ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗില്‍. അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ആണ് പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കൈപ്പറ്റുന്ന സംഭാവനകള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാവും
കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വയനാട്ടില്‍ നടന്ന സംഭവത്തോടെ വീണ്ടും ചര്‍ച്ചയാവുകയാണ്. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്ട്ടില്ഇപ്പോള് ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ അവഗണിക്കുകയായിരുന്നു ഉണ്ടായത്. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമാണ് ചെയ്തത്.
അന്തരിച്ച പി ടി തോമസാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വാദിച്ചത്. എന്നാല്‍ അദ്ദേഹത്തിനെതിരെ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളും ക്രൈസ്തവ മത മേലധ്യക്ഷന്മാരും രംഗത്തുവരികയാണുണ്ടായത്. ഒടുവില്‍ അദ്ദേഹത്തിനു സിറ്റിങ് സീറ്റായ ഇടുക്കി നിഷേധിച്ചു. അന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്ന ജോയ്സ് ജോര്‍ജ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാവുകയും ജയിക്കുകയും ചെയ്തു.
Recent Comments