ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ലിയോ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ഹോളിവുഡ് സിനിമയെ ആസ്പദമാക്കിയാണ് ലിയോയുടെ കഥ എഴുതിയിരിക്കുന്നത് എന്ന് ഷൂട്ടിങ്ങ് സമയം മുതല്‍ കേട്ടിരുന്ന റൂമറാണ്. റിലീസിന് ശേഷം അത് സത്യമാണെന്ന് തെളിയുകയും ചെയ്തു.
എന്നാല്‍ ഹിസ്റ്ററി ഓഫ് വയലന്‍സിന്റെ മൂല കഥ പ്രേക്ഷകര്‍ക്ക് അപരിചിതമല്ല. ബാഷാ ഫോര്‍മുല എന്ന പേരിലാണ് ഈ കഥ അറിയപ്പെടുന്നത്. രജനികാന്തിന്റെ തരംഗമായി മാറിയ ബാഷാ സിനിമയിലൂടെയാണ് ഈ കഥയുടെ പിറവിയെന്ന് വിശ്വസിക്കപ്പെടുന്നു. ബാഷയുടെ മാതൃകയില്‍ പില്ക്കാലത്ത് വിവിധ ഭാഷകളിലായി വന്ന സിനിമകള്‍ മിക്കതും ഹിറ്റായി. എക്കാലവും സിനിമക്കാര്‍ക്ക് ഉപയോഗിക്കാവുന്ന കഥ എന്ന വിശ്വാസ്യത ബാഷാ ഫോര്‍മുല നേടിയെടുത്തു.
ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന പേര് സൂചിപ്പിക്കുന്ന പോലെ രക്തരൂക്ഷിതമായ ഒരു കഴിഞ്ഞ കാലഘട്ടമുള്ള നായകനാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. വര്‍ത്തമാന കാലത്ത് നായകന് സാത്വികനും ഉറുമ്പിനെ പോലും നോവിക്കാത്തവനുമാണ്. കുടുംബ ബന്ധങ്ങളെ മുന്‍ നിര്‍ത്തിയാണ് നായകന്റെ ഈ മാറ്റം. എന്നാല്‍ ചുറ്റിനും നില്ക്കുന്ന വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങള്‍ക്കല്ലാതെ കുടുംബത്തിന് പോലും നായകന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് അറിയില്ല. അവസാനം വര്‍ത്തമാനത്തിലേക്ക് ഭൂതകാലത്തിലെ കഥാപാത്രങ്ങള്‍ കടന്ന് വരുന്നു. നായകന് തന്റെ വിശ്വരൂപമെടുക്കാന് നിര്ബന്ധിതനാകുന്നതുമാണ് ബാഷാ ഫോര്‍മുലയുടെ ലക്ഷണങ്ങള്‍. രണ്ട് കാലഘട്ടം എന്നത് ചില സിനിമകളില്‍ രണ്ട് സ്ഥലങ്ങളായും മാറ്റം വരുത്താറുണ്ട്.
മലയാളത്തില്‍ എല്ലാ നടന്മാര്ക്കും ഒരു ബാഷാ ഫോര്‍മുല പടമെങ്കിലുമുണ്ടെന്നതാണ് സത്യം. ബാഷയ്ക്ക് ശേഷം ഉടന്‍ വന്നത് മോഹന്‍ലാലിന്റെ ഉസ്താദാണ്. ഫോര്‍മുലയില്‍ ഒരുങ്ങിയ സിനിമകളില്‍ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ചത് ദിലീപിന്റെ റണ്‍വേയാണ്. കൊച്ചി രാജാവും ഇതേ പാത പിന്തുടരുന്നു. പൃഥ്വിയുടെ തേജാ ഭായി & ഫാമിലി ഇതിന്റെ കോമഡി ആവിഷ്ക്കാരമാണ്. മമ്മൂട്ടിയുടെ രാജാധി രാജയാണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി ഫോര്‍മുല അതേ പടി ഉപയോഗിച്ചത്. ചെറിയ ചില വ്യത്യാസങ്ങളുമായി അനേകം സിനിമകള്‍ ഈ കഥയുടെ ചുവട് പിടിച്ച് ഇന്നും ഇറങ്ങുന്നുണ്ട്.
എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഈ കഥ പിറവി എടുത്തത് ബാഷയിലൂടെ അല്ല. ബാഷയെക്കാള്‍ മുമ്പ് ഇതേ കഥാതന്തു 1991-ലെ രണ്ട് സിനിമകളില്‍ വന്നിരുന്നു. ഒന്ന് അമിതാഭ് ബച്ചന്റെ ഹം എന്ന ഹിന്ദി ചിത്രം. രണ്ട് സിദ്ധിഖ് ലാലുമാരുടെ ഗോഡ്ഫാദര് എന്ന മലയാള ചിത്രം. ഗോഡ്ഫാദറില് ഇന്നസെന്റ് അവതരിപ്പിച്ച സ്വാമിനാഥന് രണ്ട് സ്ഥലങ്ങളായി ബോധപൂര്‍വം ദ്വന്ദ്വ വ്യക്തിത്വം പ്രകടിപ്പിക്കുന്ന കഥാപാത്രമാണ്. ഒരിടത്ത് അഞ്ഞൂറാന്റെ അടിതടവ് അറിയുന്ന മകന് മറ്റൊരിടത്ത് (തിരുവില്ല്വാമല്ലയില്) സാധാരണക്കാരനായ കുടുംബസ്ഥന്. ബാഷാ ഫോര്‍മുലയുടെ ഉത്ഭവം വേണമെങ്കില്‍ ഗോഡ്ഫാദറിലെ സ്വാമിനാഥനിലൂടെയാണെന്ന് പറയാം. അങ്ങനെ നോക്കിയാല്‍ ലിയോയിക്ക് പരോക്ഷമായി പ്രചോദനമായത് ഗോഡ്ഫാദറാണ്.
ബാഷാ ഫോര്‍മുലയുടെ ഒരു ചെറിയ വേര്‍ഷന്‍ മഹാഭാരതത്തിലും കാണാന്‍ കഴിയും. അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് സൈരന്ധ്രിയായി വേഷംമാറിക്കഴിഞ്ഞിരുന്ന പാണ്ഡവപത്നിയായ ദ്രൗപദിയോട് കീചകന് താല്പര്യം തോന്നി. വേഷം മാറി നടക്കുന്ന ഭീമന് കീചകന്റെ പ്രവൃത്തികള്‍ അലോസരമുണ്ടാക്കുന്നു. പക്ഷേ അടുക്കളക്കാരനായതിനാല് പ്രതികരിക്കാനാവുന്നില്ല. അവസാനം ഭീമസേനന് യഥാര്‍ത്ഥ സ്വത്വം വീണ്ടെടുത്ത് ആരുമറിയാതെ കീചകനെ വധിക്കുന്നു.
കഥയിലെ പുതുമയെക്കാള്‍ ഉപരി അവതരണത്തിലെ പുതുമയാണ് പ്രേക്ഷകര്‍ വിലകല്പിക്കുന്നത് എന്ന് ഈ സിനിമകളുടെ വിജയത്തില്‍ നിന്ന് വ്യക്തമാണ്. ഇനിയും പിഴിഞ്ഞെടുത്താല്‍ ഒരു നൂറു സിനിമയ്ക്കുള്ള സത്ത കൂടി ബാഷാ ഫോര്‍മുലയിലുണ്ട്. ഫോര്‍മുലകളെ ഒടച്ച് വാര്‍ക്കാനും യുവ തലമുറയിലെ സിനിമക്കാര്‍ ധൈര്യം കാണിക്കുമെന്നും പ്രതീക്ഷിക്കാം.
Recent Comments