തലമുറകൈമാറ്റത്തിന്റെ നാല് ചിത്രങ്ങള്‍ പങ്കുവച്ചാണ് കുഞ്ചാക്കോ ബോബന് ഇത്തവണത്തെ ഫാദേഴ്സ്ഡേ സോഷ്യല്‍മീഡിയയില്‍ ആഘോഷമാക്കിയത്. നിറഞ്ഞ കൗതുകമുണ്ടായിരുന്നു ആ ചിത്രങ്ങള്‍ക്ക്. ആദ്യചിത്രം യശശ്ശരീരനായ കുഞ്ചാക്കോയുടേത്. രണ്ടാമത്തെ ചിത്രം കുഞ്ചാക്കോയുടെ മകന് ബോബന് കുഞ്ചാക്കോയുടേത്. മൂന്നാമത്തെ ചിത്രം ബോബന് കുഞ്ചാക്കോയുടെ മകന് കുഞ്ചാക്കോ ബോബന്റേത്. നാലാമത്തെ ചിത്രം കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്ക് ബോബന് കുഞ്ചാക്കോയുടേത്. ‘കുഞ്ചാക്കോ പാരമ്പര്യം’ എന്ന തലക്കെട്ടാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ക്ക് നല്‍കിയിരുന്നത്.
ശരിയാണ്, മാളിയംപുരയ്ക്കല്‍ മണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകന് കുഞ്ചാക്കോയാണ് മലയാള സിനിമയെ മദിരാശിയില്‍നിന്ന് സ്വന്തം നാട്ടിലേയ്ക്ക് പറിച്ച് നട്ടവരില്‍ പ്രമുഖന്. നിര്‍മ്മാതാവും സംവിധായകനുമായിരുന്നു. ആദ്യകാലത്ത് കെ. ആന്റ് കെ. പ്രൊഡക്ഷന്റെ ബാനറില്‍ കെ.വി. കോശിയോടൊപ്പം ചേര്‍ന്നാണ് കുഞ്ചാക്കോ സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. വെള്ളിനക്ഷത്രം, നല്ലതങ്ക, ജീവിതനൗക, വിശപ്പിന്റെ വിളി എന്നിവ ഈ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. തുടര്‍ന്നാണ് കുഞ്ചാക്കോ ഉദയാ എന്ന നിര്‍മ്മാണക്കമ്പനി സ്ഥാപിക്കുന്നത്. ആദ്യ നിര്‍മ്മാണചിത്രം അച്ഛന്. അവന് വരുന്നു, കിടപ്പാടം എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. അതിനുശേഷമാണ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. ഉമ്മയാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്തു.
അന്നമ്മയാണ് കുഞ്ചാക്കോയുടെ ഭാര്യ. ഇവരുടെ മകനാണ് ബോബന് കുഞ്ചാക്കോ. ഉദയാ സിനിമകളില്‍ ബാലതാരമായിട്ടാണ് ബോബന് കുഞ്ചാക്കോയുടെ തുടക്കം. കുഞ്ചാക്കോയുടെ മരണശേഷം ബോബന് കുഞ്ചാക്കോയും സംവിധാന രംഗത്തെത്തി. പാലാട്ട് കുഞ്ഞിക്കണ്ണന്, സഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഉദയായുടെ ബനറിലാണ് ഈ ചിത്രങ്ങളും നിര്‍മ്മിച്ചത്. കടുത്ത സാമ്പത്തിക ബാധ്യത ഉദയാ സ്റ്റുഡിയോയുടെ പ്രതാപത്തിനുമേല് കരിനിഴല്‍ വീഴ്ത്തിയ കാലമായിരുന്നു അത്. അതിനുമുമ്പേ ബോബന് കുഞ്ചാക്കോ മോളിയെ വിവാഹം കഴിച്ചിരുന്നു. അവരുടെ മൂത്ത മകനാണ് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോ ബോബന് ഇളയത് രണ്ട് സഹോദരിമാര്‍. അനുവും മിനുവും.
അച്ഛനെപ്പോലെ ബാലതാരമായിട്ടാണ് (ചിത്രം ധന്യ) കുഞ്ചാക്കോബോബന്റെയും അരങ്ങേറ്റം. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ നായകനായി. അന്നുതൊട്ട് ഇന്നോളം മലയാളികളുടെ പ്രിയതാരമായി തുടരുകയാണ് ചാക്കോച്ചനെന്ന കുഞ്ചാക്കോ ബോബന്. ഇതിനിടെ, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമ ഉദയായുടെ ബാനറില്‍ നിര്‍മ്മിച്ചുകൊണ്ട് ചാക്കോച്ചനും ആ പാരമ്പര്യത്തിന്റെ കാവലാളായി.
2005 ലായിരുന്നു കുഞ്ചാക്കോബോബന്റെ വിവാഹം. പ്രിയയാണ് വധു. പ്രണയവിവാഹമായിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ക്കൊരു മകന് പിറന്നു. ഇസഹാക്ക് ബോബന് കുഞ്ചാക്കോ.
കുഞ്ചാക്കോയുടെ പാരമ്പര്യം തുടരേണ്ടത് നാളെ ഇസഹാക്കിലൂടെയാവാം. അത് കാത്തിരുന്നു കാണേണ്ട ചരിത്രമാകുന്നു.
Recent Comments