സംവിധായകന് ഫെലിനിയെ വിളിക്കുമ്പോള്‍ അദ്ദേഹം ഗോവയിലായിരുന്നു. തീവണ്ടിക്കുശേഷം ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ് നായകന്മാര്. ഒറ്റിന്റെ വിശേഷങ്ങള്‍ അറിയാന്‍കൂടിയാണ് ഫെനിനിയെ വിളിച്ചത്.
രണ്ട് പ്രണയനായകന്മാര്. ഒരാള്‍ കുഞ്ചാക്കോ ബോബന്, മറ്റേയാള്‍ അരവിന്ദസ്വാമി. ഒറ്റിലേയ്ക്ക് ഇവര്‍ കാസ്റ്റ് ചെയ്യപ്പെടാനുണ്ടായ കാരണെന്താണ്?
കഥാപാത്രങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യരാണവര്. അതുകൊണ്ടുമാത്രമാണ് അവരെത്തേടിപ്പോയതും.
ആദ്യം അരവിന്ദ്സ്വാമിയെയോ, അതോ ചാക്കോച്ചനെയോ?
അരവിന്ദ്സ്വാമിയെ തന്നെയാണ്. എന്റെ ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹത്തിന്റെ അടുക്കല്‍ എത്തുന്നത്. ആദ്യം കഥാസംഗ്രഹം ഫോണില്‍ അയച്ചുകൊടുത്തു. ഇഷ്ടമായപ്പോള്‍ ബ്രീഫിംഗിനായി അദ്ദേഹം വിളിച്ചു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. സ്ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ അദ്ദേഹത്തെ വീണ്ടും പോയി കണ്ടു.
ഏറെ ആകാംക്ഷ നിറഞ്ഞതായിരുന്നോ ആദ്യത്തെ കൂടിക്കാഴ്ച?
ഒരു സംവിധായകന് താരത്തോട് കഥ പറയാന്‍ പോകുന്ന മാനസികാവസ്ഥയിലായിരുന്നു ഞാന്‍. പിന്നെ ഇല്ലെന്ന് പറയുന്നില്ല, ഒരു എക്സൈറ്റ്മെന്റ് എനിക്കും ഉണ്ടായിരുന്നു. എന്നെയും കൊതിപ്പിച്ച നടനാണ്. ആ എക്സൈറ്റ്മെന്റ് അല്പ്പനേരത്തേയ്ക്കേ ഉണ്ടായിരുന്നുള്ളൂ. തികഞ്ഞ പ്രൊഫഷണലിസത്തോടെയാണ് അദ്ദേഹം കാര്യങ്ങളെ സമീപിച്ചത്. വളരെ ഫ്രണ്ട്ലിയായിരുന്നു അദ്ദേഹം.
രണ്ട് സുന്ദരന്മാര് നായകന്മാരാകുമ്പോള് തീര്‍ച്ചയായും രണ്ട് സുന്ദരികളായ നായികമാര്കൂടി ഉണ്ടാകേണ്ടതാണ്?
നായികയുണ്ട്. അത് ഒന്നാണോ രണ്ടാണോ മൂന്നാണോ എന്നൊന്നും തല്ക്കാലം പറയുന്നില്ല. പറയാനാകില്ല. അതുകൊണ്ടാണ്.
സംഗീത് ശിവന് സംവിധാനം ചെയ്ത ഡാഡിയും ഭരതന്റെ ദേവരാഗവുമാണ് അരവിന്ദ്സ്വാമി അഭിനയിച്ച മലയാളചിത്രങ്ങള്‍. 96 ലാണ് ദേവരാഗം പ്രദര്‍ശനത്തിനെത്തിയത്. അങ്ങനെ നോക്കിയാല്‍ 25 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അരവിന്ദ്സ്വാമി അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് ഒറ്റ്?
അതെ, മലയാളത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. പല കഥകളും കേട്ടിരുന്നു. ഒന്നും അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കാന്‍ കഴിഞ്ഞില്ലെന്നുവേണം കരുതാന്‍.
ഒറ്റിന്റെ കഥയെന്താണ്?
അടിസ്ഥാനപരമായ സൗഹൃദത്തിന്റെ കഥയാണ്. രണ്ട് പേര്ക്കിടയില് സൗഹൃദം എങ്ങനെ വളരുന്നുവെന്ന് ഒറ്റ് പറയുന്നുണ്ട്. അതിനിടെ ത്രില്ലറിന്റെ ചില അംശങ്ങളും കടന്നുവരുന്നു.
ഒറ്റിന്റെ കഥാകാരനാരാണ്?
സഞ്ജയ് യാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. നിഴലിന്റെയും (ചാക്കോച്ചനും നയന്‍താരയും ജോഡികളാകുന്ന ചിത്രം) കഥാകാരന് സഞ്ജയ് യായിരുന്നു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന പ്രൊജക്ടായിരുന്നു ഇത്. പാന്റമിക് സിറ്റ്വേഷനെത്തുടര്ന്ന് ഷൂട്ടിംഗ് നീണ്ടുപോയതാണ്.
ഷൂട്ടിംഗ് എന്ന് തുടങ്ങും?
മാര്‍ച്ച് ആദ്യം. ഗോവയും മംഗലാപുരവും മുംബയുമാണ് പ്രധാന ലൊക്കേഷന്‍. ഗോവയില്‍ വന്നിരിക്കുന്നതുതന്നെ ലൊക്കേഷന്‍ തേടിയാണ്.
മലയാളത്തിലും തമിഴിലുമായി ഒരേസമയം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ആര്യയും ഷാജി നടേശനും ചേര്‍ന്നാണ്. വിജയ് യാണ് ഛായാഗ്രാഹകന്‍.
Recent Comments