കവിയും ഗാനരചയിതാവുമായ ബി.ആര്. പ്രസാദ് അന്തരിച്ചു. സെറിബ്രല്‍ ഹെമറേജിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലായിരുന്നു ബി.ആര്. പ്രസാദിനെ ആദ്യം ചികിത്സിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അപകടാവസ്ഥ തരണം ചെയ്ത ബി.ആര്. പ്രസാദ് സാധാരണ ജീവിതത്തിലേയ്ക്ക് വരികയായിരുന്നു. സംസാരശേഷിക്കും ശാരീരിക ചലനങ്ങള്‍ക്കും അപ്പോഴും ബുദ്ധിമുട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. ചികിത്സ തുടര്‍ന്നെങ്കിലും പൂര്‍ണ്ണമായും ബെഡ്ഡടായിരുന്നു. വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ചങ്ങനാശ്ശേരിയിലുള്ള ചിത്തിര ക്ലിനിക്കല്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മങ്കൊമ്പിലെ വീട്ടിലേയ്ക്ക് പോകാനിരിക്കെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പെട്ടെന്നുതന്നെ മരണം സംഭവിക്കുകയായിരുന്നു. 62 വയസ്സുണ്ടായിരുന്നു.
രണ്ട് സഹോദരിമാരാണ് ബി.ആര്. പ്രസാദിനുള്ളത്. ഇരുവരും ഗുജറാത്തിലാണ് താമസം. അവര്‍ നാട്ടില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുശേഷമേ സംസ്കാര ചടങ്ങുകളെക്കുറിച്ച് തീരുമാനം ഉണ്ടാകൂ.
പ്രിയദര്ശന് സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചലച്ചിത്രത്തിന് വരികള്‍ എഴുതിക്കൊണ്ടാണ് ബി.ആര്. പ്രസാദ് ഗാനരചയിതാവ് എന്ന നിലയില്‍ സിനിമയില്‍ സജീവമാകുന്നത്. അതിലെ ഒന്നാംകിളി, രണ്ടാംകിളി എന്ന പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. തുടര്‍ന്ന് നിരവധി സിനിമകള്‍ക്കുവേണ്ടി അദ്ദേഹം പാട്ടുകളെഴുതി. ജയറാമിനൊപ്പം തീര്‍ത്ഥാടനം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.
1993 ല്‍ ബാലചലച്ചിത്രത്തിനുവേണ്ടി അദ്ദേഹം ഒരു തിരക്കഥയും എഴുതിയിട്ടുണ്ട്. സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കൊപ്പം സഫാരി ടി.വിയില്‍ അവതാരകനായും അദ്ദേഹം തിളങ്ങി. മനോരമയ്ക്കുവേണ്ടി പാട്ടിന്റെ വഴി എന്ന പ്രോഗ്രാം അവതരിപ്പിച്ചതും ബി.ആര് ആയിരുന്നു.
വിധുവാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.
Recent Comments