ദൃശ്യമിറങ്ങി ഒരു പതിറ്റാണ്ട് തികയുമ്പോള്‍, നേര് എന്ന പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ സഖ്യം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ രണ്ട് ദിവസം മുമ്പ് പുറത്തു വന്നിരുന്നു. വക്കീല്‍ വേഷത്തിലുള്ള മോഹന്‍ലാലിന്റെ ലുക്കാണ് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാത്രമായി എത്തുന്നത്. മോഹന്‍ലാല്‍ മുമ്പ് അവതരിപ്പിച്ച വക്കീല്‍ കഥാപാത്രങ്ങളെ പരിചയപ്പെടാം.
തകിലുകൊട്ടാമ്പുറം
മോഹന്‍ലാല്‍ ആദ്യമായി വക്കീല്‍ വേഷത്തില്‍ വരുന്നത് ബാലു കിരിയത്തിന്റെ തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലാണ്. നസീറിന്റെ ജൂനിയറായ അഡ്വ. പോള്‍ എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ കോടതി മുറി രംഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും വക്കീല്‍ ഗൗണ്‍ ധരിച്ച് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
അധിപന്
മോഹന്‍ലാലിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട വക്കീല്‍ കഥാപാത്രമാണ് അധിപനിലെ കൂര്‍മ്മ ബുദ്ധിക്കാരനായ ക്രിമിനല്‍ ലോയര്‍ ശ്യാംപ്രകാശ്. ജഗദീഷിന്റെ രചനയില്‍ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തത് . മോഹന്‍ലാല്‍ അഭിനയിച്ചതില്‍ താരതമ്യേന കൂടുതല്‍ കോടതി രംഗങ്ങള്‍ അധിപനിലാണുള്ളത്.
ഹരികൃഷ്ണന്‍സ്
ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകരായ ചിത്രമാണ് ഹരികൃഷ്ണന്‍സ്. ചിത്രത്തില്‍ പ്രസിദ്ധ അഭിഭാഷകരായ ഹരിയുടെയും കൃഷ്ണന്റെയും വേഷമാണ് ഇരുവരും ചെയതത്. എന്നാല്‍ ചിത്രത്തില്‍ ഒരേയൊരു കോടതി രംഗമേയുള്ളു.
ഹലോ
റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹലോ. ക്രിമിനല്‍ ലോയര്‍ അഡ്വ. ശിവരാമനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. എന്നാല്‍ ചിത്രത്തില്‍ കോടതി രംഗങ്ങളൊ വക്കീല്‍ വേഷത്തില്‍ വരുന്ന രംഗങ്ങളോ ഇല്ല. കോടതി നടപടികളെ കുറിച്ചുള്ള പരാമാര്‍ശം മാത്രമാണ് ഉള്ളത്.
റെഡ് ചില്ലീസ്
ഒ.എം.ആര് എന്ന ഒയ്യാരത്ത് മടത്തില്‍ രാമനാഥന് എന്ന കോര്‍പ്പറേറ്റിന്റെ വേഷമാണ് മോഹന്‍ലാല്‍ റെഡ് ചില്ലീസില് അവതരിപ്പിച്ചത്. എന്നാല്‍ കഥയുടെ പ്രത്യേക ഘട്ടത്തില്‍ ഡിഫന്‍സ് അഭിഭാഷകനായും രംഗ പ്രവേശം ചെയ്യുന്നുണ്ട്. എ.കെ. സാജന്റെ രചനയില്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്.
ജനകന്
ഏറ്റവും ഒടുവിലായി മോഹന്‍ലാല്‍ വക്കീല്‍ വേഷം ചെയ്തത് ജനകനിലാണ്. സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ അഡ്വ. സൂര്യനാരായണനായാണ് മോഹന്‍ലാല്‍ എത്തിയത്. എന്നാല്‍ ചിത്രത്തില്‍ കോടതി മുറി രംഗങ്ങള്‍ ഒന്നും തന്നെയില്ല. 2010 – ലാണ് ചിത്രം റിലീസ് ചെയ്തത്.
പക്ഷേ മോഹന്‍ലാല്‍ ഏറ്റവും കൂടുതല്‍ ലോ പോയിന്റ്സ് പറഞ്ഞത് മേല്‍ പറഞ്ഞ ചിത്രങ്ങളിലൊന്നുമല്ല. അത് സന്മനസ്സുള്ളവര്ക്ക് സമാധാനത്തിലാണ്. സിവില്‍ നിയമങ്ങള്‍ അരച്ച് കലക്കി കുടിച്ചു സ്വന്തം വക്കീലിന് വരെ നിയമോപദേശം നല്കുന്ന ഗോപാലകൃഷ്ണ പണിക്കരായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. എങ്കില്‍ തനിക്ക് നേരിട്ട് വാദിച്ചാല്‍ പോരെ എന്നുവരെ ശങ്കരാടിയുടെ വക്കീല്‍ കഥാപാത്രം ചോദിക്കുന്നുമുണ്ട്.
13 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടുമൊരു വക്കീല്‍ വേഷം ചെയ്യുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മുകളിലുള്ള വിശ്വാസമാണ് അതില്‍ പ്രധാന കാരണം.. ശാന്തിമായാദേവിയുടെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ കൂടി തിരക്കഥയുടെ ഭാഗമാകുമ്പോള്‍, ഒരു ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും ചിത്രം നല്‍കുമെന്നത് തീര്‍ച്ച. പ്രിയാമണി, സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജന്, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍, ഇന്ദുചൂഡന്, മാത്യു വര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, രമാദേവി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
Recent Comments