ജീത്തുജോസഫിന്റെ ട്വല്‍ത്ത് മാനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്നദ്ദേഹം പ്രിയദര്‍ശന്റെ സിനിമയില്‍ ജോയിന്‍ ചെയ്യും. അതൊരു സ്പോര്‍ട്ട്സ് ഡ്രാമയാണ്. ഒരു ബോക്സറുടെ വേഷമാണ് മോഹന്‍ലാലിന്. അതിനുവേണ്ടിയുള്ള കഠിനപരിശീലനത്തിലാണ് കഴിഞ്ഞ ആറ് മാസക്കാലമായി അദ്ദേഹം.
പ്രശസ്ത ബോംക്സിംഗ് കോച്ച് പ്രേംനാഥാണ് മോഹന്‍ലാലിനെ പരിശീലിപ്പിക്കുന്നത്. ദേശീയ ബോക്സിംഗ് ടീം അംഗമായ പ്രേംനാഥ് 2005 ലാണ് കൊല്‍ക്കത്തയില്‍നിന്ന് കോച്ചിംഗ് ഡിപ്ലോമ നേടുന്നത്. തുടര്‍ന്ന് 2007 മുതല്‍ കേരള യൂണിവേഴ്സിറ്റിയുടെ ബോക്സിംഗ് പരിശീലകനായിരുന്നു. ഇതേ കാലയളവില്‍ ടു ഫോര്‍ ഗുര്‍ഖ രജിമെന്റിലെ കോച്ചായും അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. 2015 ല്‍ ഇന്ത്യന്‍ ജൂനിയര്‍ ബോക്സിംഗ് ടീമിന്റെ കോച്ചായി നിയമിതനായി. 2017 മുതല്‍ അനില്‍ കുംബ്ലെ സ്പോര്‍ട്ട്സ് അക്കാദമിയുടെ ബോക്സിംഗ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2018 ല്‍ സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചെത്തിയ പ്രേംനാഥ് ഇപ്പോള്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്ട് കൗസിലിന്റെ ബോക്സിംഗ് കോച്ചാണ്. മോഹന്‍ലാലിന്റെ പേഴ്സണല്‍ ട്രെയിനറായ ശേഷം അദ്ദേഹം ആദ്യമായിട്ടാണ് ഒരു മാധ്യമത്തിനോട് സംസാരിക്കുന്നത്.
‘എന്റെ പ്രൊഫൈല്‍ മനസ്സിലാക്കിയിട്ടാവണം ലാല്‍സാര്‍ തന്നെയാണ് ഒരു ദിവസം എന്നെ നേരിട്ട് വിളിക്കുന്നത്. ആവശ്യം അറിയിച്ചപ്പോള്‍ എനിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഏപ്രിലിലാണ് ട്രെയിനിംഗ് ആരംഭിച്ചത്. ബ്രോഡാഡിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് 60 ദിവസത്തോളം ഹൈദരാബാദിലുണ്ടായിരുന്നു. അപ്പോഴാണ് കൂടുതല്‍ ചിട്ടയായ പരിശീലനത്തിലേയ്ക്ക് കടന്നത്. ലാല്‍സാറിന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ അനുസരിച്ചാണ് ട്രെയിനിംഗ് പ്ലാന്‍ ചെയ്യുന്നത്. രാവിലെ ഷൂട്ടിംഗുണ്ടെങ്കില്‍ വൈകുന്നേരമായിരിക്കും പരിശീലനം. അല്ലെങ്കില്‍ അതിരാവിലെതന്നെ പരിശീലനം തുടങ്ങും. രണ്ടരമണിക്കൂറോളം ട്രെയിനിംഗ് നീളും. വളരെ ഡെഡിക്കേറ്റഡാണ് അദ്ദേഹം. ഒരു തവണ പറഞ്ഞുകൊടുത്താല്‍ മതി. എല്ലാം പെട്ടെന്ന് മനസ്സിലാക്കും. വളരെ വേഗത്തിലാണ് കാര്യങ്ങള്‍ പഠിക്കുന്നത്. ഫൂട്ട് വര്‍ക്കൊക്കെ കണ്ടാല്‍ പ്രൊഫഷണല്‍ ബോക്സറാണെന്ന് തോന്നും. ഇപ്പോള്‍ കുളമാവിലാണ് ഞങ്ങള്‍ ഉള്ളത്. ഇവിടെ താല്‍ക്കാലികമായി ഒരു ബോക്സിംഗ് റിംഗ് പണിയിച്ചിട്ടുണ്ട്. അതിലാണ് പരിശീലനം. റിംഗില്‍ ഞാനും അദ്ദേഹവുമാണ് മുഖാമുഖം ഏറ്റുമുട്ടുന്നത്. ഓരോ ദിവസവും കഴിയുംതോറും അദ്ദേഹത്തിന്റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട് വരികയാണ്. ഇനിയെല്ലാമൊന്ന് പോളീഷ് ചെയ്തെടുത്താല്മാത്രം മതി. ഇനിയൊരു ചാമ്പ്യന്‍ഷിപ്പില്‍ ലാല്‍സാറിന് തീര്‍ച്ചയായും പങ്കെടുക്കാം. എന്റെ ഏറ്റവും സമര്‍ത്ഥരായ ശിഷ്യന്മാരില് ഒരാളാണദ്ദേഹം.’ പ്രേംനാഥ് പറഞ്ഞു.
Recent Comments