മലയാളം സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. ഈ നിലപാടിനെതിരെയാണ് ധര്മ്മജന് ബോള്‍ഗാട്ടി പ്രതികരിച്ചിരിക്കുന്നത്. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്നു പരാമര്‍ശിച്ചായിരുന്നു പ്രേംകുമാറിന്റെ വിമര്‍ശനം. പ്രേംകുമാറും സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ഒരു സ്ഥാനം കിട്ടിയെന്നു കരുതി അതൊന്നും മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ധര്മ്മജന് പ്രതികരിച്ചത്.
‘ഞാന്‍ മൂന്നു മെഗാ സീരിയല്‍ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ. പാവപ്പെട്ടവര്‍ ജീവിച്ചുപൊക്കോട്ടെ ചേട്ടാ.’ ധര്മ്മജന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിക്കുന്നതിനിടയിലാണ് സീരിയലുകളെ വിമര്‍ശിച്ച് പ്രേംകുമാര്‍ രംഗത്തെത്തിയത്. സിനിമയും സീരിയലും വെബ് സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. ഈ നിലപാടാണ് വിവാദമായത്.
Recent Comments