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സാംബിത് പത്ര സുചിപ്പിച്ചു.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ സമവായത്തിൽ എത്താനായില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കും. പുതിയ സർക്കാർ രൂപീകരിക്കാനാണ് ബിജെപി നേതൃത്വം ആഗ്രഹിക്കുന്നത്. ബിരേൻ സിങ് ഒഴികെ ഏതു നേതാവിനെയും അംഗീകരിക്കുമെന്ന് എൻഡിഎ സഖ്യകക്ഷിയായ എൻപിപി വ്യക്തമാക്കിയിട്ടുണ്ട്.
Recent Comments