നടന് പൃഥ്വിരാജിന് പിന്നാലെ കായിക മേഖലയില്‍ നിക്ഷേപം നടത്താന്‍ നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനും ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടീമായ തൃശൂര്‍ റോര്‍ എഫ് സിയുടെ ഭൂരിപക്ഷ ഓഹരി ഉടമയാകാനാണ് ലിസ്റ്റിന് സ്റ്റീഫന്റെ നീക്കം. നിര്‍മ്മാതാവിന് പിന്നാലെ ഇനിയും സിനിമാമേഖലയിലുള്ളവര്‍ കായികരംഗത്ത് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.
നേരത്തെ നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സൂപ്പര്‍ലീഗ് കേരളയില്‍ നിക്ഷേപം നടത്തിയിരുന്നു. കൊച്ചി ആസ്ഥാനമായ ടീമിനെയാണ് ഇവര്‍ സ്വന്തമാക്കിയത്. ആറു ടീമുകള്‍ പങ്കെടുക്കുന്ന സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഏഴു കോടി രൂപ വീതമാണ് ഓരോ ടീമിനുമായി ചെലവഴിക്കുന്നത്. ഇതില്‍ രണ്ടുകോടി രൂപ താരങ്ങള്‍ക്കായാണ് മാറ്റിവയ്ക്കുന്നത്. ഫുട്ബോളിന് പുറമെ ക്രിക്കറ്റിലേക്കും സിനിമ മേഖലയിലുള്ളവര്‍ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗില്‍ സംവിധായകന് പ്രിയദര്‍ശനും നിര്‍മ്മാതാവും വ്യവസായിയുമായ സോഹന്‍ റോയിയും ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍. മാതൃകയില്‍ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗില്‍ പ്രിയദര്‍ശനും സോഹന്‍ റോയിയും ടീം ഉടമകളായത് ലീഗിന്റെ മൂല്യത്തില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
കണക്കനുസരിച്ച് ഈ വര്‍ഷം കേരളത്തിലെ ക്രിക്കറ്റിനും ഫുട്ബോളിനുമായി സിനിമാലോകത്തുനിന്ന് 14 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുന്നത്. അടുത്ത സീസണുകളില്‍ ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ശ്രമമുണ്ട്. ഇത് സംബന്ധിച്ച് ചില സിനിമാതാരങ്ങളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.
Recent Comments