കുറച്ച് നാളുകള്‍ക്കുമുമ്പ് മൈസൂരിലെത്തി ഞാന്‍ ലാലേട്ടനെ കണ്ടിരുന്നു. തെലുങ്ക് ചിത്രമായ വൃഷഭയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. വൃഷഭയുടെ മലയാള വേര്‍ഷന്‍ എഴുതാന്‍ എന്നെയാണ് അവര്‍ വിളിച്ചിരുന്നത്.
അന്ന് ലാലേട്ടന് എന്റെ പുതിയ സിനിമയെക്കുറിച്ചാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. അതിന്റെ ട്രെയിലര്‍ എന്ന് പുറത്തിറങ്ങുമെന്നും അത് റിലീസ് ചെയ്യുമ്പോള്‍ തന്നെ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനുശേഷം ഞാന്‍ അദ്ദേഹത്തെ എറണാകുളത്ത് വച്ച് വീണ്ടും കണ്ടു. അമ്മയുടെ നേതൃത്വത്തിലുള്ള ഷോ നടക്കുമ്പോഴായിരുന്നു അത്. അന്നും അദ്ദേഹം ആദ്യം അന്വേഷിച്ചത് ട്രെയിലറിനെക്കുറിച്ചാണ്. ഫൈനല്‍ ഔട്ട് ആയെന്നും റിലീസിന് ഒരാഴ്ച മുമ്പ് കാണിക്കാമെന്നും ഉറപ്പ് നല്കി.
ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാലേട്ടന് തിരുവനന്തപുരത്തുണ്ട്. ജീത്തു ജോസഫിന്റെ നേര് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലാലേട്ടന് തന്റെ ഹോംടൗണില്‍ ഒരു ഷൂട്ടിംഗിനുവേണ്ടി എത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം താമസിക്കുന്ന ഹയാത്ത് ഹോട്ടലില്‍ പോയി കണ്ടു. പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് റൂമില്‍വച്ച് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു. നല്ല അഭിപ്രായം പങ്കുവച്ചു. സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചു. എല്ലാ ഭാവുകങ്ങളും നേര്‍ന്നു. റാണി എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ചാണ് അവിടെ നടന്നത്.
ലാലേട്ടനെ പോലൊരാളുടെ കരുതലും സ്നേഹവും ഞങ്ങളുടെ സിനിമയ്ക്ക് ഉണ്ടെന്നുള്ളത് വളരെ സന്തോഷമുള്ള കാര്യമാണ്. മുന്‍നിര താരങ്ങളില്ലെങ്കില്‍ തീയേറ്റര്‍ റിലീസിനുപോലും ബുദ്ധിമുട്ടുന്ന നാളുകളിലാണ് ലാലേട്ടനെ പോലൊരാള്‍ അതിന്റെ പ്രൊമോഷനായി മുന്നോട്ട് വന്നത്. സിനിമയോടുള്ള പാഷനാണ് അതിന് കാരണം. ശങ്കര്‍ രാമകൃഷ്ണന് കാന്‍ ചാനലിനോട് പറഞ്ഞു.
പതിനെട്ടാംപടിക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന് തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റാണി. ആറ് ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഉര്‍വ്വശി, ഭാവന, ഹണിറോസ്, അനുമോള്‍, നിയതി എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സും ഗുരു സോമസുന്ദരവും അവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. സെപ്തംബര്‍ 21 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. മാജിക് വെയ്ല് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്, വിനോദ് മേനോന്, ജിമ്മി ജേക്കബ്ബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments