മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ആചാര്യശ്രേഷ്ഠന്മാരുടെ അനുഗ്രഹം കിട്ടാനും സാമ്പത്തികഭദ്രത ഉറപ്പു വരുത്താനും സാഹചര്യമുണ്ടാകും. ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് കൃഷിസംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. രാഷ്ട്രീയരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജലസംബന്ധമായ തൊഴിലുകളില്‍ ഏര്‍പ്പാട് ധനലാഭം ഉണ്ടാക്കാന്‍ ശ്രമിക്കും. ഭൂമിയും നൂതനമായ ഗൃഹവും വാങ്ങാന്‍ ശ്രമിക്കും. ഔദ്യോഗിക പദവി വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. സര്‍ക്കാരില്‍നിന്ന് പ്രതികൂല അവസ്ഥകളും ആരോഗ്യപരമായി അനുകൂലസാഹചര്യവും പ്രതീക്ഷിക്കാം. മറ്റുള്ളവരില്‍നിന്നും ലഭിക്കുന്ന പല വാഗ്ദാനങ്ങളും വൃഥാവിലാകും. ആദ്ധ്യാത്മിക തീര്‍ത്ഥയാത്രകള്‍ക്ക് അവസരം വന്നുചേരും.
ദോഷപരിഹാരമായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം, പഞ്ചാമൃതം, അര്‍ച്ചന ഇവ നടത്തുകയും ദേവിപ്രീതികരമായ വഴിപാടുകളും നടത്തിക്കൊള്ളണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
തൊഴില്‍പരമായ പരിശ്രമങ്ങളില്കൂടി ധനലാഭമുണ്ടാകും. വാഹനലാഭവും കാര്‍ഷികഭൂമികള്‍ സമ്പാദിക്കുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും. ബന്ധുജനങ്ങളും സുഹൃത്തുക്കളും വഴി പലവിധ ഗുണാനുഭവങ്ങള്‍ സിദ്ധിക്കുന്നതാണ്. അനാവശ്യയാത്രകള്‍ കഴിവതും ഒഴിവാക്കണം. അയല്‍ക്കാരുമായി വാക്കുതര്ക്കങ്ങള്ക്കിടവരും. ഉപരിപഠനങ്ങള്‍ക്ക് സാഹചര്യം ഉണ്ടാകും. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പിതൃധനങ്ങള് ആര്‍ജ്ജിക്കുന്നതിനുവേണ്ടി വ്യവഹാരങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരും. സന്താനങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമം സഫലീകൃതമാകും. ശമിച്ചിരിക്കുന്ന വ്യാധികള്‍ വീണ്ടും ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം നിര്‍ത്തിവയ്ക്കേണ്ടതായി വരും. സ്വകാര്യ ഇടപാടുകള്‍ വളരെ മന്ദഗതിയിലായിരിക്കും.
ദോഷശാന്തിക്കായി ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, നെയ് വിളക്ക്, അര്‍ച്ചന ഇവയും ദുര്ഗാക്ഷേത്രദര്ശനവും സ്ഥിരമായി നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
ധനലാഭത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുകിട്ടും. വാഹനം വാങ്ങുന്നതിനും ഉന്നതമായ സുഹൃത്ത്ബന്ധങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനും ഇടയാകുന്നതാണ്. ഔദ്യോഗികരംഗത്ത് അത്യദ്ധ്വാനം നിമിത്തമുള്ള ക്ലേശങ്ങളും മേലുദ്യോഗസ്ഥരില്‍നിന്ന് പ്രീണനങ്ങളും ഉണ്ടായേക്കാം. വിദേശയാത്രകള്‍ ചെയ്ത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. സര്‍ക്കാരില്‍നിന്നും അനുകൂലമായ സഹായം വന്നുചേരും. സഹായികള്‍ നിമിത്തം പൊതുരംഗത്ത് അപവാദവും സ്ഥാനനാശവും സംഭവിക്കാം. വീഴ്ചകളും വാഹനാപകടങ്ങളും ഉണ്ടാകാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വിവാഹബന്ധങ്ങളില്‍ ഉലച്ചിലും തീരുമാനങ്ങള്‍ പലതും മാറ്റേണ്ടതായും വരും. കലാ-സാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ അംഗീകാരവും, സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.
ദോഷശാന്തിക്കായി നരസിംഹമൂര്‍ത്തിക്ക് രക്തപുഷ്പാഞ്ജലി സഹസ്രനാമാര്‍ച്ചന ഇവയും കൃഷ്ണസ്വാമിയിങ്കല് പാല്‍പ്പായസം, നെയ് വിളക്ക്, തുളസിമാല ഇവയും നടത്തി ഭജിച്ചുകൊള്ളണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ഗൃഹനിര്‍മ്മാണത്തിനും നൂതന തൊഴിലില്‍ ഏര്‍പ്പെടുന്നതിനും അവസരമുണ്ടാകും. വിവാഹത്തിനുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാകും. സന്താനങ്ങള്‍ക്ക് വിദേശയാത്ര തരപ്പെടുന്നതും ഉന്നത വിദ്യാഭ്യാസത്തിനായി അവസരവും സിദ്ധിക്കും. ദൈവികകാര്യങ്ങളില്‍ കൂടുതല്‍ സമയം കണ്ടെത്താനും സാമ്പത്തികം ചെലവഴിക്കാനും ഇടവരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശേഷസ്ഥാനമാനങ്ങള്ക്ക് അവകാശമുണ്ട്. പൂര്‍വ്വികമായ സ്വത്ത് നഷ്ടം വരുകയും വ്യവഹാരാദികളെക്കൊണ്ട് മനോദുഃഖം അനുഭവിക്കേണ്ടതായും വരും. ആരോഗ്യസ്ഥിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും അത് പരിഹരിക്കപ്പെടും. ജലസമ്പത്തുക്കള്കൊണ്ട് ധനലാഭം ഉണ്ടാകും. ഇരുമ്പുവ്യവസായമേഖല, കശുവണ്ടിമേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും.
ദോഷപരിഹാരമായി സര്‍പ്പക്ഷേത്രത്തില്‍ നൂറുംപാലും ധര്മ്മദൈവഭജനം, ദേവീക്ഷേത്രദര്ശനം എന്നിവ നടത്തിക്കൊള്ളണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
വിദേശയാത്രയ്ക്കുള്ള അനുകൂലസാഹചര്യം തെളിഞ്ഞുകിട്ടും. യാത്രാവേളകള്‍ മനഃപ്രയാസത്തിന് വഴിയൊരുക്കാതെ കരുതലോടെ പോകേണ്ട കാലമാണ്. മനോരോഗവും ശിരോരോഗവും അനുഭവിച്ചു കഴിയുന്നവര്‍ക്ക് വിഷമതകള്‍ വര്‍ദ്ധിക്കാനിടവരും. വിവാഹ തീരുമാങ്ങളില്‍ മാറ്റമുണ്ടാകാനിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കും മംഗളകാര്യങ്ങള്ക്കുംവേണ്ടി ധനം ചെലവഴിക്കുകയും പിന്നീടത് ബാധ്യതയായിത്തീരുകയും ചെയ്യും. ഔദ്യോഗികരംഗത്ത് സല്‍ക്കീര്‍ത്തിയും സ്ഥാനക്കയറ്റവും വന്നുചേരാനിടയുണ്ട്. ബന്ധുക്കളുമായി ഭൂമി ഇടപാടുകളില്‍ കലഹിക്കേണ്ടതായി വരും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, ത്വക്ദോഷങ്ങള്, പകര്‍ച്ചവ്യാധികള്‍ ഇവ പിടിപെടാതെ ശ്രദ്ധിക്കണം. 4, 6 തീയതികള്‍ അത്ര ഗുണപ്രദമല്ല.
ദോഷപരിഹാരമായി മലദേവസ്ഥാനങ്ങളില് ദര്‍ശനം നടത്തുകയും വിഷ്ണുക്ഷേത്രനടയില് സഹസ്രനാമ പുഷ്പാഞ്ജലി, പുരുഷ സൂക്താര്‍ച്ചന എന്നിവയും നടത്തി ഭജിച്ചുകൊള്ളണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
മംഗളകാര്യങ്ങളെക്കൊണ്ടും ബന്ധുഗുണംകൊണ്ടും ഗൃഹത്തില്‍ കൂടുതല്‍ സന്തോഷത്തിനിടവരുന്നതാണ്. യാത്രാവേളകള്‍ പലതും മനഃപ്രയാസത്തിനിടവരും. നാല്‍ക്കാലികളില്‍നിന്നും വാഹനാദികളില്നിന്നും കഷ്ടനഷ്ടങ്ങള്ക്കിടവരും. പിതൃസ്ഥാനീയര്‍ക്ക് ആപത്തുകളും വിയോഗവും ഉണ്ടാകാനിടയുണ്ട്. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃഷി, മത്സ്യബന്ധനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തികനഷ്ടങ്ങള്ക്കിടവരും. സന്താനക്ലേശങ്ങളും ഗര്‍ഭിണികള്‍ക്ക് അരിഷ്ടതകളും ഉണ്ടാകാനിടയുണ്ട്. ഉചിതമല്ലാത്തതായ ദാമ്പത്യബന്ധം കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്ക്കിടവരുന്നതാണ്. ഭാര്യാകുടുംബത്തില് ഭൂമിപരമായ ശത്രുക്കള്ക്കിടവരുത്തും. മാതൃസ്ഥാനീയര്‍ക്ക് ആപത്തുകളും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് ആകസ്മികമായ അപകടങ്ങളും ഉണ്ടാകാം.
ദോഷശാന്തിക്കായി സുബ്രഹ്മണ്യക്ഷേത്രഭജനം, ശിവക്ഷേത്രത്തില്‍ ധാര, രുദ്രസൂക്താര്‍ച്ചന, കൂവളത്തിന്മാല എന്നിവ നടത്തിക്കൊള്ളണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
മുടക്കം വന്ന് കിടന്നിരുന്നതായ ധനം കൈവശം വന്നുചേരും. ക്രയവിക്രയങ്ങളിലും ഊഹക്കച്ചവടങ്ങളിലും വിജയം കൈവരിക്കും. പണയപ്പെടുത്തിയിരുന്നതായ സ്വര്‍ണ്ണവും വസ്തുവകകളും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാതെവരാം. പ്രയത്നിക്കുന്നതിനനുസരിച്ചുള്ള ഫലം കാണാതെ നിരാശപ്പെട്ടു എന്ന് വരാം. പുതിയ വാഹനങ്ങളോ ഗൃഹമോ വാങ്ങുന്നതിനായി ശ്രമിക്കും. മുടങ്ങിക്കിടന്നിരുന്നതായ ഗൃഹകര്മ്മം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ശത്രുക്കളുമായി അനുരഞ്ജനത്തിന് ശ്രമിക്കും. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. അപസ്മാരരോഗം, ന്യൂറോ സംബന്ധമായ രോഗം ഇവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ് ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങളും അനുഭവിക്കണം.
ദുര്ഗ്ഗാക്ഷേത്രഭജനം, ലളിതാസഹസ്രനാമജപം, കേവീസൂക്തജപം എന്നിവ അനുഷ്ഠിക്കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
അപ്രതീക്ഷിതമായി കുടുംബത്തില്‍നിന്ന് ഭൂമിസമ്പത്തുകള് വന്നുചേരാനിടയുണ്ട്. തൊഴില്‍രംഗങ്ങളില്‍ സ്വന്തമായുള്ള പ്രവര്‍ത്തനങ്ങളെക്കൊണ്ട് നേട്ടം കൈവരിക്കും. വാഹനത്തില്‍നിന്ന് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അസ്ഥിസംബന്ധമായ രോഗങ്ങളും കണ്ണിന് വൈഷമ്യങ്ങളും ഭാര്യാസന്താനങ്ങളെക്കൊണ്ട് മനഃപ്രയാസങ്ങളും വന്നുചേരാനിടയുണ്ട്. സഹായികള്‍ നിമിത്തം ധനലാഭവും സഹോദരാദികള്‍ക്ക് രോഗപീഡയും അനുഭവപ്പെടാം. സന്താനങ്ങളില്‍ രോഗപീഡയും ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങളും ഉണ്ടാകാം. നിശ്ചയിക്കപ്പെട്ട വിവാഹബന്ധങ്ങള്‍ക്ക് മാറ്റം വരും. വിഷഭുക്തിയോ വിഷദംശനമോ ഏല്ക്കാനിടയുണ്ട്. വിവാഹബന്ധത്തില്‍ കോടതി വ്യവഹാരങ്ങള്ക്കിടവരും. കയര്‍മേഖലയിലും ഇരുമ്പുവ്യവസായങ്ങളിലും നേരിയ പുരോഗതിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.
ഐശ്വര്യ വര്‍ദ്ധനവിനായി, ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, സര്‍പ്പക്ഷേത്രത്തില്‍ സര്പ്പസൂക്താര്ച്ചന, നിലവറപ്പായസം, സര്‍പ്പപ്പാട്ട് എന്നിവ നടത്തിക്കൊള്ളേണ്ടതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഈ ആഴ്ച പൊതുവേ സാമ്പത്തികമായി നേട്ടമുണ്ടാകും. വിദ്യാഭ്യാസവിഷയത്തില്‍ മന്ദതയും തടസ്സവും ഉണ്ടാകും. ഭൃത്യന്മാരില്‍നിന്നും പ്രതികൂലമായ സാഹചര്യവും, മനഃപ്രയാസവും ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങള്‍ക്കായി സാമ്പത്തികം ചെലവഴിക്കേണ്ടതായി വരും. ഭൂമിപരമായി ക്രയവിക്രയങ്ങള്‍ നടക്കുമെങ്കിലും കുടുംബത്ത് ഇതുസംബന്ധിച്ച് കുടുംബജനങ്ങളുടെ വിരോധങ്ങള്‍ക്ക് കാരണമാകും. മാതൃസ്ഥാനീയര്‍ക്ക് രോഗദുരിതങ്ങളും ആപത്തുകളും വന്നുചേരാം. നാല്ക്കാലികള്ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കാം. അഗ്നി നിമിത്തവും രോഗങ്ങള്‍ ഹേതുവായും ദുരിതങ്ങള്‍ വന്നുചേരാം. നാഡീഞരമ്പുകള്‍ക്ക് രോഗങ്ങളും അലര്‍ജി നിമിത്തമായ ബുദ്ധിമുട്ടുകളും അനുഭവിക്കും. ആഡംബരവസ്തുക്കള്‍ വാങ്ങുകയും ഗൃഹം മോടിപിടിപ്പിക്കുകയും ചെയ്യും. സ്വന്തമായി ബിസിനസ് ഉള്ളവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങളും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. 9, 12 തീയതികള്‍ അത്ര ഗുണകരമായിരിക്കുകയില്ല.
വിഷ്ണുക്ഷേത്രഭജനം, ഗണപതിഹോമം, വിഷ്ണുപൂജ, സഹസ്രനാമജപം എന്നിവ നടത്തുന്നത് കൂടുതല്‍ ശ്രേയസ്കരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
പുതിയ തൊഴില്‍ സംരംഭത്തിലേര്പ്പെടുന്നതിനായി സാമ്പത്തികത്തിനുവേണ്ടി മറ്റുള്ളവരുടെ സഹായം തേടേണ്ടതായി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടുമെങ്കിലും, മാനസികാവസ്ഥ സംഘര്‍ഷഭരിതമായി തുടരുന്നതാണ്. വിവാഹജീവിതത്തില്‍ അസ്വാരസ്യങ്ങളും ബന്ധുജനങ്ങളുമായി പരിഭവങ്ങള്‍ക്കും കാരണമാകും. സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കും ആകസ്മികമായി ആപത്തുകളും അപകടങ്ങളും ഉണ്ടാകാനിടയുണ്ട്. ദൈവികകാര്യങ്ങള്‍ക്കായി ധാരാളം ധനം ചെലവഴിക്കും. സന്താനങ്ങളുമായി ചില്ലറ സൈ്വരക്കേടുകള്‍ ഉണ്ടായെന്നുവരാം. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതര സംഘടനാപ്രവര്‍ത്തകര്‍ക്കും പ്രശസ്തിയും സ്ഥാനഗുണങ്ങളും ലഭിക്കുന്നതാണ്. വാതസംബന്ധമായ രോഗങ്ങളും, മാനസിക രോഗങ്ങളും ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ്. കാര്ഷികസമ്പത്തില് നഷ്ടങ്ങളും സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ ലഭിക്കാതെയും വരാം. പുതിയതായി വാങ്ങിയ വാഹനങ്ങള്‍ക്കും പുതിയതായി നിര്‍മ്മിച്ച ഗൃഹത്തിനുംവേണ്ടി വീണ്ടും സാമ്പത്തികം ചെലവഴിക്കേണ്ടതായി വരും.
ദോഷശാന്തിക്കായി ശാസ്താവിങ്കല്‍ നീരാജനം, നവഗ്രഹപൂജ, ശനീശ്വരപൂജ എന്നിവ നടത്തുകയും ഭാഗവതം പാരായണം ചെയ്യുകയും വേണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
നിശ്ചയിച്ചുറപ്പിച്ച ദൂരയാത്രകള്‍ക്കും മംഗളകര്‍മ്മങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടും. വാസഗൃഹം മാറി വാങ്ങുന്നതിനും, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വേണ്ടി ധനം ചെലവഴിക്കും. വിദേശങ്ങളില്‍ കമ്പനിജോലി ചെയ്യുന്നവര്‍ക്ക് അതോടൊപ്പംതന്നെ പുതിയ ബിസിനസ്സുകള്‍ ചെയ്യുന്നതിനായി ശ്രമം തുടങ്ങും. വായ്പ കൊടുത്തതായ ധനം തിരികെ ലഭിച്ചു എന്ന് വരില്ല. പുണ്യസ്ഥാനങ്ങള്‍ ദര്‍ശനം ചെയ്യുകയും, ദൂരസ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനവും വഴിപാടുകളും നടത്തും. കൂട്ടുകച്ചവടങ്ങളിലും, കാര്‍ഷിക സമ്പത്തിലും നേരിയ പുരോഗതി ഉണ്ടാകും. സ്ത്രീസന്താനങ്ങള്ക്ക് രോഗപീഡകളും ബന്ധുജനങ്ങള്‍ക്ക് ആപത്തുകളും മനഃപ്രയാസത്തിനിടവരുത്തും. പോലീസ്, റവന്യു എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകുമെങ്കിലും സാമ്പത്തികമായി നേട്ടം കൈവരിക്കും.
ദോഷശാന്തിക്കായി നവഗ്രഹങ്ങളില്‍ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ പൂജിക്കുകയും, തമോഗുണാചാരമുള്ള ക്ഷേത്രങ്ങളില്‍ യഥായോഗ്യം വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുകയും ശാസ്താപ്രീതികരമായുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വേണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ആദ്ധ്യാത്മിക മേഖലയില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സന്താനങ്ങള്ക്കായി പുതിയ വാഹനം വാങ്ങുകയോ, ഗൃഹനിര്‍മ്മാണം ചെയ്തു കൊടുക്കുകയോ ചെയ്യാന്‍ ശ്രമിക്കും. സ്വത്തുക്കള്‍ സംബന്ധമായും കൊടുക്കല്‍ വാങ്ങലുകള്‍ നിമിത്തമായോ പരസ്പരം മത്സരിക്കുകയും കലഹിക്കുകയും ചെയ്യാം. ശരീരത്തിന് അഗ്നി നിമിത്തമായോ ആയുധം നിമിത്തമായോ ക്ഷതം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഉറ്റവരുടെയും ബന്ധുജനങ്ങളുടെയും ആകസ്മികമായ വേര്‍പാടുകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ലഹരിസാധനങ്ങളും അമിതഭക്ഷണം കഴിക്കുന്നവരും ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കണം. നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന, വായ്പ കൊടുത്തിരുന്ന ധനം തിരികെ ലഭിക്കാനിടവരും. മറ്റു നാടുകളില്‍ പോയി തൊഴിലിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആശ്വാസത്തിനിടവരും. കേര, ക്ഷീര കര്‍ഷകര്‍ക്ക് ഈ ദിവസങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ വന്നുകൂടും. മതപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും പൊതുസ്ഥാപനങ്ങള്‍ നടത്തിവരുന്നവര്‍ക്കും സര്‍ക്കാരില്‍നിന്ന് പ്രതികൂലങ്ങള്ക്കിടവരുന്നതായിരിക്കും.
ദുരിതശാന്തിക്കായി വിഷ്ണുപൂജ, ഭദ്രകാളീക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി, കുങ്കുമാര്‍ച്ചന, ചുവന്ന പട്ടുടയാട, രക്തപുഷ്പങ്ങളെക്കൊണ്ടുള്ള മാലചാര്‍ത്തല്‍, സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പഞ്ചാമൃതം എന്നീ വഴിപാടുകള്‍ നടത്തിക്കൊള്ളണം.
Recent Comments