‘എമ്പുരാൻ’ സിനിമയെ കുറിച്ചുള്ള തന്റെ നിലപാടിനെതിരെ മല്ലിക സുകുമാരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി സംവിധായകൻ മേജർ രവി രംഗത്തെത്തി. ചിത്രം മോശമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും, ദേശവിരുദ്ധത ഉള്ളതാണെന്ന് മാത്രമാണ് ചൂണ്ടിക്കാണിച്ചതെന്നും മേജർ രവി വ്യക്തമാക്കുന്നു.
മോഹൻലാൽ ചിത്രം കണ്ടോ ഇല്ലയോ എന്ന ചോദ്യത്തിൽ താൻ നുണ പറഞ്ഞുവെന്ന ആരോപണം അസത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആന്റണി പെരുമ്പാവൂർ നൽകിയ പ്രതികരണത്തിൽ നിന്ന് വ്യക്തത ലഭിക്കുന്നത്, മോഹൻലാൽ കഥ കേട്ടുവെന്നും, അതിന്റെ അടിസ്ഥാനത്തിലായിരുന്നു സിനിമ ചെയ്യാനുള്ള തീരുമാനമെന്നും ആണെന്നാണ്.
“മറ്റൊരു ആരോപണം, മല്ലിക ചേച്ചിയുടേതാണ്. ഞാൻ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി എന്നത്. അത് ഒരു അമ്മയുടെ വികാരമാണ്. പക്ഷേ ഞാൻ എവിടെയാണ് ‘പടം മോശമാണ്’ എന്ന് പറഞ്ഞത്? ചിത്രത്തിൽ ടെക്നിക്കൽ ഘടകങ്ങൾ ശ്രേഷ്ഠമായിരുന്നതായി ഞാൻ അന്ന് പറഞ്ഞിട്ടുണ്ട്, ഇന്നും അതേ നിലപാടിലാണ്. അതിനൊപ്പം, ചിത്രത്തിൽ ദേശവിരുദ്ധ ഉള്ളടക്കം ഉണ്ടെന്ന് ഞാൻ നേരത്തെയും പറഞ്ഞു, ഇന്നും അതുതന്നെയാണ് എന്റെ നിലപാട്. ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ ഈ വിവാദങ്ങൾ എന്നും മേജര് രവി പറഞ്ഞു.
ചിത്രം റിലീസ് ചെയ്ത ഉടനെ പ്രതികരിക്കാതിരുന്നത് വിവാദങ്ങൾ പടരാതിരിക്കാൻ വേണ്ടിയായിരുന്നു എന്നും, എന്നാൽ പിന്നീട് പ്രതിസന്ധികൾ ഉയർന്നപ്പോൾ ഇപ്പോൾ തന്റെ നിലപാട് വിശദീകരിക്കേണ്ടിവന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് മോഹൻലാലിന്റെ പ്രീതി നേടേണ്ട ആവശ്യമില്ല. അതൊരു 30 വർഷത്തോളം പഴക്കമുള്ള ആത്മബന്ധമാണ്. ‘കീർത്തിചക്ര’ എന്ന സിനിമയിലൂടെ എന്നെ മേജർ രവിയാക്കിയത് മോഹൻലാലാണ്. ആ സിനിമ നിർമിച്ചത് ആർ.ബി. ചൗധരിയായിരുന്നു, ആന്റണി പെരുമ്പാവൂർ അല്ല. അതിനാൽ, ആ ബഹുമാനം എപ്പോഴും എന്റെ മനസ്സിൽ നിലനിൽക്കും.
‘എമ്പുരാൻ’ കണ്ട ശേഷവും എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. സിനിമയിൽ സത്യാവസ്ഥകളെ മറച്ചുപിടിച്ചുകൊണ്ട് പകുതി മാത്രം പറഞ്ഞിട്ട് ഒരു വിവാദം ഉണ്ടാക്കിയതല്ലേ, അതുകൊണ്ടല്ലേ ജനങ്ങൾ ഇളകി സംസാരിക്കുന്നത് ? അപ്പോ സിനിമയിൽ പ്രശ്നം ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ പടം കൊള്ളില്ല എന്നല്ല. ഇന്നും നിങ്ങൾക്ക് മോഹൻലാൽ പടം കണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ആന്റണി പെരുമ്പാവൂരിൽ നിന്ന് ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ, ഇല്ല എന്നാണ് ഉത്തരം. മേജർ രവി പറഞ്ഞു.
Recent Comments