മഹാബലി ഏത് നാട്ടുകാരനായിരുന്നു? മലയാളിയോ, തമിഴനോ, ഗുജറാത്തിയോ? ഏതു നാട്ടുകാരനായാലും മഹാബലിയുടെ ത്യാഗ സ്മരണകളിൽ ഓണം ആഘോഷിക്കുന്നത് മലയാളികൾ മാത്രമാണ്. വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ സന്ദർശിക്കാനെത്തുകയാണ് മഹാബലി എന്നാണ് ഐതിഹ്യം.
മലയാളികളുമായി മഹാബലിയും വാമനനും ഓണവും തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. തൃക്കാക്കര എന്ന സ്ഥലനാമം “തിരു കാല് കര”യുടെ ചുരുക്കപേരാണ്. തിരു കാല് കരയാണ് പിന്നീട് തൃക്കാക്കരയായത്. നാടിന്റെ ഭരണസഭ യോഗം തൃക്കാക്കരക്ഷേത്രത്തിലാണ് കൂടിയിരുന്നത്. തിരു എന്നത് വിശേഷണ പദമാണ് .ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമായതുകൊണ്ടാവാം തിരുകാൽക്കര എന്നപേര് ലഭിച്ചതെന്നും ഐതിഹ്യമുണ്ട്.
പുരാണമായ ഭാഗവതത്തിൽ വാമനാവതാരം എന്ന ഭാഗത്തിലാണ് മഹാബലിയുടെ കഥ സവിസ്തരം വിവരിച്ചിട്ടുള്ളത്.
മഹാബലി ഒരുപാട് യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടിയ രാജാവായിരുന്നു. മികച്ചഭരണാധികാരിയായ അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെട്ടു. തുടർന്ന് സ്വർഗ്ഗലോകം കൂടി തന്റെ അധികാരത്തിന്റെ കീഴിൽ കൊണ്ടുവരാൻ മഹാബലി ആഗ്രഹിച്ചു. ഇതിൽ ഭയംപൂണ്ട ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.
ദേവന്മാരുടെ രക്ഷയ്ക്കായി ദേവമാതാവായ അഥിതി മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായി തപസ് ചെയ്തു. ഒടുവിൽ മഹാ വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണ് യാചിച്ചു. മൂന്നടിയിൽ ആദ്യത്തെ അടിയിൽ ആകാശവും രണ്ടാമത്തെ അടിയിൽ ഭൂമിയും പാതാളവും മഹാ വിഷ്ണു അളന്നു .മൂന്നാമത്തെ അടിക്കു വേണ്ടി സ്ഥലം കണ്ടെത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ ശിരസ് കാണിച്ചുകൊടുത്തു.
പ്രസാദിച്ച മഹാവിഷ്ണു തന്റെ മൂന്നാമത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. വാമനൻ അവിടെ മഹാബലിയുടെ കാവൽക്കാരനായി നിലകൊണ്ടു. കൂടാതെ അടുത്ത മന്വന്തരത്തിൽ മഹാബലിക്ക് സ്വർഗ്ഗത്തിലെ ഇന്ദ്രപദവിയും വാഗ്ദാനം ചെയ്തു. എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണം നാളിൽ എല്ലാവിധ സമൃദ്ധിയോടെയും തന്റെ പ്രജകളെ കാണാനുള്ള അനുഗ്രഹവും മഹാവിഷ്ണു മഹാബലിയ്ക്ക് നൽകി.അതാണ് മലയാളികളുടെ ഓണത്തിന്റെ പുരാവൃത്തം .
കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട് ചരിത്രപരമായ ബന്ധവുംതൃക്കാക്കര ക്ഷേത്രത്തിനുണ്ട്. ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചുതുടങ്ങിയതെന്നാണ് ചില ചരിത്രകാരന്മാർ പറഞ്ഞിട്ടുള്ളത് . മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാതിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഉത്സവം എല്ലാ ഹൈന്ദവഭവനങ്ങളിലും ആചരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.
തമിഴ്നാട്ടിലാണ് മഹാബലിയുടെ രാജ്യം ഉണ്ടായിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. മഹാബലിപുരം എന്ന സ്ഥലം തമിഴ്നാട്ടിലാണ്. മഹാബലിപുരത്തിനു മഹാബലിയുമായി എന്തെങ്കിലും ബന്ധമുള്ളതായി അറിയില്ല. കാഞ്ചീപുരം ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ് മഹാബലിപുരം. മാമല്ലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്. പല്ലവരാജാവായിരുന്നു മാമല്ലൻ. അദ്ദേഹത്തിന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. മഹാബലിപുരം പല്ലവരാജ്യത്തെ ഒരു ശില്പകലാ വിദ്യാലയം ആണെന്നും പഴമൊഴിയുണ്ട്. മഹാബലി പുറത്തിനടുത്ത് തിരുക്കടൽ മല്ലൈയിൽ മഹാ വിഷ്ണുവിന്റെ പേരിൽ ഒരു ആരാധനാലയമുണ്ട്. ശില്പങ്ങളെ സംരക്ഷിക്കാനായി പല്ലവ രാജാക്കന്മാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം.
വാഗ്ദാനം നിറവേറ്റാൻ സാധിക്കാത്തതിനെ തുടർന്ന് പാതാളത്തിലേക്ക് പറഞ്ഞയച്ച മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങൾ പേറുന്ന രണ്ട് മഹാക്ഷേത്രങ്ങൾ തമിഴ്നാട്ടിലുണ്ട്. വില്ലുപുരം ജില്ലയിലുള്ള തിരുക്കോയിലൂർ ഉലകനാഥ പെരുമാൾ ക്ഷേത്രവും,കാഞ്ചീപുരത്തുള്ള ഉലകനാഥ പെരുമാൾ ക്ഷേത്രവുമാണ് അവ.
സംഘകാല തമിഴ് സാഹിത്യമായ മധുരൈ കാഞ്ചിയിലാണ് ഓണത്തെ സംബന്ധിച്ച ആദ്യ പരാമര്ശം ഉള്ളതെന്ന് ചരിത്ര ഗവേഷകര് പറയുന്നു. ഒരു വിളവെടുപ്പ് ഉത്സവമെന്നാണ് അതില് ഓണത്തെ വിശേഷിപ്പിക്കുന്നത്. കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകൃതികൾ വെളിപ്പെടുത്തുന്നു.
സംഘകാലകൃതിയായ ‘മധുരൈകാഞ്ചി’യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരുമാളിന്റെ (മഹാവിഷ്ണു) ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു.കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. സാവണം ലോപിച്ചാണ് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചത് എന്ന് പറയപ്പെടുന്നുണ്ട്.
തമിഴ്നാട്ടിൽ അഞ്ച് ഏക്കറിലായി വ്യപിച്ചുകിടക്കുന്ന തിരുക്കോയിലൂർ ക്ഷേത്രത്തിൽ 16 ക്ഷേത്രക്കുളങ്ങളുണ്ട്. തിരുക്കോയിലൂറിലേ ചക്ര തീർത്ഥ കുളത്തിൽ നിന്നാണ് വാമനന്റെ പടങ്ങൾ കഴുകാൻ വെള്ളം എടുത്തതെന്നാണ് ഐതിഹ്യം. ഗുരുവായ ശക്രാചാര്യരുടെ ഉപദേശം നിഷേധിച്ചാണ് ബ്രാഹ്മണ വേഷത്തിലെത്തിയ വാമനന് മൂന്നടി സ്ഥലം നല്കാൻ മഹാബലി തീരുമാനിച്ചത്. തുടർന്നാണ് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. ഇത് നടന്നത് തിരുക്കോയിലൂർ ആണെന്നാണ് തമിഴ്നാട്ടിലുള്ളവരുടെ ഐതിഹ്യം.
Recent Comments