ജിസ് ജോയ് എന്ന സംവിധായകനെ, തിരക്കഥാകൃത്തിനെ മലയാളിക്ക് ചിരപരിചിതനാണ്. ബൈസൈക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെവരെ എന്നിവയാണ് ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതിലേറെയും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് തലവന്‍. മെയ് 24 നാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ഒരു തീം മ്യൂസിക്കും പുറത്ത് വിട്ടിരുന്നു. ദീപക് ദേവിന്റേതാണ് സംഗീതം. ഇതിലെ വരികള്‍ എഴുതിയിരിക്കുന്നത് ജിസ് ജോയ് തന്നെയാണ്.
വാസ്തവത്തില്‍ ജിസ് ജോയ് എന്ന ഗാനരചയിതാവിനെ മലയാളികള്‍ക്ക് തീരെ പരിചയമുണ്ടാവാനിടയില്ല. എന്നാല്‍ ജിസ് ജോയ് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലെയും ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ജിസ് ജോയിയുടെ ആദ്യ സംവിധാന ചിത്രമായ ബൈസൈക്കിള്‍ തീവ്സിലെ ‘മേലേവാനിലെ’ എന്ന ഗാനം എഴുതിക്കൊണ്ടായിരുന്നു തുടക്കം. സണ്‍ഡേ ഹോളിഡേയിലെ ‘മഴ പാടും’ എന്ന് തുടങ്ങുന്ന പാട്ടിന് ഏറ്റവും മികച്ച ജനപ്രിയ ഗാനരചയിതാവിനുള്ള പുരസ്കാരം ജിസ് ജോയിയെ തേടിയെത്തിയിട്ടുണ്ട്.
സ്വന്തം സിനിമകള്‍ക്ക് മാത്രമല്ല, മറ്റള്ളവര്‍ക്ക് വേണ്ടിയും അദ്ദേഹം ഈണത്തിനൊപ്പിച്ച് വരികളെഴുതിയിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ, ഷാനില്‍ സംവിധാനം നിര്‍വ്വഹിച്ച അവിയല്‍, ഡോണ്‍ മാക്സ് സംവിധാനം ചെയ്ത അറ്റ് തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലതാണ്. ചിത്രീകരണം പുരോഗമിക്കുന്ന ധ്യാന്‍ ശ്രീനിവാസന് ചിത്രത്തിനാണ് ജിസ് ജോയ് ഏറ്റവും ഒടുവിലായി ഗാനങ്ങളെഴുതിയത്. ഇതിനോടകം 32 ഗാനങ്ങള്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.
സംവിധായകന്, തിരക്കഥാകൃത്ത്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ ജിസ് ജോയിയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ഗാനരചയിതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യാത്രയും.
തലവനിലെ തീം മ്യൂസിക് കൂടി ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ ജിസ് ജോയിയെ തേടിയെത്തി തുടങ്ങിയിട്ടുണ്ട്. ബിജു മേനോനും ആസിഫ് അലിയുമാണ് തലവനിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കേസ് അന്വേഷണം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്നതും അതിനിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂര്‍ണ്ണമായും ഒരു ത്രില്ലര്‍ ചിത്രമാണിത്. ദിലീഷ് പോത്തന്, കോട്ടയം നസീര്‍, അനുശ്രീ, മിയാ ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്, ജോജി കെ. ജോണ്‍, ദിനേഷ്, നന്ദനുണ്ണി, അനുരൂപ്, ബിലാസ് എന്നിവരും താരനിരയിലുണ്ട്. അരുണ്‍ നാരായണന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനും സിജോ സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments