ഈ കുറിപ്പ് എഴുതുന്നതിന്റെ തലേ ദിവസമാണ് പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന മൊണാലിസ പെയിന്റിംഗിനു മേല്‍ രണ്ട് സ്ത്രീകള്‍ സൂപ്പ് ഒഴിച്ചത്. ഫുഡ് റീറ്റാലിയേഷന്‍ സംഘടനയില്‍പ്പെട്ട അംഗങ്ങളായിരുന്നു ആ സ്ത്രീകള്‍.
ഏതായാലും ചില്ലുകൂട്ടില്‍ സൂക്ഷിച്ചിരുന്ന മൊണാലിസ പെയിന്റിംഗിന് കേടുപാടുകളൊന്നും ഉണ്ടായില്ല. വെറും ചില്ലുകൂടെന്ന് പറഞ്ഞുകൂടാ; വെടിയുണ്ട പോലുമേല്ക്കാത്ത ചില്ലുകൂടാണത്. 1956 ല്‍ ഒരു ബൊളീവിയക്കാരന്‍ കല്ലെറിഞ്ഞ് ആ ചില്ലുകൂട് കേടുവരുത്തിയതില്‍ പിന്നെയാണ് ആ കലാസൃഷ്ടിയെ ‘ഇരുമ്പ് മറ’യ്ക്കുള്ളിലാക്കിയത്.
ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടിയാണ് തങ്ങള്‍ ഈ സാഹസത്തിന് മുതിര്‍ന്നതെന്നാണ് അവരുടെ പക്ഷം. ഇതുമായി ബന്ധപ്പെട്ട് അവര്‍ ഉയര്‍ത്തിയ ചോദ്യവും പ്രസക്തമാണ്. ഏതിനാണ് കൂടുതല്‍ പ്രാധാന്യം? കലയ്ക്കോ അതോ ഭക്ഷണത്തിനോ? ഏതായാലും പ്രക്ഷോഭക്കാര്‍ എന്താണ് തങ്ങളുടെ പ്രവര്‍ത്തിയിലൂടെ ആഗ്രഹിച്ചത് അത് ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കാരണം അവര്‍ സൂപ്പ് ഒഴിച്ചത് ഏതെങ്കിലും ഒരു ചിത്രത്തിലേയ്ക്കല്ല. വിഖ്യാത ചിത്രകാരന് ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ പെയിന്റിംഗുകളില്‍ ഒന്നിലേയ്ക്കാണ്. അങ്ങനെ അത് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു.
സമാനമല്ലെങ്കിലും ഇങ്ങ് ഈ കൊച്ചു കേരളത്തിലും ഒരു കലാസൃഷ്ടിക്കുനേരെ കടുത്ത ആക്രമണമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ മഹാനായ നടന് മോഹന്‍ലാല്‍ അഭിനയിച്ച ലിജോജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനാണ് ആ കലാസൃഷ്ടി. പല പേരുകളിലും പല രൂപങ്ങളിലുമാണ് ആക്രമണം. ഒറ്റ വാക്കില്‍ ഹേറ്റ് കാമ്പയിന് എന്ന ഓമനപ്പേരാണ് എല്ലാവരാലും പറഞ്ഞുകേള്‍ക്കുന്നത്.
മൊണാലിസയെപ്പോലെ ലോകോത്തര സൃഷ്ടിയൊന്നുമല്ല ലിജോജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്. അങ്ങനെയാണെന്ന് ലിജോ പോലും അവകാശപ്പെട്ടിട്ടില്ല. പക്ഷേ മാറിനിന്ന് കല്ലെറിയുന്നവര്‍ക്ക് മറ്റു ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അത് സാധിച്ചെടുത്തു എന്നുതന്നെയാണ് ഈ ആക്രമണ പരമ്പരകള്‍ സാക്ഷ്യപ്പെടുത്തുന്നത്. രണ്ടാം ദിനം തന്നെ തീയേറ്ററുകളിലേയ്ക്ക് പോകുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ഹേറ്റ് കാമ്പയിനുകള്‍ക്ക് കഴിഞ്ഞു. ചിലരെയെങ്കിലും മാനസികമായി തകര്‍ക്കാനും.
മലൈക്കോട്ടൈ വാലിബനെക്കുറിച്ച് കാണികള്‍ക്ക് വിരുദ്ധാഭിപ്രായമുണ്ടാകും. ശരിതന്നെ. അത് പ്രകടിപ്പിക്കുന്നതില്‍ ആര്‍ക്കും ഒരു ഇളവ് നല്‍കേണ്ട ആവശ്യമില്ല. പക്ഷേ സ്വന്തം അഭിപ്രായം മറ്റുള്ളവരിലേയ്ക്ക് അടിച്ചേല്‍പ്പിക്കണമോ എന്നതാണ് കാതലായ ചോദ്യം. ഫുഡ് റീറ്റാലിയേഷന്‍ അംഗങ്ങള്‍ പോലും അക്കാര്യത്തില്‍ മാന്യത കാട്ടി. ആ ഉത്തമ സൃഷ്ടിയെ കേടുപാട് വരുത്തുന്നവിധം അവര്‍ക്ക് പ്രവര്‍ത്തിക്കാമായിരുന്നു. മറ്റുള്ളവരെകൂടി പ്രലോഭിപ്പിക്കാമായിരുന്നു. പക്ഷേ അവര്‍ അത് ചെയ്തില്ല. ഭക്ഷണത്തിനുവേണ്ടി വാദിക്കുന്നവരാണെങ്കിലും കലയും നിന്നു കാണണമെന്നു അവര്‍ ആഗ്രഹിക്കുന്നുണ്ട്. അതവരുടെ ഉയര്‍ന്ന പൗരബോധമാണ് കാണിക്കുന്നത്. സിനിമയുടെ കാര്യത്തിലും അത് ആപ്ലിക്കബിളാണ്. മലൈക്കോട്ടൈ വാലിബനും ആ നീതി അര്‍ഹിക്കുന്നുണ്ട്.
Recent Comments