കേരള പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബാണ് സര്‍ക്കാരിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഡിജിപി പ്രതിയായത്. ഇത്തരമൊരു സാഹചര്യത്തില്‍ പോലീസ് മേധാവി രാജിവെക്കണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയര്‍ന്നു കഴിഞ്ഞു. പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് കൂനിമേല്‍ കുരു എന്ന പോലെയാണ് ഓരോ സംഭവങ്ങളും ഉണ്ടാവുന്നത്. ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യുകയും പ്രതി സ്ഥാനത്ത് പിണറായിയെ അവരോധിക്കുന്ന സന്ദര്‍ഭത്തിലാണ് പിണറായിയുടെ ഡിജിപിക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉണ്ടായത്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ മങ്ങലേല്‍പ്പിക്കുന്നതാണ്.
ഭൂമി ഇടപാടില്‍ ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റമാണെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചത്. സാമ്പത്തിക ബാധ്യത മറച്ചുവെച്ചാണ് ഉമര്‍ ഷെരീഫ് എന്നയാള്‍ക്ക് ഭൂമി വില്ക്കാന് വേണ്ടി കരാര്‍ എഴുതിയതും പണം കൈപ്പറ്റിയതും. ഇത് വഞ്ചനാകുറ്റം ചുമത്തവുന്ന നടപടിയാണ്. പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുമെന്ന് നിയമവിദഗ്ദ്ധര്‍ വ്യക്തമാക്കി.
ഡി.ജി.പിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കൈമാറ്റം തിരുവനന്തപുരം അഡീഷണല്‍ സബ് കോടതി തടഞ്ഞിരുന്നു. ഭൂമി വില്‍പ്പനയ്ക്കായി അഡ്വാന്‍സായി വാങ്ങിയ തുക മടക്കി നല്‍കാത്തതാണ് ഭൂമികൈമാറ്റം തടയാന്‍ ഇടയാക്കിയത്. കേസിനാസ്പദമായ തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമെ പോലീസ് മേധാവിക്ക് ഇനി ഭൂമി കൈമാറ്റം സാധ്യമാകൂ.
വഴുതക്കാട് സ്വദേശി ആര്. ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്ജിക്കാരന്. ഡി.ജി.പി.യുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂര്‍ക്കട മണികണ്ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ വസ്തുവില്‍പ്പനക്കരാറുണ്ടാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഭാര്യയുടെ പേരിലുള്ള ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ കൃത്യമായ കരാറോടെയാണ് ഏര്‍പ്പെട്ടതെന്ന് പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്. അഡ്വാന്‍സ് പണം നല്കിയ ശേഷം കരാറുകാരന് ഭൂമിയില്‍ മതില് കെട്ടിയിരുന്നു. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം തരാതെ ഇയാള്‍ അഡ്വാന്‍സ് പണം തിരികെ ചോദിക്കുകയായിരുന്നു എന്നും നിയമപരമായി മുന്നോട്ട് പോവുമെന്നുമാണ് ഡിജിപിയുടെ നിലപാട്. അതേസമയം തനിക്ക് പണം തിരിച്ചു കിട്ടിയാല്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന് പരാതിക്കാരന് പറഞ്ഞു. അഡ്വാന്‍സ് തുക നല്കിയ ശേഷമാണ് ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ഒരു പൊതുമേഖലാ ബാങ്കില്‍ പണയത്തിലാണെന്നും 26 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടെന്നും അറിഞ്ഞതെന്നാണ് പരാതിക്കാരന് പറഞ്ഞത്. ഏതായാലും വരും ദിവസങ്ങളില്‍ ഈ സംഭവം ഡിജിപിയെക്കാള്‍ പിണറായി സര്‍ക്കാറിനായിരിക്കും കൂടുതല്‍ പ്രശ്നം ഉണ്ടാക്കാന്‍ പോവുക.
Recent Comments