മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാനും പുതിയ അറിവുകള്‍ നേടുന്നതിനുമുള്ള അവസരങ്ങള്‍ വന്നുചേരും. വിദേശയാത്രകള്‍ക്കുള്ള പരിശ്രമങ്ങള്‍ സഫലമാകുന്നതാണ്. ഭൂമിസംബന്ധമായ വ്യവഹാരങ്ങളിലേര്‍പ്പെട്ട് വിഷമിക്കേണ്ടതായി വരും. വാസസ്ഥാനത്തിന് പരിവര്‍ത്തനമുണ്ടാകാം. വാദസംബന്ധമായും നയനസംബന്ധമായുമുള്ള അസുഖങ്ങളാല്‍ വിഷമിക്കുകയും തൊഴില്‍രംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ്. ബിസിനസ്സ് സ്ഥാപനങ്ങളില്‍ അഗ്നിബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യാത്രാക്ലേശം വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. സേനാവിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിക്കാന്‍ വഴിയൊരുങ്ങും. പിതൃതുല്യരുടെ വേര്‍പാട് നിമിത്തം ദുഃഖം അനുഭവിക്കേണ്ടതായി വരും.
കാലദോഷ പരിഹാരമായി ദേശദേവാലയദര്ശനം, വിഷ്ണുസഹസ്രനാമജപം, പുരുഷസൂക്തജപം ഇവ പതിവായി ചെയ്യുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ജോലിയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കും. താമസസ്ഥലത്ത് അഭിവൃദ്ധി, ബന്ധുക്കളുടെ സഹായം, പ്രയോജനപ്രദവും ആനന്ദകരവുമായ യാത്രകള്‍ എന്നിവ വന്നുചേരും. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രബലരായ ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം, തെറ്റായ കുറ്റാരോപണ അപകടം, കാരാഗൃഹവാസം എന്നിവയ്ക്കുള്ള സാദ്ധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി ധാരാളം യാത്ര ചെയ്യേണ്ടതായി വരും. സത് വൃത്തികള്‍ക്ക് തടസ്സവും അടുത്ത ബന്ധുക്കളുടെ വിയോഗവും ബുദ്ധിമുട്ടുണ്ടാക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയമുണ്ടാകും. മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരും. ഭൂമി സംബന്ധമായുണ്ടാകുന്ന തര്‍ക്കങ്ങള്‍ വ്യവഹാരത്തില്‍ കലാശിക്കുന്നതാണ്.
ദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, മാല, വിളക്ക്, ലളിതാസഹസ്രനാമജപം എന്നിവ നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
ആരോഗ്യം മെച്ചമല്ലാത്ത അവസ്ഥ, അടുത്ത ബന്ധുക്കളുടെ മരണം, ശാരീരിക ക്ഷീണം എന്നിവ അനുഭവം. ഭാഗ്യവാനും ഉദാരമനസ്കനുമായ പങ്കാളിയുമായുള്ള ഒത്തുചേരല്‍ ഗുണം ചെയ്യും. കീഴ് ജീവനക്കാരില്‍നിന്നുള്ള ബുദ്ധിമുട്ടുകള്‍, പേശീരോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യത കാണുന്നു. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ സാധിക്കും. നിയമപരമായ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുന്നവര്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണ്. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ വേഗത്തില്‍ തീരുമാനമായിക്കിട്ടും. ഉദരവ്യാധികളും രക്തസമ്മര്‍ദ്ദം നിമിത്തമുള്ള അസുഖങ്ങളും അലട്ടുന്നതാണ്. വാഹനസംബന്ധമായും ഭൂമിസംബന്ധമായുമുള്ള ഇടപാടുകളില്കൂടി സാമ്പത്തികനേട്ടം കൈവരിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിച്ചുകൊണ്ടു നടത്തുന്ന തൊഴിലുകള്‍ വിജയിക്കുന്നതാണ്. ദാമ്പത്യവ്യവഹാരങ്ങളില് ബന്ധപ്പെട്ടു കഴിയുന്നവര്‍ക്ക് പിരിയുന്നതിന് വഴിയൊരുങ്ങും. അര്‍ഹതപ്പെട്ട കുടുംബധനങ്ങള് പെട്ടെന്ന് കൈവശം വന്നുചേരും.
കൃഷ്ണസ്വാമിക്ക് പാല്‍പ്പായസം, അര്‍ച്ചന, നെയ് വിളക്ക്, തുളസിമാല എന്നിവയും വിഷ്ണുസഹസ്രനാമജപം നടത്തുകയും ചെയ്യണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
കഠിനമായ പരിശ്രമത്തില്കൂടി വിദ്യാഭ്യാസരംഗത്ത് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതാണ്. വിദേശയാത്രകളില്ക്കൂടി നേട്ടമുണ്ടാക്കാനും വിവാഹതീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും സാധിക്കും. വിജ്ഞാനപ്രദമായ സദസ്സുകളില്‍ സംബന്ധിച്ച് ഖ്യാതി വര്‍ദ്ധിക്കും. ധനവ്യാപാര മേഖലകളുമായി ബന്ധപ്പെട്ട് സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ വിജയിക്കുന്നതാണ്. വിവാഹബന്ധങ്ങള്‍ ഒഴിഞ്ഞുപോകാനിടയാകും. രോഗാവസ്ഥയിലുള്ളവര്ക്ക് ഫലപ്രദമായ ശുശ്രൂഷയിലൂടെ വേഗത്തില്‍ രോഗശാന്തി കൈവരും. അലക്ഷ്യമായ യാത്ര, ഭീതി, പ്രയാസങ്ങള്‍, കഷ്ടതകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. സാഹിത്യം, എഴുത്ത്, സെക്രട്ടറിയേറ്റ് ജോലികള്‍ എന്നിവയില്‍ വിജയം കൈവരിക്കും. ഉദരസംബന്ധമായ രോഗങ്ങള്‍ നിമിത്തം വിഷമിക്കേണ്ടതായിവരും. കുടുംബബന്ധങ്ങളില്‍ അന്തഃഛിദ്രങ്ങള്‍ക്ക് വഴിയൊരുങ്ങും.
ദുര്ഗ്ഗാക്ഷേത്രത്തില് ദേവീമാഹാത്മ്യപാരായണം. അഷ്ടോത്തരാര്‍ച്ചന, പുഷ്പാഞ്ജലി എന്നിവ നടത്തിക്കൊള്ളണം. ശാസ്താപ്രീതികരമായ കര്‍മ്മങ്ങളും നടത്തണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
കുടുംബത്തില്‍ എല്ലാവിധ ശ്രേയസ്സും വര്‍ദ്ധിക്കും. കൃഷിയില്‍ ആദായം വര്‍ദ്ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയാകും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. വിരോധികള്‍ സ്നേഹിതരായി ഭവിക്കും. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിക്കും. കൂട്ടുകച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ഉപകാരം ചെയ്തുകൊടുത്തവരില്നിന്ന് വിപരീത പ്രതികരണങ്ങളുണ്ടാകും. സ്ഥാപനങ്ങളില്‍ തൊഴില്‍ പ്രശ്നങ്ങള്‍ ഉദയം ചെയ്യും. നേത്രരോഗം, തലവേദന എന്നീ രോഗങ്ങള്‍ ഉണ്ടായേക്കും. പഴയ ചില ബന്ധങ്ങള്‍ അടുത്തുവരാനിടയുണ്ട്. പൂര്‍വ്വികസ്വത്ത് അധീനതയിലാകും. വാഹനങ്ങളിലുള്ള യാത്ര ശ്രദ്ധിക്കണം. ജലവാഹനസഞ്ചാരത്തിനിടയില് ധനനഷ്ടവും മനോഭീതിയും അനുഭവിക്കേണ്ടിവരും. പുതിയ ബിസിനസ്സുകള്‍ ദൂരദേശത്ത് പോയി തുടങ്ങാന്‍ സാധിക്കും.
ദോഷപരിഹാരമായി ശിവന് ധാര, കൂവളത്തിന് മാല, പിറകില്‍ വിളക്ക്, രുദ്രാഭിഷേകം എന്നിവ നടത്തിക്കൊള്ളണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
തൊഴില്‍ സമരങ്ങള്‍കൊണ്ട് ഫാക്ടറികള്‍ അടച്ചിടേണ്ടിവരും. മന്ദഗതിയില്‍ നടക്കുന്ന കച്ചവടങ്ങള്‍ പുരോഗതിയില്‍ വരും. സ്ത്രീജനങ്ങള്‍ക്ക് ആദരങ്ങളും വസ്ത്രങ്ങളും ലഭിക്കും. ആത്മീയകാര്യങ്ങള്‍ക്കായി സമയം വിനിയോഗിക്കും. മുന്കാലപ്രവൃത്തികളുടെ ദോഷം അനുഭവിക്കേണ്ടതായി വരും. അടുത്ത സുഹൃത്തുക്കള്‍ ശത്രുക്കളായി മാറാനുള്ള സാദ്ധ്യത കാണുന്നു. ബിസിനസ് മന്ദഗതിയിലായിരിക്കും. ഉന്നതരായ വ്യക്തികളുടെ വിരോധത്തിന് പാത്രീഭവിച്ചേക്കും. ഭൂമി വില്‍പ്പന നടത്തും. ദുഷ്ടവിചാരങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കും. അന്ധവിശ്വാസങ്ങള്‍ കാരണമായി വഞ്ചിക്കപ്പെടാനിടയുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസരങ്ങളുണ്ടാകും. സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് സ്വന്തം നിലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനിടവരുന്നതാണ്.
ദോഷശാന്തിക്കായി കൃഷ്ണസ്വാമിക്ക് നെയ് വിളക്ക്, പാല്‍പ്പായസം, വിഷ്ണുസഹസ്രനാമ അര്‍ച്ചന എന്നിവ നടത്തുകയും വിഷ്ണുസഹസ്രനാമജപം പതിവാക്കുകയും ചെയ്യണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
വിചാരിക്കാത്ത സന്ദര്‍ഭത്തില്‍ ധനലാഭമുണ്ടാകും. ഷെയറുകളില്‍നിന്ന് വരുമാനം വര്‍ദ്ധിക്കും. സത്കര്‍മ്മങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കും. മറ്റുള്ളവരില്‍നിന്ന് മോശമായ അനുഭവങ്ങളുണ്ടാകും. യാത്രയ്ക്കിടയില്‍ വീഴ്ച പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. തറവാട്ടുസ്വത്ത് വീതംവയ്ക്കും. പോലീസ് കേസില്‍ പെടാനിടയുണ്ട്. ശരീരസുഖംകുറഞ്ഞിരിക്കും. ശത്രുദോഷം നിമിത്തം ചീത്തപ്പേരിന് സാധ്യതയുണ്ട്. ജോലി സംബന്ധമായി യാത്രകള്‍ വേണ്ടിവരും. ഒരു കാര്യവും വേണ്ട വിധത്തിലാകുന്നില്ലെന്ന് വ്യാകുലപ്പെടും. വീട്ടില്‍ പൂജാദിമംഗള കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ഗൃഹനിര്മ്മാണകാര്യങ്ങള്ക്ക് തടസ്സം നേരിടും. വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ പ്രശ്നങ്ങളുണ്ടാകും. പൊതുരംഗത്തുനിന്നും വിട്ട് സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ദൂരദേശത്തുള്ളവരില്നിന്ന് സാമ്പത്തികസഹായം ലഭിക്കും. മതപരമായ കര്‍മ്മങ്ങളില്‍ പങ്കുചേരും.
കാലദോഷപരിഹാരമായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നെയ് വിളക്ക്, ദുര്ഗ്ഗാസപ്തശതീജപം ഇവ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
ഭൂമി ഇടപാടുകളിലെ ലാഭംകൊണ്ട് സ്വന്തം ഭവനം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. വിചാരിക്കാത്ത സ്ഥലത്തേയ്ക്ക് തൊഴില്‍പരമായി സ്ഥാനമാറ്റങ്ങളുണ്ടാകാം. പുതിയതായി ചില പദ്ധതികള്‍ തുടങ്ങാന്‍ ഒരുങ്ങുമെങ്കിലും അത് സാധിച്ചെടുക്കാന്‍ വളരെയധികം പ്രയത്നിക്കേണ്ടതായി വരും. ഹോട്ടല്‍, കൂള്‍ബാര്‍, പച്ചക്കറിക്കടകള്‍ എന്നിവയ്ക്ക് പ്രതീക്ഷിക്കുന്നതായ സാമ്പത്തികലാഭം ഉണ്ടാകുകയില്ല. മണ്മറഞ്ഞ പിതൃക്കള്ക്കുവേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പുണ്യക്ഷേത്രങ്ങളില്‍ പോകും. കടലില്‍ പോയി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. വിദ്യാഭ്യാസകാര്യങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കും. ഉപരിപഠനത്തിനായുള്ള വിദേശയാത്രകള്ക്കുവേണ്ടി ഏജന്റുകളെ സമീപിക്കാന്‍ പറ്റിയ സമയമല്ല. താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് അവിടം സ്ഥിരപ്പെട്ടു കിട്ടാന്‍ ഇടയാകും. ഷെയറുകള്‍, വാടക എന്നിവയില്‍ നിന്നുള്ള വരുമാനം കുറയും.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ ചുവന്ന പൂക്കള്‍കൊണ്ട് മാല, രക്തപുഷ്പാഞ്ജലി, കടുംപായസം എന്നിവയും ലളിതാസഹസ്രനാമജപവും നടത്തിക്കൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ബന്ധുക്കളില്‍നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കാം. കര്‍മ്മസ്ഥാനത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. പിതാവില്‍നിന്നുള്ള സഹായംകൊണ്ട് വീടുപണി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ക്ക് മാറ്റമുണ്ടാകും. അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അധികലാഭത്തോടുകൂടി അത് വില്ക്കുവാന് സാധിക്കും. വാക്കുതര്‍ക്കങ്ങള്‍ കാരണം സമീപവാസികളും സുഹൃത്തുക്കളും ശത്രുക്കളായി മാറും. പ്രേമവിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് ബന്ധുക്കള്‍ കൂടിച്ചേര്‍ന്ന് അത് നിര്‍വ്വഹിക്കപ്പെടും. കച്ചവടം നടത്തുന്നവര്‍ക്ക് ഗവണ്മെന്റ് ഉദ്യോഗസ്ഥരില്‍നിന്ന് പ്രയാസങ്ങള്‍ നേരിടേണ്ടതായി വരും. കലാ-കായികരംഗത്തുള്ളവര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്.
വിഷ്ണുപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വ്യാഴാഴ്ച ഒരിക്കല്‍ വ്രതം ആചരിക്കുകയും ഇഷ്ടദേവതകളെ ഉപാസിക്കുകയും വേണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ കാലതാമസം നേരിടും. മാതാവുമായി ചില ഭിന്നതകളും മാതൃസ്ഥാനീയര്‍ക്ക് ചില ആപത്തുകള്‍ക്കും ഇടവരും. നൂതനമായ ഭവനം ഭാഗികമായി പൂര്‍ത്തീകരിച്ച് താമസിക്കേണ്ടതായി വരും. കടം കൊടുത്തിട്ടുള്ളതായ സമ്പത്ത് നിശ്ചയിച്ച സമയത്ത് ലഭിക്കാതെ വരും. വസ്ത്രവ്യാപാരരംഗത്തുള്ളവര്ക്കും വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള നിയമചോദ്യങ്ങള്ക്കിടവരും. വിലപ്പെട്ട വസ്തുക്കളും പണവും നഷ്ടപ്പെടാനിടയാകും. ആരാധനാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി മെച്ചമുണ്ടാകും. ജ്യേഷ്ഠസഹോദരനുമായി ചില അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനിടയാകും. വിദ്യാഭ്യാസവകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാറ്റവും ഉദ്യോഗക്കയറ്റവും ലഭിക്കാനിടവരും. വാതസംബന്ധമായും നാഡീഞരമ്പുകള്‍ സംബന്ധമായും അസ്ഥിസംബന്ധമായും രോഗപീഡകള്‍ വരാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരമായി ശാസ്താവിന്, നീരാജ്ജനം, പുഷ്പാഞ്ജലി എന്നിവയും ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, അവില് നിവേദ്യം, തൃക്കൈവെണ്ണ എന്നിവയും നടത്തിക്കൊള്ളണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ബന്ധുജനങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂതനമായ തൊഴിലവസരങ്ങള്‍ ഉണ്ടാകും. തന്ത്രമേഖലയിലും ജ്യോതിഷത്തിലും ബന്ധപ്പെടുന്നവര്‍ക്ക് അനുകൂലമായ ദിവസങ്ങളാണ്. ചിട്ടിക്കമ്പനികള്‍ നടത്തുന്നവര്‍ക്കും പണ്ടത്തിന്മേല് പണം കടം കൊടുക്കുന്നവര്‍ക്കും ഗവണ്മെന്റില്നിന്നും പ്രയാസങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. വിദേശത്തുള്ളവര്‍ക്ക് ജോലിയും ബിസിനസ്സും നഷ്ടപ്പെടാനിടയാകും. സ്ത്രീജനങ്ങള്‍ക്ക് രോഗപീഡകള്‍കൊണ്ട് ദുരിതവും മാതൃജനങ്ങള്‍ക്ക് ആപത്തുകളും വന്നുകൂടാനിടയുണ്ട്. നിശ്ചയിച്ച വിവാഹം മാറ്റിവയ്ക്കപ്പെടുകയോ മുടക്കം നേരിടുകയോ ചെയ്യാം. ബാങ്കില്‍നിന്നും ജപ്തിനോട്ടീസ് വരാനിടയാകും. സമുദായപ്രവര്‍ത്തനം, രാഷ്ട്രീയപ്രര്‍ത്തനം എന്നിവയില്‍ പരാജയം നേരിടാം.
ഐശ്വര്യവര്‍ദ്ധനയ്ക്കായി ഗണപതിഹോമം, വിഷ്ണുപൂജ, ഭഗവതിസേവ, ശാസ്താക്ഷേത്രത്തില്‍ അഷ്ടോത്തരാര്‍ച്ചന എന്നിവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
വിചാരിക്കാത്ത സമയത്ത് അധികാരത്തില്‍നിന്ന് ഒഴിയേണ്ടതായി വരും. മനസ്സിന് പ്രയാസമുണ്ടാക്കുന്ന സംഭവങ്ങളുണ്ടാകും. വാര്‍ത്താമാധ്യമങ്ങള്‍, സമുദായസംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമായിരിക്കും. ഏറിയ കാലമായി അനുഭവിച്ചിരുന്ന രോഗപീഡകള്‍ക്ക് ആശ്വാസം വരും. സഹായികളില്‍നിന്ന് കൂടുതല്‍ സഹായവും സഹകരണവും ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് ശാരീരികമായും മാനസികവുമായുള്ള അസ്വസ്ഥതകള്‍ വന്നുകൂടാനിടയുണ്ട്. നിര്‍മ്മാണ ജോലികളില്‍ ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടതായ ധനം ലഭിക്കാതെ വരികയും ഏര്പ്പാടുകാരുമായി കലഹിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. പൂര്വ്വികസ്വത്തിനുവേണ്ടി കുടുംബജനങ്ങളുമായി വാദപ്രതിവാദത്തിലേര്പ്പെടേണ്ടതായി വരും. അഗ്നി നിമിത്തവും വാഹനനിമിത്തവും അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം.
ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രാഭിഷേകം, ശിവസൂക്താര്ച്ചന ഇവ നടത്തി ദോഷശാന്തി വരുത്തിക്കൊള്ളണം.
Recent Comments