മലയാള സിനിമയിൽ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പുതിയ സിനിമ സംഘടന വരുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവർ നേതൃനിരയിലുണ്ടെന്നും, സംഘടനയുടെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചെന്നുമായിരുന്നു വിവരം.
ഇപ്പോഴിതാ ഈ ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും, സ്വാഗതം ചെയ്യുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ലിജോ ജോസ് പറഞ്ഞു. അതേസമയം, നിലവിൽ പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെ അല്ലെന്നും സംവിധായകൻ പറഞ്ഞു.
“മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല,” ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
തിങ്കളാഴ്ചയാണ് മലയാളം സിനിമയിൽ പുതിയ സിനിമ സംഘടന വരുന്നുവെന്നപ്രസ്താവന വന്നത്. തൊഴിലിടങ്ങൾ ശാക്തീകരിക്കുക, പുതിയ സിനിമ സംസ്കാരം രൂപീകരിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്നും, സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും. വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രസ്ഥാവനയിലൂടെ പറഞ്ഞിരുന്നു.
Recent Comments