പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന് അഡ്വ. ബിഎ ആളൂര്‍. പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വിബി സുരേഷ്കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇന്ന് (മെയ് 20; തിങ്കളാഴ്ച) വിധി പ്രസ്താവിച്ചത്.
അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും ആളൂര്‍ പറഞ്ഞു. കേസില്‍ എല്ലാ കാര്യങ്ങളും തലനാരിഴ കീറി പരിശോധിച്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആകെയുള്ള മെഡിക്കല്‍ എവിഡന്‍സ് പ്രതി കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്. എന്നാല്‍ കുട്ടിയെ ആക്രമിച്ചത് പ്രതിയല്ല എന്നത് കോടതിയില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണെന്നും, ഇക്കാര്യങ്ങളൊന്നും വീണ്ടും പരിഗണിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്നും അഭിഭാഷകനായ ആളൂര്‍ വ്യക്തമാക്കി.
കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷികളില്ലാത്ത കേസില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. യുഡിഎഫ് അധികാരത്തിലിരിക്കുന്ന കാലത്താണ് കൊലപാതകം നടന്നത്. അന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു. കേസിലെ പ്രതിയെ പിടികൂടുന്നത് വൈകിയതോടെ രാഷ്ട്രീയമായി യുഡിഎഫിനു ഈ കേസ് വലിയ തിരിച്ചടിയായി.
Recent Comments