1197 ചിങ്ങം 1 മുതല്‍ (2021 ആഗസ്റ്റ് 17) മുതല്‍ 1197 കര്‍ക്കിടകം 31 (2022 ആഗസ്റ്റ് 16) വരെയുള്ള ഒരു വര്‍ഷക്കാലത്തെ സാമാന്യഫലങ്ങള്‍.
ഗ്രഹനില
തയ്യാറാക്കിയത്:
ചേന്ദമംഗലം നാരായണന് നമ്പൂതിരി
ഫോണ്‍ 9495269016
ലോകം
ആഗോള സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ഉയര്‍ച്ചയുണ്ടാവും. രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യം പഴയ രീതിയിലേയ്ക്ക് മടങ്ങും. വിദേശങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ കൂടുതലായി തുറന്നുകിട്ടും. രാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങള്‍ക്ക് ആക്കം കൂട്ടും. എല്ലാ രാജ്യങ്ങളും പ്രതിരോധത്തിനുവേണ്ടി വന്‍ തുക ചെലവഴിക്കുകയും ബഹിരാകാശ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. ലോകത്തെ പിടിച്ചുലയ്ക്കുന്ന മഹാമാരിയുടെ തീവ്രത അല്‍പ്പം കുറയും. ദരിദ്രരാജ്യങ്ങളില്‍ പുതിയ രോഗത്തിന്റെ പിടിയില്‍ പെട്ട് ആരോഗ്യപ്രശ്നങ്ങളും കലാപങ്ങളും വര്‍ദ്ധിക്കും. അതിവൃഷ്ടിക്കും അനാവൃഷ്ടിക്കും സാദ്ധ്യത.
ഇന്ത്യ
കായികമേഖലകളില്‍ പ്രതിസന്ധികളും സമരങ്ങളും തുടരും. ഭക്ഷ്യ ഉല്പാദനത്തില് കുറവു വരുകയില്ല. അയല്‍രാജ്യങ്ങളുമായിട്ടുള്ള ബന്ധം ദൃഢപ്പെടുത്തും. വ്യവസായ മേഖലകളില്‍ ഉണര്‍വ്വ് പ്രതീക്ഷിക്കാം. രാഷ്ട്രീയപാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് ശക്തി വര്‍ദ്ധിക്കും. മഹാമാരിയെ നിയന്ത്രണവിധേയമാക്കും. ടൂറിസം രംഗത്ത് ഉണര്‍വ്വ് പ്രതീക്ഷിക്കാം. രാജ്യം എടുക്കുന്ന ചില തീരുമാനങ്ങള്‍ ലോകജനതയില്‍ അംഗീകാരത്തിന് ഇടവരും. പ്രതിരോധത്തിനുവേണ്ടി വന്‍തുക നീക്കിവയ്ക്കും.
കേരളം
വ്യവസായമേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. കാര്‍ഷിക മേഖലയിലെ ഉല്പാദനം ഗണ്യമായി കൂടും. അതിവൃഷ്ടിക്ക് സാധ്യത. തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടും. സമരങ്ങളും പ്രതിഷേധങ്ങളും വര്‍ദ്ധിക്കും. ജനങ്ങളിലേയ്ക്ക് രാഷ്ട്രീയ കടന്നുകയറ്റം കൂടും. കേന്ദ്രസഹായം വര്‍ദ്ധിക്കും. കര്‍ക്കശമായ തീരുമാനങ്ങള്‍ ഗവണ്മെന്റ് തലത്തില്‍ ഉണ്ടാകും. സാമ്പത്തിക മേഖല പുഷ്ടിപ്പെടും. വിനോദസഞ്ചാര മേഖലകളില്‍ അഭിവൃദ്ധി ഉണ്ടാകും. പൂര്‍ണ്ണമായ രോഗശാന്തി ലഭിക്കാന്‍ കാലതാമസം നേരിടും.
ഓരോ കൂറുകാര്‍ക്കും ഈ കാലയളവില്‍ അനുഭവപ്പെടാവുന്ന സാമാന്യഫലങ്ങള്‍:
വിദേശത്തും സ്വദേശത്തും പുതിയ തൊഴിലവസരങ്ങള്‍ തേടിയെത്തും. നിലവിലുള്ള ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനപ്രാപ്തിയും ലഭിക്കും. തൊഴില്‍ മേഖലയില്‍നിന്നും നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരും. ഊഹകച്ചവടത്തില്നിന്നുള്ള ലാഭം കുറയുകയോ നഷ്ടം സംഭവിക്കുകയോ ചെയ്യാം. സഹോദരസ്നേഹം കുറയും. കോടതികേസുകളുമായി ബന്ധപ്പെടേണ്ടിവരും. കാര്ഷികവിളകളില്നിന്നുള്ള ആദായം കുറയും. മാതാപിതാക്കളുടെ വെറുപ്പിന് പാത്രീഭൂതരാകും. ആരോഗ്യസ്ഥിതി മോശമായി തുടരും. ഗൃഹനിര്‍മ്മാണം തുടങ്ങുകയോ മുടങ്ങിയത് പുനരാരംഭിക്കുകയോ ചെയ്യും. വിദ്യാഭ്യാസരംഗങ്ങളില്‍ മികവു പുലര്‍ത്താന്‍ കഴിയും. കലാരംഗത്ത് പുതിയ ഉണര്‍വ്വുണ്ടാകും.
ശാസ്താവിന് നീരാജനം, ശിവക്ഷേത്രദര്‍ശനം, പഞ്ചാക്ഷരിജപം ഇവ പരിഹാരമായി ചെയ്യാവുന്നതാണ്.
പുതിയ കര്‍മ്മപാതകള്‍ തെരഞ്ഞെടുക്കാന്‍ ഉചിതസമയമല്ല. തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദവും വിരക്തിയും അനുഭവപ്പെടും. ധനനിക്ഷേപങ്ങളില് കരുതല്‍ വേണം. പൊതുരംഗത്ത് നിന്ന് അപവാദവും തരംതാഴ്ത്തലുകളും നേരിടേണ്ടിവരും. ശത്രുക്കള്‍ മൂലമുള്ള പ്രയാസങ്ങള്‍ കുറയും. കോടതികേസുകളില്‍ വിരാമം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. സന്താനങ്ങളില്‍നിന്ന് സഹായം ലഭിക്കും. വിവാഹം ചെയ്യുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുകൂല സമയമാകുന്നു. കളത്രബന്ധങ്ങളില് ദൃഢത ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതുമൂലം ശരീരക്ലേശങ്ങളുണ്ടാകും. വീട്ടുജോലിക്കാരുടെ അഭാവം മൂലം ഗൃഹജോലികള്‍ ഏറും. വിദ്യാര്‍ത്ഥികള്‍ പഠകാര്യങ്ങളില് ഉത്സുകത പ്രകടിപ്പിക്കും. നഷ്ടപ്പെട്ട ധനത്തെ ഓര്‍ത്ത് വ്യാകുലപ്പെടും. ഏതു കാര്യങ്ങളിലുമുള്ള അമിതാവേശം പരാജയത്തിന് ഇടവരുത്തും.
വിഷ്ണുസഹസ്രനാമജപം, വിഷ്ണു ക്ഷേത്രദര്‍ശനം, ശിവങ്കല്‍ മൃത്യുഞ്ജയഹോമം ഇവ ദോഷങ്ങള്‍ അകറ്റും.
പല പ്രകാരത്തിലുള്ള ധനാഗമത്തിന് അവസരമുണ്ടാകും. വിദേശജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലസമയമാകുന്നു. വിദ്യാര്‍ത്ഥികള്‍ വിജയത്തിനുവേണ്ടി കഠിന പ്രയത്നം നടത്തേണ്ടിവരും. ഭൂമിയിടപാടുകളില്‍ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം കുറയും. കോടതി കേസുകളില്‍ ഒത്തുതീര്‍പ്പിന് സാധ്യതയുണ്ട്. പിതൃസ്വത്തിന്റെ അവകാശം ലഭിക്കുകയോ കൈകാര്യം ചെയ്യുവാനുള്ള അവസരം ലഭിക്കുകയോ ചെയ്യും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ശാരീരികപ്രയാസങ്ങള് മൂലം കൂടുതല്‍ വിഷമതകള്‍ക്ക് സാധ്യത. ദാമ്പത്യജീവിതം സുഖകരമാകും. ഭാര്യാഗൃഹത്തില്നിന്നും ധനസഹായം ലഭിക്കും. കലാ-സാഹിത്യരംഗം പുഷ്ടിപ്പെടും. ജോലികള്‍ ആയാസകരമാകുകയും ചെയ്യും. വ്യവസായങ്ങള്‍ ഊര്‍ജ്ജിതപ്പെടും. പക്ഷേ നിയമനടപടികള്‍ നേരിടേണ്ടിവരാവുന്ന കാലവുമാണ്.
ഗണപതിഹോമം, ശിവക്ഷേത്രദര്‍ശനം, മൃത്യുഞ്ജയ അര്‍ച്ചന ഇവ നടത്തിവരുക.
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത. മറ്റുള്ളവരുടെ പ്രലോഭങ്ങളില്പ്പെട്ട് സാമ്പത്തികനഷ്ടം സംഭവിക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് ഫലം കിട്ടാന്‍ കാലതാമസം നേരിടും. ധനം കൈകാര്യം ചെയ്യുന്നത് കരുതലോടെ വേണം. കൃഷി ലാഭകരമാകുകയില്ല. വ്യവഹാരങ്ങളില്‍പ്പെട്ട് ധനനാശം സംഭവിക്കാവുന്ന കാലം. ഭൂമിയിടപാടുകളില്‍ ഇടപ്പെട്ടിരിക്കുന്നവര്ക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനരംഗങ്ങളില്‍ മികവു പുലര്‍ത്തുവാന്‍ കഴിയുകയും അനുമോദങ്ങളും അംഗീകാരവും ലഭിക്കുകയും ചെയ്യും. മാതാപിതാക്കളില്‍നിന്ന് അകന്ന് നില്ക്കേണ്ടിവരും. തന്മൂലമുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ഈശ്വര ചിന്തകള്‍ കുറയുന്നത് മൂലം മനോവ്യസനങ്ങള് വര്‍ദ്ധിക്കും. കൗമാരക്കാരില്‍ പുതിയ പ്രണയതാല്പ്പര്യങ്ങള് ഉടലെടുക്കും. അത് ഗുണകരമാകുവാന്‍ സാധ്യത. ധനശോഷണത്തിന് പരിഹാരമായി ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.
വിഷ്ണുസഹസ്രനാമ അര്‍ച്ചന, വ്യാഴാഴ്ചവ്രതം, അഷ്ഠാക്ഷരജപം ഇവ ദോഷങ്ങളെ അകറ്റും.
ഉദ്ദേശിച്ച കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചേരും. വിദേശയാത്രകള്‍ തരപ്പെടും. പുതിയ ജോലി നേടുവാനും നിലവിലുള്ളവര്‍ക്ക് ഉന്നതി ലഭിക്കുവാനും അനുകൂലസമയമാകുന്നു. പുതിയ ധനസ്രോതസ്സുകള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അനുകൂല സമയമാണ്. ബന്ധുക്കളോടും അയല്‍ക്കാരോടും കലഹത്തിനും ദുര്ഭാഷണത്തിനും ഇടവരും. ശത്രുക്കള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ഭൂമിയിടപാടുകളില്പ്പെട്ടു മനോവിഷമം ഉണ്ടാകും. സഹോദരബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകും. കോടതി കേസ്സുകളില്‍ പരിഹാരം ലഭിക്കുകയില്ല. വ്യാപാര-വ്യവസായരംഗത്തെ പ്രവൃത്തികള്‍ പലതും ബുദ്ധിമുട്ടിലേയ്ക്ക് നയിക്കാം. ആ രംഗത്തുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായിട്ടുള്ള സഹകരണം കുറയും. കൃഷിരംഗം പ്രതീക്ഷിച്ചതുപോലെ പുരോഗതിയുണ്ടാകില്ല. കുടുംബജീവിതം സുഖകരമാകും. ഭാര്യാഭര്ത്താക്കന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസം കുറയും. തന്നെക്കാള്‍ താഴ്ന്നവരില്നിന്ന് സഹായസഹകരണം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് കര്‍മ്മരംഗം വിജയസാധ്യത ലഭിക്കും. രോഗങ്ങളില്‍നിന്ന് മോചനം ലഭിക്കും.
ദേവീക്ഷേത്രദര്ശനം, ലളിതാസഹസ്രനാമജപം, പഞ്ചാക്ഷരി ജപം ഇവ ഗുണം ചെയ്യും.
ധനസംബന്ധമായ വിഷയങ്ങളില്‍ ഇടപ്പെട്ട് മനഃക്ലേശം ഉണ്ടാകും. മേലധികാരികളില്‍നിന്നും ശകാരം കേള്‍ക്കേണ്ടിവരും. പുതിയ സംരംഭം തുടങ്ങുവാന്‍ അനുകൂല സമയമല്ല. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപ്രതീക്ഷിത നഷ്ടങ്ങള്‍ സംഭവിക്കാം. മുന്കരുതലോടുകൂടിവേണം നിക്ഷേപങ്ങള്‍ നടത്തേണ്ടത്. കളത്രസുഖം ലഭിക്കും. കലാകായിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുവാന്‍ സാധിക്കും. സഹായികളും ബന്ധുക്കളും സുഹൃത്തുക്കളും കാരണം കൂടാതെ അകന്നുനില്ക്കും. പുത്രന്മാരില്നിന്നുള്ള സഹായം കുറയും. ചികിത്സയ്ക്കുവേണ്ടി ധനം ചെലവഴിക്കേണ്ടിവരും. കോടതി സംബന്ധമായ കേസുകളില്‍പ്പെട്ട് ധനം നഷ്ടപ്പെടാം. ഭൂമിയിടപാടുകളില്‍ ഇടപെടുന്നതില്‍ സൂക്ഷിക്കണം. വിദ്യയില്‍ തടസ്സമോ പ്രയാസമോ ഉണ്ടാകാം. കലാകാരന്മാര്ക്ക് ചില അവസരങ്ങള്‍ അനുകൂലമായി വന്നെത്താം. ഊഹക്കച്ചവടം, ധനവിനിമയം ഇതില്‍ വിജയവും ലാഭവും ഉണ്ടാകാം. ഉന്നത പഠനത്തിനുവേണ്ടി ധനം ചെലവഴിക്കേണ്ടിവരും. കുടുംബസ്വത്തിന്റെ അവകാശത്തിനായി മത്സരിക്കേണ്ടിവരും. കടബാധ്യത വര്‍ദ്ധിക്കുവാന്‍ ഇടയുണ്ട്.
വിഷ്ണുക്ഷേത്രദര്‍ശനം, തുളസിമാല, നെയ്യ് വിളക്ക്, അര്‍ച്ചന ഇവയും പഞ്ചാക്ഷരിജപവും വിഷമതകള്‍ അകലാന്‍ സഹായിക്കും.
ഉദ്ദേശകാര്യങ്ങള്ക്ക് ഫലപ്രാപ്തിയുണ്ടാകും. തൊഴില്‍രംഗങ്ങളില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകും. പുതിയ കര്‍മ്മപാതകള്‍ തെരഞ്ഞെടുക്കുവാന്‍ അനുയോജ്യസമയമാണ്. സാമ്പത്തിക പുരോഗതി കൈവരും. കിട്ടാക്കടങ്ങള്‍ തിരികെ ലഭിക്കുവാന്‍ അവസരമുണ്ടാകും. ഗൃഹത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ഭവനനിര്മ്മാണമേഖലകളില് സ്തംഭനാവസ്ഥ ഉണ്ടാകാം. രോഗമുക്തി അപ്രാപ്യമാകാം. ഭാര്യാഗൃഹത്തില്നിന്നുള്ള സഹായസഹകരണം ലഭിക്കും. സ്വര്‍ണ്ണാഭരണം വാങ്ങുവാന്‍ അവസരം ഉണ്ടാകും. പുതിയ വാഹനം ലഭ്യമാകും. അനാവശ്യവസ്തുക്കള്‍ വാങ്ങുവാന്‍ താല്‍പ്പര്യമുണ്ടാകും. മാതാപിതാക്കളുമായി ഒത്തുചേര്‍ന്ന് ജീവിക്കാന്‍ ഇടവരും. അവര്‍ക്കുവേണ്ടി ധനം ചെലവഴിക്കും. മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടും. ഭൂമി ക്രയവിക്രയങ്ങള്‍ ലാഭകരമാകും. കോടതി കേസുകള്‍ ഒത്തുതീര്‍പ്പാകും. ഭൂസ്വത്തിന്റെയും നിക്ഷേപങ്ങളുടെയും കാര്യത്തില്‍ തീരുമാമാകും.
ശാസ്താവിന് നീരാജനം, ശിവഭജനം, ശനിപൂജ ഇവ ദോഷങ്ങള്‍ അകറ്റും.
ശാന്തിയും സമാധാനവും ഗൃഹത്തില്‍ ലഭിക്കും. വായ്പ ഇടപാടുകള്‍ കഴിവതും കുറയ്ക്കുക, ധനനഷ്ടത്തിന് സാധ്യത കാണുന്നു. കൃത്യനിര്‍വ്വഹണത്തില്‍ ഇച്ഛാശക്തി പ്രയോഗിക്കണം. കര്‍മ്മമേഖലകളില്‍ തൊഴില്‍ദായകരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാം. വിദേശയാത്രകള്‍ക്ക് തടസ്സം നേരിടാം. പണത്തിന്റെ ദൗര്‍ലഭ്യത അനുഭവപ്പെടും. താഴ്ന്നവരില്നിന്നും സഹായമോ ധനമോ സ്വീകരിക്കേണ്ടിവരും. നിലവിലുള്ള ജോലിയില്‍ കരുതലോടെ നീങ്ങുക. കോടതി ഫീസായി ധനം ചെലവാക്കും. പൊതുപ്രവര്‍ത്തനം കുറയ്ക്കണം. സഹോദരസഹായം ലഭിക്കുകയില്ല. മാതാപാതിക്കളുടെ അനുകമ്പ പിടിച്ചുപറ്റും. വിജയത്തിനുവേണ്ടി കഠിനപ്രയത്നം നടത്തുകയും അതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്യും. വിനോദസഞ്ചാരം നടത്തുവാന്‍ താല്‍പ്പര്യമുണ്ടാകും. ബന്ധുമിത്രാദികളുമായി കലഹത്തിന് സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. അവ വലിയ പ്രശ്നങ്ങളിലേയ്ക്ക് ചെന്നെത്താതെ കരുതലോടെ പ്രവര്‍ത്തിക്കണം. പുതിയ വ്യവസായ-വാണിജ്യസംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിക്കും. കലാരംഗം പുരോഗമിക്കും. കളത്രസുഖം വര്‍ദ്ധിക്കും.
ദേവീക്ഷേത്രദര്ശനം, ലളിതാസഹസ്രനാമജപം, ശ്രീഗണപതി അഷ്ടോത്തരി ഇവ നിത്യം പാരായണം ചെയ്യുന്നത് വിഷമതകള്‍ അകറ്റും.
എല്ലാ മേഖലകളിലും പ്രതികൂല സാഹചര്യങ്ങള്‍ ഉടലെടുക്കും. ധനവിനിയോഗത്തില്‍ കൂടുതല്‍ കരുതല്‍ വേണം. വാക്കുകള്‍ പറയുന്നത് തെറ്റിദ്ധരിക്കപ്പെട്ട് വിഷമതകള്‍ക്ക് കാരണമാകാം. വേണ്ടാത്ത കാര്യങ്ങളില്‍ ഇടപ്പെട്ട് ധര്മ്മസങ്കടത്തിലാകാന് ഇടയുണ്ട്. ഗുണദോഷങ്ങള്‍ വിലയിരുത്തി ചിന്തിക്കാതെ നിക്ഷേപങ്ങളില്‍ ഇടപെടരുത്. മാതാവില്‍നിന്ന് എതിര്‍പ്പുകളെ നേരിടേണ്ടിവരും. പുതിയ ശാരീരിക പ്രയാസങ്ങള്‍ ഉടലെടുക്കാം. ഭൂമി, ധനം, ഇടപാടുകളുമായി ബന്ധപ്പെട്ട് മാനസികപ്രശ്നങ്ങള്‍ നേരിടും. വിദ്യയില്‍ തടസ്സം പ്രതീക്ഷിക്കാം. മത്സരപരീക്ഷയില്‍ പിന്നോക്കം പോകും. പുതുവസ്ത്രങ്ങളോടും ആഭരണങ്ങളോടും താല്‍പ്പര്യം വര്‍ദ്ധിക്കും. വിവാഹകാര്യങ്ങളില്‍ യഥാവസരം തീരുമാനമെടുക്കണം. വീടുവാങ്ങാനോ പുതുക്കി പണിയാനോ ഉള്ള ആഗ്രഹം സഫലമാകും. അപ്രതീക്ഷിത ധനനഷ്ടങ്ങള്‍ക്കും സാധ്യത. ബന്ധുമിത്രാദികളും സുഹൃത്തുക്കളും അകന്നുപോകാനിടയുണ്ട്. ക്ഷേത്രാരാധന കുറയും. സഞ്ചാരങ്ങള്‍ക്ക് തടസ്സം നേരിടാം. ധനകുറവിന് പരാഹാരമായി ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. കൃഷിലാഭകരമാകും. സന്താസൗഖ്യമുണ്ടാകും.
വിഷ്ണുസഹസ്രനാമജപം, ദേവീഭജനം, ഭാഗ്യസൂക്താര്‍ച്ചന ഇവ ഗുണം ചെയ്യും.
സാമ്പത്തികനില മെച്ചപ്പെടും. പ്രവര്‍ത്തനമേഖലകളില്‍ ഗണ്യമായ അനുകൂല മാറ്റങ്ങള്‍ ലഭിക്കും. തൊഴില്‍മേഖലകളും വ്യവസായ മേഖലകളും പൂര്‍വ്വാധികം പുഷ്ടിപ്പെടും. ഉന്നതരുമായി ഇടപെടാനും അവരുമായി സൗഹാര്‍ദ്ദത്തില്‍ പോകാനും കഴിയും. സല്പ്രവര്ത്തികള്ക്കുവേണ്ടി സമയം കണ്ടെത്തും. കര്‍ത്തവ്യങ്ങള്‍ എല്ലാം സമയാസമയങ്ങളില്‍ നിര്‍വ്വഹിക്കും. വിദേശജോലി അന്വേഷകര്‍ക്ക് അനുകൂലസമയമാണ്. അഗ്നിഭയം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വീട്ടില്‍നിന്നും അകന്നു കഴിയേണ്ട അവസ്ഥയുണ്ടാകും. ശത്രുഭയം വര്‍ദ്ധിക്കും. സഹോദരഗുണം കുറയും, വാഹനലാഭം ഉണ്ടാകാനിടയുണ്ട്. വ്യവസായത്തില്‍ പങ്കാളിത്തം നടത്തുന്നത് വേണ്ടത്ര ഗുണം ചെയ്യില്ല. അപ്രതീക്ഷിത ധനലാഭത്തിനും സാധ്യത. കോടതി കേസുകളില്‍ തീര്പ്പുണ്ടാകുകയില്ല. വിദ്യയില്‍ പ്രതീക്ഷിച്ച രീതിയിലുള്ള വിജയം നേടാന്‍ കഴിയുകയും ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കും. മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടും. പ്രായോഗികത ഇല്ലാത്ത ചിന്തകള്‍ മനസ്സില്‍ കടന്നുകൂടും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കളത്രസുഖം ലഭിക്കും. മനോവിഷമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ശത്രുപീഡയ്ക്ക് സാധ്യത. പ്രണയം വിജയിക്കും.
ശാസ്താവിന് നീരാജനം, ദേവിക്ക് ചുവന്ന പൂമാല, പുഷ്പാഞ്ജലി, ലളിതാസഹസ്രനാമം പാരായണം ഇവ ദോഷപരിഹാരങ്ങള്‍ അകറ്റും.
കയ്യിലുള്ള സമ്പാദ്യത്തില്‍ കുറവ് വരുകയോ ചെലവാകുകയോ ചെയ്യും. നിലവിലുള്ള ജോലിയില്‍ സ്ഥാനചലനങ്ങള്‍ ഉണ്ടാകാം. പുതിയ ജോലി കിട്ടുവാന്‍ കാലതാമസം വരാം. തൊഴില്‍രംഗത്തെ ശത്രുത നേരിടേണ്ടിവരും. ധനകമ്മി അനുഭവപ്പെടും. ധനനിക്ഷേപങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ വേണം. കടം കൊടുത്ത തുക കിട്ടാന്‍ കാലതാമസം നേരിടും. അക്കാര്യത്തില്‍ നിയമപരമായ കാര്യങ്ങളും വേണ്ടിവരാം. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. വിദേശതൊഴില്‍ അന്വേഷകര്‍ക്ക് കാലതാമസം നേരിടാം. അനാവശ്യയാത്രകള്‍ നടത്തും. ഭൂമിയിടപാടുകളില്‍ സാമ്പത്തിക നഷ്ടങ്ങളും മനഃക്ലേശവും ഉണ്ടാകാം. കോടതികാര്യങ്ങളില്‍ ഇളവു ലഭിക്കുകയില്ല. വിദ്യയില്‍ വേണ്ടത്ര വിജയം നേടാനായെന്ന് വരില്ല. കലാ-സാഹിത്യ രംഗത്തുള്ളവര്‍ക്ക് വിജയവും ധനലാഭവും ഉണ്ടാകും. ഉപരിപഠനത്തിനുവേണ്ടി ധനം ചെലവഴിക്കേണ്ടിവരും. ഭാര്യാഗൃഹത്തില്നിന്നുള്ള സഹായം പ്രതീക്ഷിക്കാം. കലാകാരന്മാര്ക്ക് അവരുടെ മേഖലയില്‍ ഉണര്‍വ്വ് ഉണ്ടാകാം. വിവാഹപ്രായമായവരില് വിവാഹത്തിന് അനുകൂലത ഉണ്ടാകും. വിനോദസഞ്ചാരങ്ങള്‍ നടത്തുവാന്‍ ഇടയുണ്ട്. അപ്രതീക്ഷിത ശാരീരിക പ്രയാസങ്ങള്‍ കടന്നുകൂടും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങും.
വിഷ്ണു സഹസ്രനാമജപം, ദേവീഭജനം, ശിവഭജനം, ശിവപഞ്ചാക്ഷരി ജപം ഇവ ഗുണകരമാണ്.
പുതിയ തൊഴില്‍ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുവാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. അതേസമയം തൊഴില്‍രംഗത്ത് കുറേക്കൂടി നൂതനതകള്‍ കൈവരിക്കാന്‍ ഇടയാകും. ഫലപ്രാപ്തി വൈകും. ധനം കടം കൊടുക്കുന്നതില്‍നിന്നും ഒഴിഞ്ഞു നില്‍ക്കണം. വ്യാപാരവ്യവസായരംഗത്തുള്ളവര്‍ക്ക് മാന്ദ്യം അനുഭവപ്പെടും. കടം ചോദിച്ചാല്‍ ഉടന്‍ കിട്ടാത്ത അവസ്ഥയുണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ധനം കിട്ടാന്‍ കാലതാമസമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ വന്നുചേരാം. ഇലക്ട്രോണിക് രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. പക്ഷേ അവസരങ്ങള്‍ കൈവിട്ട് പോകാനിടയുണ്ട്. കൃഷി ലാഭകരമാകും. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലതല്ലാത്ത അനുഭവങ്ങള്‍ നേരിടേണ്ടിവരും. ധനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. അത് കൂടുതല്‍ വിനകള്‍ വരുത്തിവയ്ക്കാം. പുത്രസുഖം കുറയും. കോടതി കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാകും. സഹോദരസഹായം ലഭിക്കും. കുടുംബങ്ങളില്‍ കെട്ടുറപ്പ് ഉണ്ടാകും. വിദ്യയില്‍ ഉന്മേഷവും ഉത്സാഹവും വര്‍ദ്ധിക്കുകയും വിജയസാധ്യതയും കാണുന്നു. സല്‍കര്‍മ്മങ്ങളോടുള്ള താല്‍പ്പര്യം കുറയും. ക്ഷേത്രദര്‍ശനം, ധര്മ്മപ്രവര്ത്തനവും നന്നേ കുറയും. ഭൂമിയിടപാടുകള്‍ക്ക് അനുകൂലസമയമാണ്. ശത്രുപീഡ കുറയും. ശയനസുഖം കുറയും. ഭാര്യാഭര്ത്താക്കന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസം നിലനില്ക്കും. അവ വര്‍ദ്ധിക്കാന്‍ ഇട നല്‍കരുത്.
വിഷ്ണുക്ഷേത്രദര്‍ശനം, ദേവിഭജനം, ഗണപതിഹോമം, വിഷ്ണുസഹസ്രനാമപാരായണം ഇവ ഗുണം ചെയ്യും.
Recent Comments