മേജര്‍ രവി പത്ത് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ ആറും പട്ടാളചിത്രങ്ങളായിരുന്നു. ഇനി അധികമാര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. അദ്ദേഹം ആദ്യം സംവിധാനം ചെയ്തത് ഒരു ഫാമിലി ഡ്രാമയാണ്, പുനര്‍ജനി. പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം പ്രണവിനെ തേടിയെത്തിയത് പുനര്‍ജനിയിലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ്. എന്നിട്ടും മേജര്‍ക്ക് നിയോഗം പട്ടാളചിത്രങ്ങള്‍ ചെയ്യാനായിരുന്നു. കര്‍മ്മംകൊണ്ട് പട്ടാളക്കാരനായതുകൊണ്ടാവാം, സിനിമാജീവിതത്തിലും പട്ടാളക്കഥകളോടായിരുന്നു അദ്ദേഹത്തിന്റെ കൂറും ആവേശവും. അവയോട് അദ്ദേഹം നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുകയും ചെയ്തു.
എന്നാല്‍ മേജറിന്റെ പുതിയ ചിത്രം പട്ടാളക്കഥയല്ല. ഒരു നാടന്‍ പ്രണയകഥയാണ്. കഥ മേജറിന്റെതന്നെയാണ്. തിരക്കഥയെഴുതുന്നത് നവാഗതരായ അനീഷും ഉപേഷും. തിരക്കഥ പൂര്‍ത്തിയായി.
സുരേഷ്ഗോപിയോടും ആശാശരത്തിനോടും കഥ പറഞ്ഞു. രണ്ടുപേര്‍ക്കും ഇഷ്ടമായി. കമ്മിറ്റും ചെയ്തു. മേജര്‍രവി ചിത്രത്തില്‍ സുരേഷ്ഗോപി ഇതാദ്യമാണ്. രവി ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡര്‍സ് എന്ന ചിത്രത്തില്‍ ലാലിന്റെ നായികയായി അഭിനയിച്ചത് ആശാശരത്താണ്.
കോവിഡിന്റെ തീക്ഷ്ണത കുറയാന്‍ കാത്തിരിക്കുകയാണ്, ഷൂട്ടിംഗ് ആരംഭിക്കാന്‍.
സ്ക്കൂള് ജീവിതത്തിലെ രണ്ടുപേരുടെ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. 34 വര്‍ഷത്തിനുശേഷം അവര്‍ വീണ്ടും കണ്ടുമുട്ടുന്നതാണ് ക്ലൈമാക്സ്.
സ്ക്കൂള് കാലഘട്ടത്തിലെ കഥാപാത്രങ്ങളെത്തേടി മേജര്‍ ഇതിനോടകം കാസ്റ്റിംഗ്കാള് ചെയ്തുകഴിഞ്ഞു. അനുയോജ്യരെ തെരഞ്ഞെടുക്കാനുള്ള ജോലികള്‍ പുരോഗമിക്കുന്നു.
ബി ത്രീ വിഷ്വല്‍ ആര്‍ട്ട്സിന്റെ ബാനറില്‍ ബിയോജ്, ബിനോജ്, ബിനോയ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മേജറിന്റെ മകന് അര്‍ജ്ജുനനാണ് ഛായാഗ്രാഹകന്‍.
Recent Comments