പരിയേരും പെരുമാളിനുശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്ണ്ണന്. കഴിഞ്ഞ ഏപ്രില്‍ 9 നാണ് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. കോവിഡ് കാലമായതുകൊണ്ടാവാം തീയേറ്ററുകളില്‍ പറയുന്നത്ര ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കര്ണ്ണന് കഴിഞ്ഞില്ല. എന്നാല്‍ അടുത്തിടെ ആമസോണ്‍ പ്രൈമില്‍ കര്ണ്ണന് എത്തിയതോടെ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച ചിത്രമെന്ന നിലയില്‍ മാത്രമല്ല, അതിലെ കഥാപാത്രങ്ങളുടെ പ്രകടനങ്ങളും വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. എടുത്ത് പറയേണ്ടത് ലാല്‍ അവതരിപ്പിച്ച യമരാജ എന്ന കഥാപാത്രത്തെയാണ്. ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിട്ടാണ് യമരാജയെ വിലയിരുത്തുന്നത്. ലാല്‍ കാന്‍ ചാനലിനോട് സംസാരിക്കുന്നു.
കര്ണ്ണനിലേയ്ക്ക് മാരി ശെല്‍വരാജ് നേരിട്ടാണോ താങ്കളെ വിളിക്കുന്നത്?
അല്ല. വെങ്കിട്ട് എന്ന പേരുള്ള മാനേജരാണ്. അദ്ദേഹം തെറ്റി പറഞ്ഞത് വെട്രിമാരന് എന്നോട് കഥ പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. സുല്‍ത്താന്‍ എന്ന സിനിമയുടെ ഡബ്ബിംഗിനുവേണ്ടി ചെന്നൈയില്‍ വരുന്നുണ്ടെന്നും അവിടെവച്ച് കഥ കേള്‍ക്കാമെന്നും ഞാന്‍ വെങ്കിട്ടിനോട് പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ ചെന്നൈയില്‍ പോയി. തിരക്കൊഴിഞ്ഞപ്പോള്‍ വെങ്കിട്ടിനെ വിളിച്ചു. ഫ്രീയാണ്, കഥ കേള്‍ക്കാമെന്ന് പറഞ്ഞു. എന്നെ കാണാന്‍ ഉടനെ രണ്ടുപേര്‍ എത്തുമെന്ന് വെങ്കിട്ട് പറഞ്ഞു.
ഞാന്‍ അതിനു മുമ്പുവരെയും വെട്രിമാരനെ നേരിട്ട് കണ്ടിട്ടില്ല. ചില ഫോട്ടോകളില്‍ കണ്ട പരിചയമേയുള്ളൂ. അത്യാവശ്യം താടിയുള്ള ഒരാളാണെന്ന് അറിയാം. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ മുറിയിലേയ്ക്ക് രണ്ടുപേര്‍ കയറിവന്നു. അതിലൊരാള്‍ക്ക് താടിയുണ്ട്. മറ്റേയാള്‍ പയ്യനാണ്. സുമുഖനായ ചെറുപ്പക്കാരന്. ചെറുപ്പക്കാരനാണ് എന്നോട് കഥ പറഞ്ഞത്. പക്ഷേ ഞാന്‍ സംശയങ്ങള്‍ ചോദിച്ചത് താടിക്കാരനോടാണ്. ആ താടിക്കാരനായിരിക്കും വെട്രിമാരന് എന്നാണ് ഞാന്‍ കരുതിയത്. ഇത് പലയാവര്‍ത്തി ആയപ്പോള്‍ താടിക്കാരന് പറഞ്ഞു, ‘ഞാന്‍ ക്യാമറാമാനാണ് (തേനി ഈശ്വര്‍). അതാണ് ഡയറക്ടര്‍.’ ചെറുപ്പക്കാരനെ ചൂണ്ടി അദ്ദേഹം പറഞ്ഞു. ഞാനപ്പോള്‍ ചെറുപ്പക്കാരനോട് ചോദിച്ചു.
‘എന്താ താടിയൊക്കെ വടിച്ചു കളഞ്ഞത്?’
‘സാര്‍, താടിയേ വളര്‍ന്നിട്ടില്ല. പിന്നെങ്ങനെ വടിച്ചുകളയും.’
അതോടെ കാര്യങ്ങള്‍ എന്റെ കൈവിട്ട് പോകുമെന്ന് തോന്നി. എനിക്ക് ആള് മാറിയിരിക്കുന്നു. വെങ്കിട്ട് പറഞ്ഞതനുസരിച്ച്, ഞാന്‍ വെട്രിമാരന് എന്ന് ധരിച്ചാണ് കഥ കേള്‍ക്കുന്നത്. അല്ലാ എന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ ചമ്മല് ചെറുതല്ല. പിന്നെ അയാള്‍ കഥ പറഞ്ഞതൊന്നും ഞാന്‍ കേട്ടതേയില്ല. പിന്നീട് ഷൂട്ടിംഗിനെത്തിയപ്പോഴാണ് ശരിക്കും കഥ കേട്ടത്.
ആ കഥയിലേയ്ക്ക് താങ്കളെ ആകര്‍ഷിച്ച ഘടകമെന്തായിരുന്നു?
സാധാരണ തമിഴ്, തെലുങ്ക് സിനിമകളുടെയൊന്നും കഥ ഞാനത്ര കാര്യമാക്കാറില്ല. പ്രൊഡക്ഷന്‍ ഹൗസ് ഏതാണെന്ന് നോക്കും. അതുപോലെ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ആരാണെന്നും. പിന്നെ എന്റെ കഥാപാത്രത്തെക്കുറിച്ചും. ഫൈറ്റുള്ള സിനിമയാണെങ്കില്‍ ഞാന്‍ ഉപേക്ഷിക്കുകയാണ് പതിവ്. അതൊന്നും എന്നെക്കൊണ്ട് ചെയ്യാനാവില്ല. അതിനൊക്കെയുള്ള കാലം കഴിഞ്ഞു. ഇത്രയുമൊക്കെയാണെങ്കില് ഞാന്‍ കൈ കൊടുക്കും. അതാണ് പതിവ്.
പക്ഷേ കര്‍ണ്ണന്റെ ഡയറക്ടര്‍ മാരി ശെല്‍വരാജ് ആണെന്ന് അറിഞ്ഞപ്പോഴും പരിയേരും പെരുമാളിനെ പോലൊരു ചിത്രം സംവിധാനം ചെയ്ത ആളാണെന്ന് അറിഞ്ഞപ്പോഴും എന്റെ കോണ്‍ഫിഡന്‍സും കൂടി.
ധനുഷിനോടൊപ്പം ആദ്യമാണല്ലോ. ആ അനുഭവം എങ്ങനെയായിരുന്നു?
പെട്ടെന്ന് കയറി സൗഹൃദം സ്ഥാപിക്കുന്ന ഒരാളല്ല ധനുഷ്. ആഹാരം കഴിച്ചോ, കംഫര്‍ട്ടാണോ, എന്നൊക്കെ വന്ന് ഇടയ്ക്കിടെ ചോദിക്കാറുണ്ട്. അത്രതന്നെ. അല്ലെങ്കിലും ഞങ്ങള്‍ക്കിടെ സംസാരിക്കാന്‍ പൊതുവിഷയങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെ എന്തെങ്കിലും സംസാരിച്ചത് കോവിഡിനെക്കുറിച്ചായിരുന്നു.
പൊതുവെ എല്ലാവര്‍ക്കുമൊപ്പമിരുന്ന് തമാശകള്‍ പറഞ്ഞു രസിക്കാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ഞാനിരിക്കുന്നത് തമിഴ് സെറ്റിലാണ്. മലയാളത്തിലെ തമാശകള്‍ തമിഴിലേയ്ക്ക് മൊഴിമാറ്റം നടത്തി പറഞ്ഞാല്‍ കോമഡിക്ക് പകരം ട്രാജഡിയായെന്നുവരാം. അതുകൊണ്ട് ആ അപകടത്തില്‍ പെടാതിരിക്കാനും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
കര്ണ്ണന് കണ്ടിട്ട് ആരെങ്കിലുമൊക്കെ വിളിച്ചിരുന്നോ?
ഒരുപാടുപേര്. പ്രത്യേകിച്ച് തമിഴില്നിന്നുള്ളവരാണ് വിളിച്ചവരേറെയും. മലയാളത്തില്‍ ഞാന്‍ ചെയ്തിട്ടുള്ള കുറച്ച് നല്ല സിനിമകളൊക്കെ കണ്ടവരാണ് അവരിലേറെയും. തമിഴില്‍ സ്ഥിരം പാറ്റേണിലുള്ള കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. അതില്‍നിന്നൊക്കെ വ്യത്യസ്തമായി വളരെ സറ്റില്ഡായിട്ടുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. അതുപോലെ മലയാളത്തില്‍നിന്നും എന്റെ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.
ഇതുവരെ ലാല്‍ ചെയ്ത വേഷങ്ങളില്‍ ഏറ്റവും മികച്ചതാണോ കര്‍ണ്ണനിലെ യമരാജ്?
തീര്‍ച്ചയായും.
ഇതുവരെയുള്ള തമിഴ് സിനിമകളില്‍നിന്ന് വ്യത്യസ്തമായി ഈ കഥാപാത്രത്തിനുവേണ്ടി മറ്റൊരാളാണല്ലോ ഡബ്ബ് ചെയ്തിരിക്കുന്നത്?
എന്നെ ഡബ്ബ് ചെയ്യാന്‍ അവര്‍ വിളിച്ചിരുന്നു. എനിക്ക് ആദ്യമേ കോണ്‍ഫിഡന്‍സ് പോരായിരുന്നു. പക്ഷേ ഞാന്‍ നോ പറഞ്ഞില്ല. ഡബ്ബ് ചെയ്യാന്‍ ചെന്നു. എന്നിട്ട് സംവിധായകനോട് എന്നെ ഒഴിവാക്കണമെന്ന് നേരിട്ട് പറയുകയായിരുന്നു. സാധാരണ തമിഴല്ല. ഗ്രാമ്യഭാഷയാണ്. അതിന്റെ മോഡുലേഷനുപോലും വ്യത്യാസമുണ്ട്. എല്ലാവരും അതിഗംഭീരമായി ചെയ്തുവച്ചിരിക്കുകയാണ്. ഞാന്‍ പറഞ്ഞ് കൊളമാക്കാന്‍ പാടില്ലെന്ന് തോന്നി. ഡയറക്ടറും നിര്‍മ്മാതാവുമടക്കം ഡബ്ബ് ചെയ്യാന്‍ ഒരുപാട് നിര്‍ബ്ബന്ധിച്ചിരുന്നു. കുറച്ചുദിവസം കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ ഡബ്ബ് ചെയ്യാന്‍ കഴിയുമായിരുന്നു. പക്ഷേ നാട്ടില്‍ കുറച്ച് തിരക്കുകളിലായിപ്പോയി. അത്രയും സ്ട്രെയിനെടുത്ത് ഞാന്‍ ഡബ്ബ് ചെയ്ത ചിത്രം പിന്നെ ഒഴിമുറിയാണ്. അതിലെ നാഗര്‍കോവില്‍ ഭാഷയൊക്കെ വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡബ്ബ് ചെയ്തത്.
എനിക്കുവേണ്ടി ശബ്ദം കൊടുത്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് സിനിമയുടെ പൈലറ്റ് ട്രാക്ക് ശരിയായ രീതിയില്‍ ഫോളോ ചെയ്തിട്ടാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഫ്രെയിമില്‍നിന്ന് ഡയലോഗ് പറയുന്നിടമെല്ലാം അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്. ഫ്രെയിമില്‍നിന്ന് മാറുന്ന ഇടങ്ങളില്‍ മാത്രമാണ് അല്‍പ്പമെങ്കിലും പോരാഴ്മയുള്ളത്.
തമിഴിലെ പുതിയ പ്രൊജക്ടുകള്‍?
ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. മഹാമാരിയാണ് പ്രധാന തടസ്സം നില്‍ക്കുന്നുത്. പിന്നെ ഇവിടുത്തെ ചില പ്രൊജക്ടുകളിലും ഞാന്‍ ലോക്ഡാണ്.
Recent Comments