മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഉയര്‍ന്ന സ്ഥാനലബ്ധി, സാമൂഹിക അംഗീകാരം എന്നിവ അനുഭവവേദ്യമാകും. ദോഷകരമായ കൂട്ടുകെട്ട്, ശാരീരികക്ഷതം എന്നിവ കരുതിയിരിക്കേണ്ടതും സുഹൃത്തുക്കളില്നിന്നുംനിരാശ അനുഭവപ്പെടും. സന്താനങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടതായി വരും. ഈശ്വരീയമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. സുഹൃത്തുക്കളുടെ സഹായത്താല്‍ വിജയവും സഹകരണവും നിമിത്തം നേട്ടത്തിന് സാധ്യത കാണുന്നു. സാഹിത്യ ഉദ്യമങ്ങളില്‍നിന്ന് നേട്ടം, കമ്മീഷന് ഏജന്‍സികള്‍ വഴി വിജയം എന്നിവ കാണുന്നു. അസുഖബാധിതയായ ഭാര്യ, മാനസികാസ്വാസ്ഥ്യം, ബന്ധുവിയോഗം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ അലട്ടും. സാഹിത്യം, എഴുത്ത്, അച്ചടി മാധ്യമം എന്നീ രംഗത്തുള്ളവര്‍ക്ക് ഗുണകരമാണ്. പാരിതോഷികങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യം ലഭിക്കും.
കാലദോഷപരിഹാരമായി ദേശദേവാലയദര്ശനം, വിഷ്ണുസഹസ്രനാമജപം, പുരുഷസൂക്തജപം ഇവ പതിവായി ചെയ്യുന്നതും ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ജോലിക്കയറ്റം, വരുമാനവര്‍ദ്ധനവ്, പദവിയിലുയര്ച്ച എന്നിവ വന്നുചേരും. ആരോഗ്യക്കുറവ്, ഭയം, ആശങ്ക എന്നിവയെ കരുതിയിരിക്കണം. വാതസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉത്കര്ഷാഭിലാഷപ്രവണതകള് തൊഴില്‍രംഗത്ത് വിജയം നേടിത്തരും. വേര്‍പിരിഞ്ഞിരിക്കുന്ന പങ്കാളികള്‍ ഒന്നുചേരും. പുതിയതായി തുടങ്ങുന്ന സംരംഭങ്ങളില്‍ മുടക്കം വരാതെ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. പ്രണയബന്ധങ്ങള്ക്ക് സാധ്യത കാണുന്നുണ്ട്. കാലങ്ങളായി അലട്ടുന്ന രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയവും മനസ്സമാധാനവും അനുഭവപ്പെടും. ഉന്നത ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കം പ്രവൃത്തിമേഖലയെ ദോഷകരമായി ബാധിക്കും. സന്താനങ്ങള്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ സാധിക്കും. സംഘടനാതരെഞ്ഞെടുപ്പുകളില് വിജയമുണ്ടാകും.
ദോഷശമനത്തിനായി ശാസ്താക്ഷേത്രത്തില്‍ ശംഖാഭിഷേകം, നീരാജനം, ശംഖുപുഷ്പം കൊണ്ടുള്ള അര്‍ച്ചന ഇവ നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
വിദേശത്തുള്ളവര്‍ക്ക് മടങ്ങിവരാനുള്ള മാര്‍ഗ്ഗത്തിന് തടസ്സം നേരിടും. വ്യവസായരംഗത്തുള്ളവര്ക്ക് അനുകൂലസമയമാണ്. ചഞ്ചലപ്രവണതകള് കൊണ്ട് തൊഴില്‍ പരാജയം വരാതെ ജാഗ്രത പുലര്‍ത്തണം. സഹോദരങ്ങളുടെ സന്താനങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യേണ്ടതായ സാഹചര്യമുണ്ടാകും. വിദ്യാഭ്യാസമൗഢ്യം, ബന്ധുക്കളുമായി പൊരുത്തക്കേട് എന്നിവ അനുഭവവേദ്യമാകും. അപരിചിതരുമായി കൂടുതല്‍ അടുത്ത് സഹകരിക്കാനിടവരും. പൊതുമേഖലാസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. സ്ത്രീജനങ്ങളുടെ വിരോധത്തിന് കാരണങ്ങള്‍ വന്നുചേരും. അധികാരികളുമായി വാഗ്വാഗത്തിലേര്പ്പെടുന്നത് നല്ലതല്ല. ഭൂമിസംബന്ധമായ വ്യവഹാരത്തിനുള്ള സാധ്യതയുണ്ട്.
പരിഹാരമായി ദേശദേവാലയദര്ശനം, വിശ്വാസദേവാലയത്തില് യഥായോഗ്യം വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തണം. പുരുഷസൂക്തം, ഗായത്രിമന്ത്രം ഇവ ജപിക്കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ബന്ധുക്കള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയും അനുകൂലമായ ഗൃഹാന്തരീക്ഷവും ഉണ്ടാകും. തൊഴില്‍ രംഗങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ശ്രദ്ധക്കുറവ് കൊണ്ട് കൂടുതല്‍ സാമ്പത്തികബാദ്ധ്യതകള്‍ വന്നുകൂടാവുന്നതാണ്. വിദ്യാഭ്യാസമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്ര ഗുണകരമാകുകയില്ല. നെല്‍കൃഷിക്കാര്‍ക്കും കേരകര്‍ഷകര്‍ക്കും സര്‍ക്കാരില്‍നിന്നും സാമ്പത്തികസഹായം ലഭിക്കും. ഹൃദയരോഗം, അസ്തിസംബന്ധമായ രോഗം ഇവയുള്ളവര്‍ ചികിത്സകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. കുടുംബഓഹരി ലഭിക്കുന്നതില്‍ മനസ്സ് തൃപ്തിയാകാതെ വരും. സ്ഥാനമാറ്റങ്ങളോ ദൂരയാത്രകളോ വന്നുചേരും.
ദോഷശാന്തിക്കായി ദേവീക്ഷേത്രദര്ശനം, ലളിതാസഹസ്രനാമജപം, ദേവീമാഹാത്മ്യപാരായണം ഇവ നടത്തുകയും ധര്മ്മദൈവഭജനം, സര്‍പ്പപ്രീതി എന്നിവ നടത്തുകയും വേണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
നിശ്ചയിച്ച ദൂരയാത്രകള്‍ക്ക് മാറ്റം വരും. ഉത്സാഹരാഹിത്യം, ലക്ഷ്യമില്ലായ്മ, സല്‍ക്കര്‍മ്മങ്ങള്‍ ഫലിക്കാതെ വരിക, മാനസികമായ അസ്വാസ്ഥ്യം അനുഭവപ്പെടുക, കുടുംബജീവിതത്തില്‍ തര്‍ക്കവും പൊരുത്തക്കേടും അസ്വാരസ്യവും ഉണ്ടാകുക തുടങ്ങിയവ അനുഭവിക്കാനിടവരും. സന്താനഭാഗ്യത്തിന് അവസരമുണ്ടാകും. വാസഗൃഹം മാറേണ്ടതായി വരും. കൃഷിസമ്പത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാകും. വാഹനപരമായ ക്ലേശങ്ങള്ക്കിടവരും പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനലബ്ധി ഉണ്ടാകും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനും ആഢംബരം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കും. അയല്‍ക്കാരുമായുള്ള ഭൂമിതര്‍ക്കങ്ങള്‍ മധ്യസ്ഥത മുഖേന പരിഹരിക്കുവാന്‍ ശ്രമിക്കും.
പരിഹാരമായി ശിവങ്കല്‍ പിറകില്‍ വിളക്ക്, കൂവളമാല, ജലധാര, രുദ്രസൂക്താര്‍ച്ചന ഇവ പതിവായി ചെയ്യുന്നതും ദേശദേവതയെ ദര്‍ശനം ചെയ്യുന്നതും ഉത്തമമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
അപ്രതീക്ഷിതമായി സാമ്പത്തികനേട്ടമുണ്ടാകും. ഉദ്യോഗവും വിവാഹവും ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ഫലമുണ്ടാകും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. തൊഴില്‍രംഗത്ത് മത്സരത്തിന് സാധ്യത ഉണ്ടാകും. അധികാരത്തിനുവേണ്ടി മറ്റുള്ളവരുമായി സന്ധിസംഭാഷണത്തിലേര്പ്പെടും. സന്താനങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം ചെലവഴിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കും കോഴി മുതലായ പക്ഷികള്‍ക്കും രോഗങ്ങളോ നാശമോ ഉണ്ടാകാം. ആകസ്മികമായ രോഗപീഡകള്‍ വന്നുചേരും. ദാമ്പത്യജീവിതത്തില്‍ ചില്ല അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നുവരാം. ബന്ധുവീടുകളിലെ മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളേണ്ടതായി വരും.
ഐശ്വര്യ വര്‍ദ്ധനവിനായി വിഷ്ണുക്ഷേത്രദര്‍ശനം, കൃഷ്ണസ്വാമിയിങ്കല് പുരുഷസൂക്തപുഷ്പാഞ്ജലി, തൃക്കൈവെണ്ണ, നെയ് വിളക്ക് ഇവയും നരസിംഹസ്വാമിയിങ്കല് പുഷ്പാഞ്ജലിയും നടത്തണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
അകാരണചിന്തകള് മനഃസ്വസ്ഥത ഇല്ലാതാക്കും. വ്യാപാരവ്യവസായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ ഗുണം പ്രതീക്ഷിക്കാം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍തടസ്സം നേരിടാം. അനാവശ്യസാമ്പത്തിക ബാധ്യതകള്‍ വന്നുകൂടും. പ്രേമവിവാഹം പരാജയപ്പെടും. പ്രമേഹരോഗികളും അര്‍ശ്ശസ് മുതലായ ഉദരരോഗങ്ങള്‍ അനുഭവിക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കണം. നാല്ക്കാലിവ്യാപാരം ചെയ്യുന്നവരും വസ്ത്രവ്യാപാരികളും സാമ്പത്തിക നഷ്ടകഷ്ടങ്ങള്‍ അനുഭവിക്കാനിടവരും. വിഷജന്യമായ രോഗങ്ങള്‍ പിടിപെടാം. സന്താനഭാവത്തെക്കൊണ്ട് മനഃപ്രയാസം അനുഭവിക്കേണ്ടതായി വരും. ഭൂമി വാങ്ങുന്നതിനോ, വീട് മോടി പിടിപ്പിക്കുന്നതിനോ ശ്രമിക്കും. സഹായികളില്‍നിന്ന് വഞ്ചന നേരിടേണ്ടതായി വരും.
കാലദോഷപരിഹാരമായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നെയ്യ് വിളക്ക്, ദുര്ഗ്ഗാസപ്തശതീ ജപം ഇവ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
ഗൃഹകരണാദികള് വിജയപ്രദമായി പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ സമാധാനം നിലിര്ത്തും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മവീര്യം നഷ്ടപ്പെടും. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനായി ശ്രമിക്കും. മാതൃജങ്ങളുടെ രോഗദുരിതങ്ങള്ക്ക് ശമനം ലഭിക്കും. വിദ്യാഭ്യാസത്തിനായി വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അത് സഫലീകൃതമാകും. സ്വന്തം അഭിപ്രായം പലരുടേയും വിരോധങ്ങള്ക്കിടവരും. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും കയര്‍, കശുവണ്ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് അവസരം വന്നുചേരും. കുടുംബഭൂമി സംബന്ധമായ രേഖാകരണങ്ങളില് തീരുമാനമുണ്ടാകും. പിതൃസ്ഥാനീയര്‍ക്ക് നാഡീസംബന്ധമായും അസ്ഥിസംബന്ധമായും ഉള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തുന്നത് ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
തൊഴിലില്ശ്രദ്ധ കുറയും. അപ്രതീക്ഷിതമായ കഷ്ടനഷ്ടങ്ങള്ക്കിടവരും. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ കേള്‍ക്കാനിടവരും. നിശ്ചയിച്ചുറപ്പിച്ച തൊഴില്‍ സംരംഭങ്ങള്‍ പരാജയത്തിലായിത്തീരും. മാതുലസ്ഥാനീയര്ക്ക് രോഗപീഡകളും വിഷഭയവും ഉണ്ടാകാം. പത്രം, കോടതി, റവന്യൂഡിപ്പാര്ട്ട്മെന്റ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അനുഭവങ്ങള്‍ക്ക് കാരണമുണ്ടാകും. വിദ്യാഭ്യാസത്തിനായി വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. അപ്രതീക്ഷിതമായ അധികച്ചെലവുകള്‍ വന്നുചേരും. വിവാഹാദിമംഗളകര്‍മ്മങ്ങള്‍ നടത്താനിടയാകും. ആരോഗ്യപ്രശ്നങ്ങള്‍ ഇടയ്ക്കിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
വിഷ്ണുക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം, വിഷ്ണുസഹസ്രാമജപം ഇവയും ശിവങ്കല്‍ മാല, അര്‍ച്ചന, ധാര എന്നീ വഴിപാടുകള്‍ നടത്തുന്നതും കൂടുതല്‍ ഗുണകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. വിദേശത്ത് പോയിട്ടുള്ള സ്വജന ബന്ധുജനങ്ങളെപ്പറ്റി ആശങ്കകള്‍ക്ക് അവകാശം കാണുന്നു. ലോഹ്യവ്യാപരം നടത്തുന്നവര്‍ക്ക് അത്ര അനുകൂലമല്ല. അതിഥികളെക്കൊണ്ട് വിഷമങ്ങള്‍ നേരിടും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയും. ഗൃഹം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ സഫലമാകും. സംഗീതം, കല, സാഹിത്യം എന്നീ മേഖലകളിലുള്ളവര്‍ക്ക് ശോഭിക്കാന്‍ അവസരം ലഭിക്കും. അഗ്നി, വൈദ്യുതി, ഇടിമിന്നല്‍ എന്നിവയില്‍നിന്ന് അപകടമുണ്ടാകാതെ ശ്രദ്ധിക്കണം. സ്വരൂപിച്ചുവച്ചിരുന്ന സമ്പത്ത് ഉദ്ദിഷ്ടകാര്യത്തിന് ഉപകരിക്കാന്‍ കഴിയാതെ വരും. യാത്രാമധ്യത്തില്‍ അക്രമികളില്നിന്നോ കള്ളന്മാരില്നിന്നോ ഉപദ്രവം നേരിടാന്‍ സാധ്യതയുണ്ട്.
ഐശ്വര്യവര്‍ദ്ധനയ്ക്കായി ശാസ്താവിന് നീരാജനം, അഷ്ടോത്തരാര്‍ച്ചന, മലദൈവങ്ങള്‍ക്ക് വട്ടക സമര്‍പ്പണം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
മത്സരപ്പരീക്ഷകളില്‍ പരാജയസാധ്യതയുള്ളതിനാല് കൂടുതല്‍ പരിശ്രമിക്കണം. ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. സ്ത്രീജനങ്ങള്‍ക്ക് ഏറെക്കുറെ ഗുണകരമായിരിക്കും. മാതൃജനങ്ങളുടെ രോഗദൂരിതങ്ങള്ക്ക് ശമനം വരും. സാമ്പത്തികമായ നേട്ടങ്ങളുണ്ടാകുമെങ്കിലും അധിക ചെലവ് വന്നുകൂടും. മേലധികാരികളില്‍നിന്ന് മാനസികമായ പീഡനങ്ങളും ആരോപണങ്ങളും അപവാദങ്ങളും സഹിക്കേണ്ടതായി വരും. ആകസ്മികമായ അപകടങ്ങളും രോഡപീഡകളും വന്നുകൂടാതെ ശ്രദ്ധിക്കണം. ക്ഷീരകര്‍ഷകര്‍ക്കും ഫാമുകള്‍ നടത്തിപ്പുകാര്‍ക്കും അനുകൂലസമയമാണ്. സന്താനസൗഭാഗ്യത്തിനായി ചികിത്സകളും ദൈവികകര്മ്മങ്ങളും നടത്തും. വിദേശയാത്രകള്‍ക്ക് പരിശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടും.
ദോഷശാന്തിക്കായി കൃഷ്ണസ്വാമീക്ഷേത്രദര്ശനം, വിഷ്ണുസരസ്രനാമജപം, പുരുഷസൂക്താര്‍ച്ചന, ശാസ്താഭജനം എന്നിവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
നൂതന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. വ്യാപാരമേഖലയില്‍ പൊതുവേ തകര്‍ച്ചയുണ്ടാകും. പരിസരജനങ്ങളില്നിന്ന് ശത്രുത നേരിടേണ്ടതായി വരും. സ്ത്രീജനങ്ങളിലൂടെ നേട്ടം, സാമൂഹിക വിജയം, സുഹൃത്തുക്കളിലൂടെ ജീവിതവിജയം എന്നിവയുണ്ടാകും. ഉദരരോഗം, ജ്വരം, അലര്‍ജി എന്നിവ നിമിത്തം ക്ലേശിക്കും. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് അത്ര അനുകൂലമല്ല. ഏതു കാര്യങ്ങള്‍ക്കും ചഞ്ചലചിത്തത അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മതിയും, സ്ഥാനമാനങ്ങളും ഉണ്ടാകും. മതപരമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസാഹചര്യമാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ദേശാന്തരയാത്രകള്‍ വേണ്ടിവരും. പുതിയ വാഹനങ്ങള്‍ വാങ്ങാനിടയാകും.
ആപല്നിവൃത്തിക്കായി ദേശദേവാലയത്തില് നിത്യദര്‍ശനം നടത്തുകയും വിഷ്ണുസഹസ്രനാമജപം, വിഷ്ണുപൂജ എന്നിവയും സര്‍പ്പങ്ങള്‍ക്കായി നൂറും പാലും, സര്പ്പസൂക്താര്ച്ചനയും നടത്തി പ്രാര്‍ത്ഥിക്കണം.
Recent Comments