ഇതിനുമുമ്പും നിരവധി താരങ്ങള്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ അഭിനയപരീക്ഷണങ്ങളെക്കുറിച്ചും അഭിനയാനുഭവങ്ങളെക്കുറിച്ചുമൊക്കെയാണ് അവര്‍ എഴുതിയതെല്ലാം. എന്നാല്‍ അവരില്‍നിന്നൊക്കെ വ്യത്യസ്തനായി തന്റെ നിരീക്ഷണങ്ങള്‍, നിലപാടുകള്‍, അനുഭവങ്ങള്‍, ചിന്തകള്‍, ആഗ്രഹങ്ങള്‍ തുടങ്ങിയവ പങ്കുവച്ചിരിക്കുകയാണ് അഭിനേതാവ് കൂടിയായ പ്രേംകുമാര്‍. ദൈവത്തിന്റെ അവകാശികള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ പ്രകാശനം നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, എഴുത്തുകാരന് എം. മുകുന്ദന് എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ ഫെയ്ബുക്കിലൂടെയാണ് നിര്‍വ്വഹിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പ്രകാശനം നടത്തുകയായിരുന്നുവെന്ന് പ്രേംകുമാര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
‘ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ എഴുതിയ തെരഞ്ഞെടുക്കപ്പെട്ട 22 ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, ആദ്ധ്യാത്മികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളെ അധീകരിച്ചാണ് ഈ 22 ലേഖനങ്ങളും എഴുതിയിട്ടുള്ളത്. അതിലൊരു ലേഖനത്തിന്റെ പേരാണ് ഡി.സി. ബുക്സ് ടൈറ്റിലായി തെരഞ്ഞെടുത്തത്- ദൈവത്തിന്റെ അവകാശികള്‍. ഇത് കൂടാതെ പ്രമുഖ മാധ്യമപ്രവര്ത്തകന് കെ.പി. മോഹന്‍സാര്‍ ഞാനുമായി നടത്തിയ നീണ്ട അഭിമുഖവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ അഭിനേതാക്കള്‍ക്ക് പൊതുവെ പ്രേക്ഷകര്‍ കല്‍പ്പിച്ച് നല്കുന്ന ഒരു മുഖമുണ്ടായിരിക്കും. അതവര് സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ ലഭിക്കുന്നതാണ്. അതില്‍നിന്നൊക്കെ വ്യത്യസ്തമായൊരു മുഖം എനിക്കുമുണ്ടെന്ന് അടയാളപ്പെടുത്താനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം.’
‘തുമ്പാ സെന്റ് സേവിയേഴ്സ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അവിടെ എന്നെ പഠിപ്പിച്ച അദ്ധ്യാപകനാണ് കവി കൂടിയായ പ്രൊഫ. മധുസൂദനന് നായര്‍ സാര്‍. അദ്ദേഹമാണ് എന്റെ പുസ്തകത്തിന് അവതാരിക എഴുതിത്തന്നത്. അതും എന്റെ സന്തോഷം ഇരട്ടിപ്പിച്ചു. വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയിലാണ് മമ്മൂക്കയെയും ലാലേട്ടനെയും എം.ബി. രാജേഷിനെയും വി.ടി. സതീശനെയും
മുകുന്ദന് സാറിനെയും പ്രകാശനത്തിനായി ഞാന്‍ തെരഞ്ഞെടുത്തത്. ആവശ്യമറിയിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അവരത് നിര്‍വ്വഹിച്ച് തരികയും ചെയ്തു. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിനം കൂടിയാണത്.’ പ്രേംകുമാര്‍ പറഞ്ഞു.
Recent Comments