ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സാറാസ് ആമസോണ്‍ പ്രൈംടൈമില് റിലീസ് ആയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. സിനിമ പ്രേക്ഷകശ്രദ്ധ നേടി മുന്നോട്ട് പോകുന്നു. റേറ്റിംഗിലും വളരെ മുന്നിലാണ്. എന്നിട്ടും ആ സിനിയെക്കുറിച്ച് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും മാലിന്യകൂമ്പാരംപോലെ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. അതില്‍നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതൊട്ടും അപലക്ഷണീയമല്ല.
ജനങ്ങളുടെ മുന്നിലേയ്ക്ക് എത്തുന്ന ഒരു സൃഷ്ടിയെ വിമര്‍ശിക്കുന്നതും പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതും സ്വാഭാവിക പ്രതികരണം മാത്രമാണ്. അത് ആവശ്യമാണുതാനും. പക്ഷേ വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരിക്കണം. വ്യക്തിപരമാകരുത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അതാണ്.
സിനിമ അബോര്‍ഷനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു പക്ഷം. കൊച്ചുകുട്ടികളെ ഒന്ന് എടുക്കാന്‍പോലും താല്‍പ്പര്യമില്ലാത്ത പെണ്‍കുട്ടി എന്ത് സിനിമയാണ് എടുക്കാന്‍ പോകുന്നതെന്ന് മറുപക്ഷം. ഇതിനിടയിലേയ്ക്ക് ക്രിസ്തീയസഭകളുടെ തര്‍ക്കങ്ങളും കുത്തിനിറയ്ക്കാന്‍ വ്യഗ്രതപ്പെടുന്ന മറ്റൊരുപക്ഷം. അത്തരമൊരു മാലിന്യസാഹചര്യത്തില്നിന്നുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
മേക്ക് ബിലീഫ് ആണ് സിനിമ. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് സ്ഥാപിക്കലാണത്. അവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന അനവധി വിഷയങ്ങള്‍ക്കുമേല്‍ ഭാവനയുടെ നിറംകൂടി കലരുമ്പോഴാണ് ഓരോ സൃഷ്ടിയും പിറവി കൊള്ളുന്നത്. ആ സ്വാതന്ത്ര്യം ഒരു ഫിലിംമേക്കര്‍ക്ക് അനുവദിച്ച് നല്‍കേണ്ടതാണ്.
‘സാറ’ എന്ന കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് ചില ലക്ഷ്യങ്ങളും തീരുമാനങ്ങളുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അത് ശരിയുമാണ്. അത് നമ്മുടെ കാഴ്ചപ്പാടിലൂടെ വീക്ഷിക്കുമ്പോഴാണ് തെറ്റായി തോന്നുന്നത്. ഈ ശരിയും തെറ്റും തമ്മിലുള്ള കലഹമല്ല വേണ്ടത് മറിച്ച് അവരുടെ പക്ഷത്തുനിന്നുകൂടി ചിന്തിക്കാനുള്ള സൗമനസ്യമാണ്. പക്ഷേ ഒന്ന് സമ്മതിക്കണം, സാറയെപ്പോലെ വൈചിത്ര്യസ്വഭാവമുള്ള പെണ്‍കുട്ടികള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. ഒരു ‘അജ്ഞാത’ കാമുകനുവേണ്ടി സ്വന്തം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച പെണ്‍കുട്ടികളുടെയും നാടാണിത്. അവരുടെയും കഥകളും പറഞ്ഞേ മതിയാകൂ. ഭാര്യയെയും മകളെയും കൊലപാതകത്തില്‍നിന്ന് രക്ഷിക്കാന്‍ നിയമവ്യവസ്ഥിതിയെതന്നെ നോക്കുകുത്തിയാക്കിയപ്പോഴാണ് ഇവിടെ ജോര്ജ്ജുകുട്ടിമാരുണ്ടായത് (ദൃശ്യം). അങ്ങനെ അനവധി കഥാപാത്രങ്ങള്‍ ഇവിടെ ഉണ്ടാകണമെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം ക്രീയേറ്റേഴ്സിന് അനുവദിക്കണം. സിനിമയെ സിനിമയായും കഥാപാത്രങ്ങളെ കഥാപാത്രങ്ങളായും കാണണം.
എല്ലാ കഥാപാത്രങ്ങളും സര്‍വ്വഗുണ സമ്പന്നന്മാരാകണമെന്ന മനോഭാവമാണ് തിരുത്തേണ്ടത്. പോയ വഴിയിലൂടെ സഞ്ചരിക്കുകയല്ല, പുതിയ വഴി തെളിച്ച് മുന്നേറിയിട്ടുള്ളവരാണ് ഇവിടെ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. അത്തരമൊരു വഴിമാറ്റമായി മാത്രം ‘സാറാസി’നെയും കണ്ടാല്‍ മതി.
Recent Comments