ഇന്നോളം ഒരു അഭിനേതാവിനും ഇങ്ങനെയൊരു ജന്മദിന സ്വീകരണം ലഭിച്ചിട്ടുണ്ടാവില്ല. മലയാളത്തിന്റെ മഹാനടന് മധുവിന്റെ നവതി ഒരു ആഘോഷമാക്കി മാറ്റാന്‍ തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റി തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഈ ചടങ്ങിന്റെ പകിട്ടിനെപ്പറ്റി. അത് അക്ഷരംപ്രതി ശരിവയ്ക്കുന്നതായിരുന്നു ഇന്നലെ നിശാഗന്ധിയില്‍ അരങ്ങേറിയ പരിപാടികള്‍.
മോഹന്‍ലാലാണ് പരിപാടിയില്‍ ആദ്യാന്തം നിറഞ്ഞുനിന്നത്. അടൂര്‍ ഗോപാലകൃഷ്ണന്, രാഘവന്, ജനാര്ദ്ദനന്, പ്രിയദര്ശന്, സത്യന് അന്തിക്കാട്, ദിലീപ്, ശ്രീലതാ നമ്പൂതിരി, മേനക, മണിയന്‍പിള്ള രാജു, സാഗാ അപ്പച്ചന് തുടങ്ങിയവര്‍ വേദിയിലെത്തി മധുവിന് ആശംസകള്‍ നേര്‍ന്നുവെന്ന് മാത്രമല്ല, കണ്ണമൂലയിലെ വീട്ടിലിരുന്ന് പരിപാടി ലൈവായി വീക്ഷിക്കുകയായിരുന്ന മധുവിനോട് ചോദ്യങ്ങളും ചോദിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള യുവനടന്മാര്ക്ക് നല്‍കാനുള്ള സന്ദേശം എന്തായിരുന്നുവെന്നാണ് അടൂരിന്റെ ചോദ്യം.
‘എന്നെക്കാള്‍ സീനിയറാണ് ഇന്ന് മമ്മൂട്ടിയും മോഹന്‍ലാലും. അവരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ അവരെപ്പോലെ ചെയ്യാമായിരുന്നല്ലോ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇനി അതിന് കഴിയില്ലല്ലോ എന്ന വിഷമവുമുണ്ട്.’ മധുവിന്റെ മറുപടി കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
സിനിമാനടനായ മധുവിനെക്കാള്‍ കോളേജ് ലക്ച്ചററായ മധുവിനെയായിരുന്നു സാറിന്റെ അച്ഛന് പ്രിയമെന്ന് കേട്ടിട്ടുണ്ട്. എപ്പോഴെങ്കിലും നടനെന്ന നിലയില്‍ അച്ഛന്റെ പ്രശംസ കിട്ടിയിട്ടുണ്ടോ എന്നായിരുന്നു മണിയന്‍പിള്ളയുടെ ചോദ്യം.
‘അച്ഛന് ഞാന്‍ നടനാകുന്നതിനോട് ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ, എന്റെ എല്ലാ സിനിമകളും അദ്ദേഹം ആദ്യ ദിവസം കണ്ടിരിക്കും. പക്ഷേ, അഭിനന്ദിക്കാനൊന്നും ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത പ്രിയ എന്ന ചിത്രം കഴിഞ്ഞതിന് പിന്നാലെ അദ്ദേഹം എനിക്ക് ഒരു കത്ത് എഴുതി. അത് ഇംഗ്ലീഷിലായിരുന്നു. എന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് ആ കത്ത് അവസാനിക്കുന്നത്. ആ വാക്കുകള്‍ എന്റെ മുന്നോട്ടുള്ള കര്‍മ്മജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.’ വൈകാരികതയോടെ മധു പറഞ്ഞു.
മധു അഭിനയിച്ച ചിത്രങ്ങളിലെ പ്രധാനപ്പെട്ട പാട്ടുകള്‍ ഉള്‍പ്പെടുത്തി ഒരു ഗാനോപഹാരമാണ് പിന്നീട് നടന്നത്. ചിത്ര തുടങ്ങിവച്ച ആ ഗാനം അവസാനിപ്പിച്ചത് എം.ജി. ശ്രീകുമാറായിരുന്നു. മോഹന്‍ലാലും സിദ്ധിക്കും ബിജു മേനോനും ഇന്ദ്രജിത്തും നന്ദുവും കൃഷ്ണപ്രഭയും ആ പാട്ടിന്റെ കണ്ണികളായി.
ഇതിനിടെ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘം കണ്ണമൂലയിലുള്ള മധുവിന്റെ വീട്ടിലെത്തി. മോഹന്‍ലാലും നിര്‍മ്മാതാവ് സുരേഷ് കുമാറും രഞ്ജിത്തും ചേര്‍ന്ന് ഫിലിം ഫ്രെട്ടേണിറ്റിയുടെ ഉപഹാരമായി മനോഹരമായ ഒരു കാല്പ്പെട്ടി സമ്മാനിച്ചു. ഫോട്ടോഗ്രാഫര്‍ കൂടിയായ ഗോപാലകൃഷ്ണന് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം മധുവിന് നല്‍കിക്കൊണ്ട് മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. സീമ, അംബിക, ജലജ, മേനക തുടങ്ങിയവര്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി. പ്രിയനും സത്യന് അന്തിക്കാടും കലൂര്‍ ശശിയും ഒക്കെ ആ ചടങ്ങിന് സാക്ഷികളാകാന്‍ എത്തിയിരുന്നു. നിര്‍മ്മാതാവ് ലിയോ കുട്ടപ്പനെ കണ്ടപ്പോള്‍ കണ്ടിട്ട് ഏറെ നാളായല്ലോ എന്ന് പറഞ്ഞ് അദ്ദേഹത്തെ അടുത്തിരുത്തി സംസാരിച്ചു.
അപ്പോഴും നിശാഗന്ധിയില്‍ ഗാനസന്ധ്യ തുടരുന്നുണ്ടായിരുന്നു. മധു എന്ന നടനോടുള്ള സ്നേഹ മാണ് ആ പരിപാടിയില്‍ ഉടനീളം നിഴലിച്ചത്. സ്നേഹം കൊണ്ട് സമ്പന്നമായ മധുമൊഴി അങ്ങനെ ഒരു മഹാനടന് ലഭിക്കാവുന്ന ഏറ്റവും നല്ല ജന്മദിന സമ്മാനമായി.
Recent Comments