2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് അരവിന്ദ്. അതില്‍ അവസാനഭാഗത്ത് കൃഷ്ണനായി വരുന്ന അരവിന്ദ് മലയാള മനസ്സില്‍ ഇടം നേടിയിരുന്നു. മുപ്പതോളം തമിഴ് സിനിമകളിലും, എട്ടു മലയാള സിനിമയിലും അഭിനയിച്ച അരവിന്ദ് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരപ്പനെ കാണാനെത്തിയത്. ഇന്നും ആളുകളുടെ മനസ്സില്‍ കുട്ടിത്തം നിറഞ്ഞ കൃഷ്ണരൂപം അരവിന്ദിന്റേതു തന്നെയാണ്. നടയിലെത്തിയപ്പോള്‍ ഭക്തജനങ്ങള്‍ അരവിന്ദിനു ചുറ്റുംകൂടി. അമ്പലത്തില്‍ പ്രവേശിച്ചപ്പോള്‍ ഉത്സവത്തിന്റെ ഭാഗമായുള്ള മേളം നടക്കുകയായിരുന്നു.
ഭഗവാനെ തൊഴുത് ഉപദേവനായ അയ്യപ്പന്റെ നടയില്‍ കാണിക്കയര്‍പ്പിച്ച് കുറച്ചു നേരം എഴുന്നെള്ളിപ്പ് നോക്കി നിന്നു. നേര്കോലുക്കൊണ്ട് ഭക്തമനസ്സില്‍ പെരുക്കലിന്റെ പെരുമഴ തീര്‍ക്കുന്ന പത്മശ്രി പെരുവനം കുട്ടന് മാരാരെ അരവിന്ദ് തൊഴുതു. ഇന്നും കൃഷ്ണനായി പൂജിക്കുന്ന അരവിന്ദന്റെ മുഖം പെരുവനത്തിന്റെ മനസ്സില്‍ തെളിനീരായി വരികയാണ്. കൂടെയുള്ള വാദ്യ നിധികളായ തിരുവല്ല രാധാകൃഷ്ണന് കക്കാട് രാജപ്പന്, ചൊവ്വലൂര്‍ മോഹനന് അരവിന്ദനെ കണ്ടപ്പോള്‍ ആവേശത്തിലായി. അവിടെനിന്നും നീങ്ങി കദളിപ്പഴം കൊണ്ട് ഭഗവാനെ പ്രാര്‍ത്ഥിച്ചു തുലാഭാരം നടത്തി. 70 കിലോ കദളിപ്പഴം ആണ് വേണ്ടിവന്നത്. മാനേജര്‍ ആചാര്യ ഹരിദാസ് അരവിന്ദന് പ്രസാദം നല്കി.
അരവിന്ദന് ഒരു മോഹം. അന്നത്തെ പോലെ ഒരു ഫോട്ടോ കിട്ടുമോ? ഞാന്‍ പറഞ്ഞു കാലം മാറിയില്ലേ. അന്നത്തെ തിരക്കല്ല ഇന്ന്. അന്നത്തെ സുരക്ഷയല്ല ഇന്ന്. എന്നാലും ചെറിയ രീതിയില്‍ ഒരു ഫോട്ടോ കിട്ടി. അരവിന്ദന് സന്തോഷമായി. വാദ്യ കലാരത്നങ്ങളായ തിരുവല്ല രാധാകൃഷ്ണനും കക്കാട് രാജപ്പനും ഒരു ഫോട്ടോ എടുക്കണം. ഭക്തജനങ്ങള്‍ ഫോട്ടോ എടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു.
എത്ര വര്‍ഷം കഴിഞ്ഞാലും ഞാന്‍ മലയാളി മനസ്സിലെ കൃഷ്ണനാണ്. നന്ദനം സിനിമ തന്ന സൗഭാഗ്യം ഡയറക്ടര്‍ രഞ്ജിത്ത് സാറിനുള്ളതാണ്. നടി രേവതിയാണ് രഞ്ജിത്തിനോട് എന്റെ കാര്യം പറയുന്നത്. അങ്ങനെ കിട്ടിയ വേഷം എന്റെ ജീവിതത്തില്‍ കൈവന്ന ഭഗവാന്റെ കടാക്ഷമാണ്. മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം എന്ന ഗാനരംഗം ഇന്നും എന്റെ
ജീവിത നൃത്തമണ്ഡപത്തിന്റെ വലിയ വേദിയാണ്.
ഗുരുവായൂരിലെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷനേതാവ് കെ. പി ഉദയന്‍ ബൊക്കെ നല്കി സ്വീകരിച്ചു. ചടങ്ങില്‍ കൊളാടി വിജയകുമാര്‍, ബിജു നരാങ്ങാത്ത് പറമ്പ്, വിജയകൃഷ്ണന്, പപ്പ പാലിയത്ത്, യദുകൃഷ്ണന്, രഘു, കണ്ണന് സ്വാമി എന്നിവര്‍ പങ്കെടുത്തു.
ലളിതമായ പിറന്നാളിന്റെ മധുരം നുണയുമ്പോഴും ‘അരവിന്ദന്റെ മുഖത്തെ പുഞ്ചിരിയാണ്’ മലയാളിയുടെ സ്നേഹം എന്ന് ഉദയന്‍ പറഞ്ഞു. വീണ്ടും കാണാമെന്നു പറഞ്ഞു വാഹനത്തില്‍ കയറി പോകുമ്പോഴും ഗോപികാ ഗോപന്മാരെ വിട്ടകലുന്ന കണ്ണനെ പോലെ ഞങ്ങള്‍ നോക്കി നിന്നു.
ബാബു ഗുരുവായൂര്‍
Recent Comments