ലോക് സഭാ തെരഞ്ഞെടുപ്പില്‍ 64.2 കോടി ജനങ്ങള്‍ വോട്ട് ചെയ്തെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്. അതില്‍ 31.2 കോടിയോളം സ്ത്രീ വോട്ടര്‍മാരാണ്. 64.2 കോടി വോട്ടര്‍മാരുമായി ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 68,000 മോണിറ്ററിംഗ് ടീമുകളും 1.5 കോടി പോളിംഗ്- സുരക്ഷാ ഉദ്യോഗസ്ഥരും പങ്കാളികളായെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വനിതാ വോട്ടര്‍മാരെ കമ്മീഷന് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ ഉത്സാഹം കാട്ടിയതിന്റെ തെളിവാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
ഏഴ് ഘട്ടങ്ങളായി നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു ഇലക്ഷന് കമ്മീഷന്. ചരിത്രപരമായ യാത്രയായിരുന്നു തെരഞ്ഞെടുപ്പ് കാലഘട്ടം. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് ഉത്സവ അന്തരീക്ഷമായിരുന്നു. മണിപ്പൂരില്‍ അടക്കം സമാധാനപരമായി വോട്ടിംഗ് പൂര്‍ത്തിയാക്കി. വൊട്ട് ചെയ്ത 64.2 കോടി വോട്ടര്‍മാരില്‍ 31.2 കോടി പേര് വനിതകളാണെന്ന് അറിയിച്ച ശേഷമായിരുന്നു കമ്മീഷന് വാര്‍ത്താസമ്മേളനം തുടങ്ങിയത്.
Recent Comments