മണിക്കൂറുകള്‍ക്ക് മുമ്പാണ് മകന് ഇസഹാക്കിന് ഉമ്മ നല്കുന്ന ഭാവനയുടെ ചിത്രം ചാക്കോച്ചന് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയും ഭാവനയ്ക്കും ഇസഹാക്കിനുമൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഭാവന കാഞ്ഞങ്ങാട് എത്തിയത് ഇമ്മാനുവല്‍ സില്‍ക്കിന്റെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു. അവര്‍ താമസിച്ചിരുന്നത് നീലേശ്വരത്തുള്ള നളന്ദ റിസോര്‍ട്ടിലും.
രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡാണ് കുഞ്ചാക്കോ ബോബന് ഉള്ളത്. ചാക്കോച്ചന് കുടുംബസമേതം താമസിക്കുന്നതും നളന്ദ റിസോര്‍ട്ടിലാണ്.
എന്നാല്‍ ഭാവന റിസോര്‍ട്ടിലെത്തുമ്പോള്‍ ചാക്കോച്ചന് ലൊക്കേഷനിലേയ്ക്ക് പോയ്ക്കഴിഞ്ഞിരുന്നു. ഇസഹാക്കിനെ കണ്ടപ്പോള്‍ ഭാവന അവനെ വാരിയെടുത്ത് ഉമ്മ നല്കി. പ്രിയയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു. ഈ ഫോട്ടോകളാണ് ചാക്കോച്ചനും പ്രിയയും കുറച്ചുമുമ്പ് അവരുടെ സോഷ്യല്‍ പേജിലൂടെ പോസ്റ്റ് ചെയ്തത്.
‘എന്റെ സുഹൃത്തിനെ എനിക്ക് മിസ്സ് ചെയ്തു. എന്റെ മകന് ഭാവന ചേച്ചിയുമായുള്ള അവിചാരിതമായ കൂടിക്കാഴ്ചയ്ക്ക് ഭാഗ്യമുണ്ടായി. അവരെ കൂടുതല്‍ കരുത്തോടെയും സന്തോഷത്തോടെയും കണ്ടതില്‍ സന്തോഷം. ഭാവനയ്ക്ക് എന്റെ സ്നേഹവും പ്രാര്‍ത്ഥനകളും.’ ചാക്കോച്ചന് ആ ഫോട്ടോയ്ക്ക് താഴെ കുറിച്ചു.
Recent Comments