വിവാഹവാര്‍ഷികദിനത്തില്‍ സ്വയം ട്രോളി നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. നര്‍മ്മവും കുസൃതിയും നിറയുന്ന തന്റെ സ്ഥിരം ശൈലിയിലാണ് വിവാഹവാര്‍ഷികാശംസകള്‍ അദ്ദേഹം പങ്കുവച്ചത്. വിവാഹത്തോടെയാണ് തനിക്ക് ‘ക്ഷമ എന്ന വരദാനം’ ലഭിച്ചതെന്ന് ലിസ്റ്റിന് പറയുന്നു. വൈവാഹിക ജീവിതത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സരസമായി പ്രതിപാദിച്ചുകൊണ്ടാണ് ലിസ്റ്റന്റെ കുറിപ്പ്. ‘തമാശയ്ക്കായി പറഞ്ഞതാണെന്നും ഇത് വായിച്ച് ആരും പഞ്ഞിക്കിടല്ലേയെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ലിസ്റ്റിന് സ്റ്റീഫന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ഈ പോസ്റ്റ് വച്ച് താരതമ്യം ചെയ്യരുതെന്നും ലിസ്റ്റിന് പറയുന്നു.
ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം ലിസ്റ്റിന് പങ്കുവച്ചു.’
‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി ടു ലിസ്റ്റിന് ആന്‍ഡ് ബെനിറ്റ.
യേസ്, ഇന്നാണ് ആ ദിവസം. 9 വര്‍ഷങ്ങള്‍ ഓര്‍മക്കുറവ് വന്ന് തുടങ്ങിട്ടില്ല എന്നുള്ളത് ഇതുപോലെയുള്ള ഭൂകമ്പ ദിവസങ്ങള്‍ വരുമ്പോഴാണ് മനസ്സിലാക്കുന്നത്. ഇന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ നടത്തുന്ന ഒരു ബിസിനസ്സ്മാന്‍ കൂടിയാണ്. ബിസിനസ്സ് എല്ലാം വിജയകരമായി പോകുന്നത് ഞാന്‍ വലിയ ക്ഷമയുള്ള വ്യക്തി ആയത് കൊണ്ടാണ് എന്ന് ഞാന്‍ സ്വയം വിശ്വസിക്കാറുണ്ട്. ഇത്രയും ക്ഷമ എവിടുന്നാണ് കിട്ടിയത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്, അങ്ങനെ ഞാന്‍ ഈ ക്ഷമ എവിടുന്നാണ് വന്നത് എന്ന് അന്വേഷണം നടത്തിയപ്പോള്‍ ആണ് 22-08-2015 എന്ന ദിവസം മുതല്‍ ആണ് എനിക്ക് ക്ഷമ എന്ന വരദാനം കിട്ടിയത്.
ഇന്നേക്ക് 9 വര്‍ഷങ്ങള്‍…താങ്ക്യു ബെനിറ്റ. പത്തും, അന്‍പതും, അറുപതും വര്‍ഷങ്ങളായി വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിച്ച് മുന്നോട്ട് പോകുന്ന എത്രയെത്ര ഭാര്യാ- ഭര്ത്താക്കന്മാര്! അത് ആലോചിക്കുമ്പോള്‍ ഈ 9 വര്‍ഷങ്ങള്‍ ഒന്നും തന്നെ അല്ലാ അങ്ങനെ ഇരിക്കുമ്പോളാണ് ചില വാര്‍ത്തകള്‍ വരുന്നത്. 25ഉം, 30ഉം വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ട് ചില ദാമ്പത്യ ജീവിതങ്ങള്‍ ഡിവോഴ്സ് എന്ന അടുത്ത എപ്പിസോഡിലേക്ക് കടക്കുന്നത്. ഇങ്ങനെ ചിലത് ഓര്‍ക്കുമ്പോള്‍ നമ്മളെ ജീവിതം കണ്ഫ്യൂഷന് ആക്കാറുണ്ട്, പക്ഷേ എനിക്ക് ദൈവത്തോട് പറയാനുള്ളത്, എന്നെ പരീക്ഷിക്കരുത്. രക്ഷപ്പെടുത്താന്‍ ആണെങ്കില്‍ ഇപ്പോള്‍ ഈ നിമിഷം വേണം, അല്ലാതെ ഇനിയും ഒരു പത്തിരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ഇനി വേണേല്‍ രക്ഷപ്പെട്ടോളൂ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഞാന്‍ വൃദ്ധനാവും.
സുഹൃത്തുക്കളെ… ഒരു തമാശ പറഞ്ഞതാണേ, കമന്റുകള്‍ ഇട്ട് എന്നെ പഞ്ഞിക്കിടല്ലേ പ്ലീസ്.
എന്‍ബി: ഇപ്പോള്‍ ഹേമ കമ്മിഷന് റിപ്പോര്‍ട്ട് വന്നതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എന്നെ ഈ എഴുതിയ പോസ്റ്റ് വച്ച് താരതമ്യം ചെയ്യല്ലേ.
Recent Comments