‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ 50-ാം ദിനാഘോഷം നടന്നത് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്വച്ചായിരുന്നു. കൊറോണയ്ക്ക് ശേഷം ഇത്തരം ആഘോഷപരിപാടികള്‍ ഏതാണ്ട് നിലച്ചിടത്തുനിന്നാണ് ഈ ചിത്രത്തിന്റെ ആഘോഷപരിപാടികള്‍ അരങ്ങേറിയത്.
തലശ്ശേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് കുഞ്ചാക്കോ ബോബന് ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. രണ്ട് ദിവസം മുമ്പായിരുന്നു ചാക്കോച്ചന്റെ ജന്മദിനം. പക്ഷേ വേദിയില്‍ ചാക്കോച്ചനുവേണ്ടി ഒരു സര്‍പ്രൈസ് അണിയറക്കാര്‍ ഒരുക്കിയിരുന്നു. ചാക്കോച്ചന്റെ ജന്മദിനം കേക്കുമുറിച്ച് ആഘോഷിക്കുകയാണെന്ന് അനൗണ്‍സ് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും ആദ്യം അമ്പരന്നത് ചാക്കോച്ചനായിരുന്നു. ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെല്ലാം വേദിയിലെത്തി.
കേക്ക് മുറിക്കാന്‍ ചാക്കോച്ചന് ഒരുങ്ങുമ്പോഴാണ് തന്റെ മകന് ഇസഹാക്ക് ഒപ്പമില്ലെന്ന് അറിഞ്ഞത്. ഉടനെ ചാക്കച്ചന്‍ മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തി. ‘എന്റെ മകന് ഇസഹാക്ക് ഈ പരിസരത്ത് എവിടെയെങ്കിലുമുണ്ടെങ്കില്‍ വേദിയിലേയ്ക്ക് എത്തണം. നിന്റെ അച്ഛനാടാ വിളിക്കുന്നത്.’ ചാക്കോച്ചന്റെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്.
ചടങ്ങിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ സമയം മുഴുവനും ഇസഹാക്ക്. അവനെ കയ്യോടെ പിടികൂടി സദസ്സിലെത്തിച്ച ശേഷമാണ് ചാക്കോച്ചന് കേക്ക് മുറിച്ചത്.
Recent Comments