മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഊഹക്കച്ചവടത്തില്‍നിന്നും ഷെയറുകളില്‍നിന്നും വരുമാനം ലഭിക്കും. കെമിസ്റ്റുകള്‍ക്കും ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ നേട്ടങ്ങള്‍ കൈവരും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. യുവജങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ദൂരസ്ഥലത്ത് താമസിക്കുന്ന ബന്ധുജനങ്ങളെ സംബന്ധിച്ച് അസന്തുഷ്ടമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബിസിനസ്സുകാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രതികൂലമായി ഭവിക്കാനിടയുണ്ട്. എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്ക്കും കലാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും പ്രശസ്തി കൈവരിക്കാനിടവരും. ഭാര്യാബന്ധുക്കളുമായി അകല്‍ച്ച ഉണ്ടാകാനിടയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകള്‍ സുഗമമായി നടത്തുവാന്‍ പ്രയാസപ്പെടും. ശസ്ത്രക്രിയാദികളെക്കൊണ്ടും അഗ്നിനിമിത്തമായും വാഹനപരമായും ക്ലേശങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ദോഷപരിഹാരമായി സുബ്രഹ്മണ്യസ്വാമിക്കും ശാസ്താവിനും യഥായോഗ്യം വഴിപാടുകള്‍ നടത്തുകയും ഇഷ്ടദേവതയെ ഭജിച്ചുകൊള്ളുകയും വേണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ബന്ധുജനങ്ങളില്‍നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂതനമായ തൊഴിലവസരങ്ങളുണ്ടാകും. തന്ത്രമേഖലയിലും ജ്യോതിഷത്തിലും ബന്ധപ്പെടുന്നവര്‍ക്ക് അനുകൂലമായ ദിനങ്ങളാണ്. ചിട്ടിക്കമ്പനികള്‍ നടത്തുന്നവര്‍ക്കും പണ്ടത്തിന്മേല് കടം കൊടുക്കുന്നവര്‍ക്കും ഗവണ്മെന്റില്നിന്നും പ്രയാസങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാനിടയുണ്ട്. സ്ത്രീജനങ്ങള്‍ക്ക് രോഗപീഡകള്‍കൊണ്ട് ദുരിതവും മാതൃജനങ്ങള്‍ക്ക് ആപത്തുകളും വന്നുകൂടാനിടയുണ്ട്. സന്താനങ്ങള്‍ക്ക് നിശ്ചയിച്ച വിവാഹം മാറ്റിവയ്ക്കപ്പെടുകയോ, മുടക്കം നേരിടുകയോ ചെയ്യാം. ബാങ്കില്‍നിന്നും ജപ്തിനോട്ടീസ് വരാനിടയാകും. സമുദായപ്രവര്‍ത്തനം, രാഷ്ട്രീയപ്രവര്‍ത്തനം എന്നിവയില്‍ പരാജയം നേരിടാം.
ദോഷപരിഹാരമായി ഗണപതിക്ക് ഉണ്ണിയപ്പനിവേദ്യം, ഗണപതിഹോമം എന്നിവയും ദേവീപ്രീതികരമായ കര്‍മ്മങ്ങളും അനുഷ്ഠിച്ചുകൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ കാലതാസമം നേരിടും. മാതാവുമായി ഭിന്നതയും മാതൃസ്ഥാനീയര്‍ക്ക് ചില ആപത്തുകള്‍ക്കും ഇടവരും. നൂതനമായ ഭവനം ഭാഗികമായി പൂര്‍ത്തീകരിച്ച് താമസിക്കേണ്ടതായി വരും. കടം കൊടുത്തിട്ടുള്ളതായി സമ്പത്ത് നിശ്ചയിച്ച സമയത്ത് ലഭിക്കാതെവരും. വസ്ത്രവ്യാപാരരംഗത്തുള്ളവര്ക്കും വ്യവസായസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള നിയമചോദ്യങ്ങള്ക്കിടവരും. വിലപ്പെട്ട വസ്തുക്കളും പണവും നഷ്ടപ്പെടാനിടയാകും. ആരാധനാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി മെച്ചമുണ്ടാകും. തൊഴില്‍രംഗം മോടിപിടിപ്പിക്കുവാന്‍ ധാരാളം പണം ചെലവാക്കേണ്ടതായി വരും. ജ്യേഷ്ഠസഹോദരനുമായി ചല അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനിടയാകും. വിദ്യാഭ്യാസവകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാറ്റവും ഉദ്യോഗക്കയറ്റവും ലഭിക്കാനിടവരും. വാതസംബ്ധമായ നാഡീഞരമ്പുകള്‍ സംബന്ധമായും അസ്ഥിസംബന്ധമായും രോഗപീഡകള്‍ വരാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരമായി കൃഷ്ണസ്വാമീക്ഷേത്രത്തില്‍ വിഷ്ണുപൂജ, സഹസ്രാമപുഷ്പാഞ്ജലി, ഭാഗ്യസൂക്താര്‍ച്ചന, നെയ് വിളക്ക് എന്നീ വഴിപാടുകള്‍ നടത്തിക്കൊള്ളണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ബന്ധുക്കളില്‍നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കാം. കര്‍മ്മസ്ഥാനത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. പിതാവില്‍നിന്നുള്ള സഹായംകൊണ്ട് വീടുപണി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ക്ക് മാറ്റമുണ്ടാകും. അപകടങ്ങളില്‍നിന്ന് ഭാഗ്യംകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടും. ഭൂമി വില്ക്കാന് ഉദ്ദേശിക്കുന്നവര്‍ക്ക് അധികലാഭത്തോടുകൂടി അത് വില്ക്കുവാന് സാധിക്കും. വാക്കുതര്ത്തങ്ങള് കാരണം സമീപവാസികളും സുഹൃത്തുക്കളും ശത്രുക്കളുമായി മാറും. പ്രേമവിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് ബന്ധുക്കള്‍ കൂടിച്ചേര്‍ന്ന് അത് നിര്‍വ്വഹിക്കപ്പെടും. കച്ചവടം നടത്തുന്നവര്‍ക്ക് ഗവണ്മെന്റ് ഉദ്യോഗസ്ഥരില്‍നിന്ന് പ്രയാസങ്ങള്‍ നേരിടേണ്ടതായി വരും. കലാകായികരംഗത്തുള്ളവര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്.
ദോഷപരിഹാരമായി ലളിതാസഹസ്രനാമജപം, ദേവീമാഹാത്മ്യപാരായണം, ദുര്ഗ്ഗാക്ഷേത്രത്തില് പുഷ്പാഞ്ജലി, തെറ്റിപ്പൂമാല ഇവ നടത്തിക്കൊള്ളണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
ഭൂമി ഇടപാടുകളിലെ ലാഭംകൊണ്ട് സ്വന്തം ഭവനം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. വിചാരിക്കാത്ത സ്ഥലത്തേയ്ക്ക് തൊഴില്‍പരമായ സ്ഥാനമാറ്റങ്ങളുണ്ടാകും. പുതിയതായി ചില പദ്ധതികള്‍ തുടങ്ങാന്‍ ഒരുങ്ങുമെങ്കിലും അത് സാധിച്ചെടുക്കാന്‍ ധാരാളം പ്രയാസങ്ങള്‍ നേരിടേണ്ടതായിവരും. ഹോട്ടല്‍, കൂള്‍ബാര്‍, പച്ചക്കറിക്കടകള്‍ എന്നിവയ്ക്ക് പ്രതീക്ഷിക്കുന്നതായ സാമ്പത്തികലാഭം ഉണ്ടാകുകയില്ല. മണ്മറഞ്ഞ പിതൃക്കള്ക്കുവേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പുണ്യക്ഷേത്രങ്ങളില്‍ പോകും. കടലില്‍പോയ ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ അുകൂലമാണ്. വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും. ഉപരിപഠനത്തിനായുള്ള വിദേശയാത്രകള്‍ക്ക് വേണ്ടി ഏജന്റുകളെ സമീപിക്കാന്‍ പറ്റിയ കാലമല്ല. താല്‍ക്കാലിക ജോലി ചെയ്യുന്നവര്‍ക്ക് അത് സ്ഥിരപ്പെടുത്തും. ഷെയറുകള്‍, വാടക എന്നിവയില്‍നിന്നുള്ള വരുമാനം കുറയും.
ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രാഭിഷേകം, ശിവസൂക്താര്ച്ചന ഇവ നടത്തി ദോഷശാന്തി വരുത്തിക്കൊള്ളണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സമയമാണ്. അപ്രതീക്ഷിതമായ സാമ്പത്തികനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് വിചാരിക്കാത്ത സമയത്ത് സ്ഥാനമാനങ്ങള്‍ ലഭിക്കും. പരസ്പരം സഹകരണമില്ലാതിരുന്ന ബന്ധുക്കളുമായി രമ്യതയിലാകും. കലാകാരന്മാര്ക്ക് പ്രശസ്തിയും സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കും. ഭൂമി ക്രയവിക്രയങ്ങളിലും വ്യവഹാരങ്ങളിലും വിജയം കൈവരിക്കും. അകാരണമായ രോഗഭീതിയും ആപത് ഭയങ്ങളും വന്നുചേരാവുന്നതാണ്. ദൂരയാത്രകള് പരമാവധി ഈ ദിവസങ്ങളില്‍ ഒഴിവാക്കണം. ചില കൂട്ടുകെട്ടുകള്‍ നിമിത്തം മാനഹാനി, സാമ്പത്തികഷ്ടം, കുടുംബത്തില്‍ അന്തഃഛിദ്രം എന്നിവ ഉണ്ടാകാനിടയുണ്ട്.
മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിഷ്ണുസഹസ്രനാമജപം നടത്തുന്നതും കൂടുതല്‍ ശ്രേയസ്കരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
കുടുംബസൗഖ്യം, ഔദ്യോഗികജീവിതത്തില്‍ സംതൃപ്തി എന്നിവ ലഭിക്കും. അയല്‍ക്കാരുമായുള്ള ഭൂമി തര്‍ക്കങ്ങളില്‍ വിജയം കൈവരിക്കും. വിദേശത്തുള്ള സന്താനങ്ങളില്‍നിന്നും സാമ്പത്തികസഹായം വന്നുചേരും. മത്സരപ്പരീക്ഷകളിലും കായികമേഖലകളിലും കലാരംഗങ്ങളിലും വിജയം കൈവരിക്കും. കളത്രഭാവത്തിന് ആകസ്മികമായ രോഗപീഡകള്‍ വന്നുചേരാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്. വ്യാപാരവ്യവസായങ്ങള്‍ പുതിയതായി തുടങ്ങുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യാനിടയുണ്ട്. കുടുംബത്തില്‍ നടക്കേണ്ടതായ മംഗളകര്‍മ്മങ്ങള്‍ക്ക് ആകസ്മികമായ തടസ്സം ഉണ്ടാകാനിടയുണ്ട്.
ദോഷപരിഹാരമായി ശാസ്താവിന് നീരാജ്ജനം, ദുര്ഗ്ഗാക്ഷേത്രത്തില് പുഷ്പാഞ്ജലി, അര്‍ച്ചന എന്നിവ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
വിചാരിക്കാത്ത സമയത്ത് അധികാരത്തില്‍നിന്നും ഒഴിയേണ്ടതായി വരും. മനസ്സിന് പ്രയാസമുണ്ടാക്കുന്ന സംഭവങ്ങളുണ്ടാകും. വാര്‍ത്താമാധ്യമങ്ങള്‍, സമുദായ സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമായിരിക്കും. ഏറിയ കാലമായി അനുഭവിച്ചിരുന്ന രോഗപീഡകള്‍ക്ക് ആശ്വാസം വരും. സഹായികളില്‍നിന്ന് കൂടുതല്‍ സഹായവും സഹകരണവും ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് മാനസികമായും ശാരീരികമായും അസ്വസ്ഥതകള്‍ വന്നുകൂടാനിടയുണ്ട്. നിര്‍മ്മാണജോലികളില്‍ ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടതായ പണം ലഭിക്കാതെവരികയും ഏര്പ്പാടുകാരുമായി കലഹിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. പൂര്വ്വികസ്വത്തിനുവേണ്ടി കുടുംബജനങ്ങളുമായി വാദപ്രതിവാദത്തിലേര്പ്പെടേണ്ടതായിവരും. അഗ്നിനിമിത്തം വാഹനനിമിത്തവും അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ ചുവന്ന പൂക്കള്‍കൊണ്ട് മാല, രക്തപുഞ്പാഞ്ജലി, കഠിനപ്പായസം എന്നിവയും ലളിതാസഹസ്രനാമജപം നടത്തുകയും ചെയ്യണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
തൊഴില്‍മേഖലകള്‍ പൊതുവേ തൃപ്തികരമായിരിക്കും. വിവാഹം നടക്കാന്‍ കാലതാമസം നേരിട്ട് നില്‍ക്കുന്നവര്‍ക്ക് അത് നടക്കാിടയാകും. കൂട്ടുകച്ചവടം ശുഭകരമാകാതെ വേര്പിരിയാനിടയാകും. ഉന്നത വ്യക്തികളുമായി സൗഹൃദം പുലര്‍ത്താനുള്ള അവസരമുണ്ടാകും. നേത്രരോഗം, ശിരോരോഗം എന്നിവ കൊണ്ട് ബുദ്ധിമുട്ടുകളനുഭവിക്കാം. സൗന്ദര്യവസ്തുക്കള്‍ക്കും ആഡംബരത്തിനുമായി ധാരാളം പണം ചെലവഴിക്കാനിടയാകും. സഹോദരങ്ങളുമായും ബന്ധുജനങ്ങളുമായും മാനസികമായ അകല്‍ച്ച ഉണ്ടാകാനിടയാകും. പുതിയ ചില പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കും.
വിഷ്ണുപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വ്യാഴാഴ്ച ഒരിക്കല്‍ വ്രതം ആചരിക്കുകയും ഇഷ്ടദേവതകളെ ഉപാസിക്കുകയും വേണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ധനം ചെലവഴിക്കുകയും ദൂരയാത്രകള് ചെയ്യേണ്ടതായും വരും. സ്വന്തം വീടുപേക്ഷിച്ച് വാടകവീട്ടില്‍ താമസിക്കേണ്ടതായി വന്നേക്കാം. വൈവാഹിക ജീവിതം മെച്ചപ്പെടും. ബാങ്കിംഗ് ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായ സാഹചര്യമാണ്. പൂര്വ്വികസ്വത്തിനെ സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. പ്രേമവിവാഹം നിര്‍ബ്ബന്ധപൂര്‍വ്വം നടത്താനിടവരും. ബിസിനസ്സില്‍നിന്നുള്ള വരുമാനത്തിന് വര്‍ദ്ധനയുണ്ടാകും. അപ്രതീക്ഷിതമായ ചില ആപത്തുകളും വാഹനാപകടങ്ങളും ഉണ്ടാകാനിടയുണ്ട്. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുമെങ്കിലും അവരില്‍നിന്നും സഹായം ലഭിച്ചുവെന്ന് വരില്ല. തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടുന്നത് അത്ര നല്ലതല്ല.
ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, പുഷ്പാഞ്ജലി എന്നിവയും ഹനുമാന് സ്വാമിക്ക് വെറ്റിലമാല, അവില് നിവേദ്യം, തൃക്കൈവെണ്ണ എന്നിവയും നടത്തിക്കൊള്ളണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലവും സാമ്പത്തിക ബാധ്യതകളും ഉണ്ടാകാനിടയുണ്ട്. ഭൂമിപരമായി ക്രയവിക്രയങ്ങളില്‍ ഇടനിലക്കാരുമായി കലഹിക്കേണ്ടതായി വരും. ഗൃഹാന്തരീക്ഷം പൊതുവേ അനുകൂലമായിരിക്കും. മാനസികമായ സമാധാനവും സന്തോഷവും ഉണ്ടാകും. മാറാരോഗങ്ങളില്‍നിന്നും മുക്തി ലഭിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ശരിയാകുമെങ്കിലും പല പ്രശ്നങ്ങളും തരണം ചെയ്യേണ്ടതായി വരും. ഇഷ്ടപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടതായ അവസ്ഥ വ്നുചേരും. വ്യാപാരികള്‍, കരാറുകാര്‍, കമ്പനിക്കാര് മുതലായവര്‍ക്ക് നേരിയ പുരോഗതിയും പുതിയ വാഹങ്ങളും വീടുകളും വാങ്ങാനിടവരികയും ചെയ്യും. പരിസരവാസികളുമായി വാഗ്വാദങ്ങള്‍ക്കും നീരസങ്ങള്‍ക്കും ഇടവരും. ഭാര്യാവീട്ടൂകാര്ക്ക് ആകസ്മികമായ ചില രോഗപീഡകള്‍ വന്നുചേരും.
ഐശ്വര്യവര്‍ദ്ധനയ്ക്കായി ഗണപതിഹോമം, വിഷ്ണുപൂജ, ഭഗവതി സേവ, ശാസ്താക്ഷേത്രത്തില്‍ അഷ്ടോത്തരാര്‍ച്ചന എന്നിവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
കുടുംബജീവിതം സുഖകരമാകും. സജ്ജനങ്ങളുമായി ബന്ധപ്പെടും. ഏജന്റ് ഏര്‍പ്പാടുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലസമയമായിരിക്കും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണവും പ്രശസ്തിയും ഉണ്ടാകും. സര്‍ക്കാരില്‍നിന്ന് വിപരീത നിലപാടുകള്‍ വന്നുകൂടാവുന്നതാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ സൂക്ഷിക്കണം. മാതൃകുടുംബത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനിടവരും. ദീര്‍ഘവീക്ഷണമില്ലാതെ ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ ദോഷമായി ഭവിക്കും. സന്താനങ്ങളുടെ തീരുമാനിക്കപ്പെട്ട വിവാഹത്തിന് തടസ്സം നേരിടാം. ഈശ്വരാനുഗ്രഹംകൊണ്ട് വലിയ വിഷയങ്ങള്‍ ലഘൂകരിക്കപ്പെടും.
ആപല്നിവൃത്തിക്കായി നരസിംഹസ്വാമീക്ഷേത്രിത്തില് രക്തപുഷ്പാര്‍ച്ചന, പാല്‍പ്പായസം, സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും സര്പ്പസൂക്താര്ച്ചന എന്നിവ നടത്തിക്കൊള്ളണം.
Recent Comments