മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പരോപകാരപ്രദമായ പല പ്രവൃത്തികള്‍ക്കും മുന്നിട്ടു നില്ക്കുവാന് അവസരമുണ്ടാകും. സഹപ്രവര്‍ത്തകരില്‍നിന്ന് സഹായങ്ങളുണ്ടാകും. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വത്തുവകകള്‍ തിരികെ ലഭിക്കും. മനഃസമാധാനമില്ലായ്മ, ആശങ്ക എന്നിവയ്ക്ക് സാധ്യതയുണ്ട്. സഹോദരങ്ങളില്‍നിന്ന് അസ്വാരസ്യം, യാത്രയില്‍ അപകട സാധ്യത എന്നിവ ഉണ്ടാകാം. വ്യവസായരംഗത്ത് നില്‍ക്കുന്നവര്‍ക്ക് അനുകൂലസമയം. സ്ഥാനചലനം, ഉദരസംബന്ധമായ രോഗങ്ങള്‍, ബന്ധുക്കള്‍ വഴിയുള്ള മാനസിക പിരിമുറുക്കം എന്നിവ കരുതിയിരിക്കണം. സ്ത്രീകള്‍ നിമിത്തം മാനസികവൈഷമ്യങ്ങള്‍ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ വിജയിക്കും. ശരീരത്തിന് ക്ഷീണം, ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകാം. പുണ്യകര്‍മ്മങ്ങളില്‍ പങ്കുകൊള്ളുവാനും, ക്ഷേത്രദര്‍ശനം നടത്തുവാനും കൂടുതല്‍ സമയം കണ്ടെത്തും.
ദോഷപരിഹാരമായി സുബ്രഹ്മണ്യക്ഷേത്രത്തില്‍ പഞ്ചാമൃതം, മാല, അര്‍ച്ചന ഇവയും ലളിതാസഹസ്രനാമജപം, ദേവീക്ഷേത്രദര്ശനം എന്നിവ പതിവായി ചെയ്തുകൊള്ളണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ട കാര്യങ്ങള്‍ വീണ്ടെടുക്കും. മനഃക്ഷോഭകരമായ കാര്യങ്ങള്‍ കീഴ്ജീവനക്കാര്‍ ജോലിയില്‍ സ്വാധീനിക്കുന്നതുമൂലമുള്ള മനോവ്യഥ, അനാരോഗ്യം എന്നിവ ഉണ്ടാകും. ഊഹക്കച്ചവടങ്ങളിലേര്പ്പെടും. പുതിയ പ്രണയങ്ങള്‍ക്കും, അതു നിമിത്തമുള്ള അപവാദങ്ങള്‍ക്കും ഇടയുണ്ട്. വഞ്ചന, തലവേദന, നേത്രരോഗങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പിതൃസ്ഥാനീയര്‍ക്ക് ആപത്തുകളും അനാരോഗ്യവും ഉണ്ടാകാം. പൂര്‍വ്വികസ്വത്തുക്കള്‍ വ്യവഹാരങ്ങളില്‍ കൂടി നേടിയെടുക്കാന്‍ ശ്രമിക്കും. വാസസ്ഥാനം മാറേണ്ടതായി വരും. സഹോദരക്ലേശം ഉണ്ടാകാം. നിശ്ചയിച്ചുറപ്പിച്ച വിവാഹം സാഹചര്യങ്ങള്‍ മൂലം മാറ്റിവയ്ക്കേണ്ടതായി വരും. വ്യാപാരവ്യവസായ മേഖലകളില്‍ പുരോഗതിക്കായി ദൂരയാത്രകള് ആവശ്യമായി വരും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നുചേരും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി, നെയ് വിളക്ക്, തുളസിമാല എന്നിവയും സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സ്ത്രീജനങ്ങള്‍ പൊതുകാര്യങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കും. മതപരമായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും പൗരോഹിത്യം വഹിക്കുന്നവര്‍ക്കും പൊതുവേ പ്രതികൂലമായ അനുഭവങ്ങള്‍ വന്നുചേരും. കൂട്ടുബിസിനസ്സുകളില് പരാജയം സംഭവിക്കാം. വിദേശയാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്നവര്‍ക്ക് ആകസ്മികമായ തടസ്സങ്ങള്‍ വന്നുചേരും. സ്ത്രീജനങ്ങളുടെ ദുര്‍വ്യയം കാരണം കുടുംബത്ത് അന്തഃഛിദ്രങ്ങള്ക്കിടവരും. കാര്‍ഷിക മേഖലയിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യം ലഭ്യമാകും. ആത്മാര്‍ത്ഥ സുഹൃത്തുക്കളുടേയോ ബന്ധുജനത്തിന്റേയോ ആകസ്മികമായ വിയോഗം മാനസിക അസ്വസ്ഥതകള്ക്കിടവരുത്തും. വിലയ്ക്കു വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നതായ ഭൂമി നിയമപരമായ തടസ്സങ്ങള്‍ കാരണം നഷ്ടപ്പെടും. ജീവിതശൈലീരോഗങ്ങളുള്ളവര്ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും. അയല്പക്കക്കാരുമായി കൂടുതല്‍ സൗഹൃദത്തിലേര്‍പ്പെടും. സ്ത്രീസന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിനായി ധനം ചെലവഴിക്കേണ്ടതായി വരും. വിഷജന്യമായ രോഗങ്ങളും, പകര്‍ച്ച വ്യാധികളും പിടിപെടാതെ സൂക്ഷിക്കണം.
പരിഹാരമായി കൃഷ്ണസ്വാമീക്ഷേത്രത്തില്‍ നെയ് വിളക്ക്, തുളസിമാല, പുരുഷസൂക്തപുഷ്പാഞ്ജലി, തൃക്കൈവെണ്ണ എന്നിവയും സഹസ്രനാമജപവും നടത്തിക്കൊള്ളണം. ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പരോപകാരപ്രവൃത്തികള്ക്ക് മുന്നിട്ടു നില്ക്കാന് അവസരമുണ്ടാകും. ഈശ്വരകാര്യങ്ങള്ക്കുവേണ്ടി സമയം കണ്ടെത്തും. ഏറിയകാലമായി തടസ്സപ്പെട്ടുകിടന്ന വിവാഹകാര്യത്തിന് തീരുമാനമുണ്ടാകും. നെല്‍കൃഷി ചെയ്യുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഈ ദിവസങ്ങള്‍ അത്ര നന്നായിരിക്കില്ല. ഭാര്യ, സന്താനങ്ങള്‍ എന്നിവര്‍ക്ക് രോഗപീഡകളും ആപത്തുകളും വന്നുചേരാനിടയുണ്ട്. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യംകൊണ്ട് തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച ഉണ്ടാകും. പതനങ്ങളോ, വാഹനാപകടങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സേനാവിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥാനമാറ്റം ഉണ്ടാകും. നഷ്ടപ്പെട്ടു എന്ന് കരുതിയ ധനം തിരികെ കിട്ടാന്‍ ഇടവരും. ജ്യേഷ്ഠസഹോദരാദികള്ക്ക് രോഗപീഡകളും ആകസ്മികമായ ധനനഷ്ടങ്ങളും സംഭവിക്കാം.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രഭജനം, ദേവീമഹാത്മ്യപാരായണം, ശാസ്താവിന് നീരാജനം, ശംഖുപുഷ്പമാല, അര്‍ച്ചന എന്നിവ നടത്തിക്കൊള്ളണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
വലിയ നേട്ടങ്ങള്‍ക്കായി തൊഴിലില്‍ ധാരാളം ധനം ചെലവഴിക്കേണ്ടതായി വരും. അനാവശ്യമായ കടബാധ്യതകള്‍ ഒഴിവാക്കി നിര്‍ത്തണം. നിശ്ചയിച്ചിരുന്ന വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ നേരിടും. സ്വര്‍ണ്ണവ്യാപാരം, ഇരുമ്പു വ്യവസായം എന്നീ മേഖലകളില്‍ കാര്യമായ പുരോഗതി കാണുന്നില്ല. സാഹിത്യമേഖലയിലും കലാ-കായിക മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും. തൊഴിലില്‍ വരുന്ന സ്ഥാനമാറ്റങ്ങള്‍ ക്ലേശാനുഭവങ്ങള്ക്കിടവരുത്തും. ജ്യേഷ്ഠസന്താനങ്ങളെപ്പറ്റി മനസ്സ് ക്ലേശിക്കേണ്ടതായ സാഹചര്യം ഉണ്ടാകും. ഉദരസംബന്ധമായ രോഗങ്ങളും വാതരോഗങ്ങളും ഉള്ളവര്‍ ശ്രദ്ധിക്കണം. ഭാര്യാ കുടുംബവുമായി ശത്രുത പുലര്‍ത്തുകയും കുടുംബസമ്പത്തിനെച്ചൊല്ലി വ്യവഹാരങ്ങള്‍ക്കും ഇടവരും. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും പരാജയം നേരിടും. നാല്‍ക്കാലികളില്‍നിന്ന് ആപത്തുകളും നഷ്ടങ്ങളും ഉണ്ടാകാം.
പരിഹാരമായി ശിവക്ഷേത്രത്തില്‍ ജലധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി ഇവയും വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി എന്നിവയും നടത്തിക്കൊള്ളണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ അദ്ധ്വാനം വിജയിക്കുന്നതാണ്. വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകും. സ്വന്തത്തില്പ്പെട്ടവരുടെ വിവാഹത്തിനുവേണ്ടി പണം ചെലവഴിക്കേണ്ടിവരും. തെറ്റിദ്ധാരണമൂലം ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പിണങ്ങിക്കഴിയേണ്ടതായി വരും. ക്രയവിക്രയങ്ങളില്‍ ഇടനിലക്കാരനായിനിന്ന് ധനലാഭം ഉണ്ടാക്കും. പഴയ വീട് വില്‍ക്കാനും പുതിയത് വാങ്ങാനും ശ്രമം നടത്തും. നാളികേരം, റബ്ബര്‍, പച്ചക്കറികള്‍ എന്നീ കര്‍ഷകര്‍ക്ക് അനുകൂലമായ കാലമാണ്. അവര്‍ക്ക് സര്‍ക്കാരില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വസ്ത്രവ്യാപാരരംഗത്തുള്ളവര്ക്ക് പ്രതീക്ഷയില്‍ കവിഞ്ഞ ആദായമുണ്ടാകും.
വിഷ്ണുക്ഷേത്രത്തില്‍ നെയ് വിളക്ക്, സഹസ്രനാമപുഷ്പാഞ്ജലി, വിഷ്ണുപൂജ എന്നിവയും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതവും നടത്തുന്നത് ശ്രേയസ്കരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
സാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ നേട്ടങ്ങളുണ്ടാകും. തൊഴില്‍ സംബന്ധമായി യാത്രകള്‍ വേണ്ടിവന്നേക്കും. സാമ്പത്തികകാര്യങ്ങളെച്ചൊല്ലി പിതാവുമായി ഇടയാതെ സൂക്ഷിക്കണം. നവമാധ്യമങ്ങള്‍ വഴി പുതിയ സുഹൃത്തുക്കള്‍ വന്നുചേരും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനത്തിലെത്തും. പുതിയ ഫാക്ടറികളോ, വര്‍ക്ക് ഷോപ്പുകളോ, ഹോട്ടലുകളോ തുടങ്ങാന്‍ ശ്രമിക്കും. ഉന്നത വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്ക് വിജയവും, പുരോഗതിയും ഉണ്ടാകും. അയല്‍ക്കാരുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാനിടയുണ്ട്. ആഹാരത്തില്‍നിന്നുള്ള വിഷഭുക്തി അനുഭവപ്പെടാം. അസ്ഥി സംബന്ധമായും നാഡീഞരമ്പുകള്‍ സംബന്ധമായുമുള്ള രോഗങ്ങള്‍ ശ്രദ്ധിക്കണം.
ഹനുമാന്സ്വാമീക്ഷേത്രത്തില് നെയ് വിളക്ക്, വെറ്റിലമാല, അവില് നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വാഹനം വാങ്ങുവാന്‍ അനുകൂലമായ സന്ദര്‍ഭമല്ല. വ്യാപാരരംഗത്ത് ലാഭം പ്രതീക്ഷിക്കാം. ബന്ധുജനങ്ങളില്‍നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കാതെ വരും. സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ക്ലേശം നേരിടേണ്ടതായി വരും. ഓട്, ഇഷ്ടിക എന്നിവയുടെ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കൂടുതല്‍ അനുകൂലസമയമാണ്. വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല അപകടങ്ങളും വന്നുചേരാനിടയുണ്ട്. ഗവണ്മെന്റില്നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം മാറിക്കിട്ടും. സുഹൃദ്ബന്ധത്തിനും കൂട്ടുകച്ചവടത്തിനും ഉലച്ചില്‍ സംഭവിക്കാം. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ ജീവിതശൈലീരോഗങ്ങളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ അഭിപ്രായഭിന്നതകള്‍ കാരണം മാറി താമസിക്കേണ്ടതായി വരും.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ശിവസൂക്താര്ച്ചന, സര്‍പ്പങ്ങള്‍ക്ക് നൂറും പാലും എന്നിവ നടത്തി പ്രാര്ത്ഥിച്ചുകൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഉന്നത വ്യക്തികളില്‍നിന്ന് സഹായം ലഭിക്കും. തുടങ്ങിവച്ച തൊഴിലുകള്‍ തടസ്സപ്പെടാനിടയുണ്ട്. ദാമ്പത്യജീവിതം സുഖകരമായിത്തീരും. കൃഷിവകയിലും വാടകയിനത്തിലും വരുമാനമുണ്ടാകും. ഭൂമി വില്‍പ്പന തടസ്സപ്പെടാനിടയുണ്ട്. കലാകാരന്മാര്ക്കും സാഹിത്യകാരന്മാര്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുതിയ പുതിയ അവസരങ്ങള്‍ വന്നുചേരും. ഊഹകച്ചവടത്തില്‍ ഗുണമുണ്ടാകുന്നതാണ്. സ്ത്രീകള്‍ മുഖേന അപവാദങ്ങള്ക്കിടവിരാതെ ശ്രദ്ധിക്കണം. നൂതനമായ ഭൂമിയോ, വാഹനമോ വാങ്ങാനിടവരും. ശത്രുക്കള്‍ നിമിത്തം മാനസികസംഘര്ഷങ്ങള്ക്കിടവരും. ഈ ആഴ്ച ആരോഗ്യപരമായി അത്ര നന്നല്ല. വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്രകള്‍ പ്രതീക്ഷിച്ചിരുന്നത് സഫലമായിത്തീരും. ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വര്‍ദ്ധിച്ചെന്ന് വരും. വിചാരിക്കാത്ത സ്ഥലത്തേക്ക് സ്ഥലമാറ്റത്തിന് സാധ്യതയുണ്ട്.
ദോഷശമനത്തിനായി വിഷ്ണുസഹസ്രനാമജപം, സര്‍പ്പക്ഷേത്രത്തില്‍ ദര്‍ശനം ഇവ നടത്തുന്നത് ഉചിതമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനിടയാകും. ഗൃഹനിര്‍മ്മാണം സാമാന്യേന പുരോഗതിയിലെത്തും. ആത്മീയ കാര്യങ്ങള്‍ക്കായി പണം വിനിയോഗിക്കുകയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ദൂരയാത്രകള് ചെയ്യേണ്ടതായും വരും. ആരംഭിച്ച സംരംഭങ്ങള്‍ പുരോഗതിയിലേയ്ക്ക് വരുന്നതാണ്. മാതൃസ്ഥാപനവുമായി ഭിന്നത ഉണ്ടാകാനിടയുണ്ട്. ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷകളില്‍ സംബന്ധിക്കുകയും വിജയം പ്രാപ്തമാക്കുകയും ചെയ്യും. കൃഷിയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. സാംക്രമിക രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ആവശ്യമായ ശുചിത്വം പാലിക്കുകയും വേണം. തറവാട് സ്വത്ത് അധീനതയില്‍ വന്നുചേരുന്നതാണ്. വിവാഹാലോചനകളും മറ്റും നീണ്ടുപോകാനിടയുണ്ട്. പിതാവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ വന്നുചേരാം. വാഹനങ്ങളില്‍നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാകുകയും, പരസ്യങ്ങള്‍, ഏജന്‍സികള്‍ എന്നിവ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകുകയും ചെയ്യും.
ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, നെയ് വിളക്ക്, അവില് വനിവേദ്യം, ശാസ്താവിന് നീരാജനം, അര്‍ച്ചന ഇവ നടത്തുന്നത് കൂടുതല്‍ ശ്രേയസ്കരമായിരിക്കും.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
അപ്രതീക്ഷിതമായ ധനനഷ്ടം സംഭവിച്ചേക്കാം. ഉന്നത സ്ഥാനത്തുള്ളവരുമായി ബന്ധം സ്ഥാപിക്കും. കലാകാരന്മാര്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കണം. ശസ്ത്രക്രിയാദികള്ക്ക് അവസരം ഉണ്ടാകും. ദുഷ്ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അനാവശ്യച്ചെലവ് വര്‍ദ്ധിക്കുകയും ഊഹക്കച്ചവടത്തില്‍ പരാജയം സംഭവിക്കുകയും ചെയ്യും. മതപരമായ കാര്യങ്ങളില്‍ പങ്കുകൊള്ളുകയും അതിനായി പണം ചെലവഴിക്കുകയും ചെയ്യും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കും. ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. നാല്‍ക്കാലികളില്‍നിന്ന് ആപത്തുകളും വാഹനക്ലേശവും ഉണ്ടാകാം. മുടങ്ങിക്കിടന്നിരുന്നതായ സംരംഭങ്ങള്‍ പുനരാരംഭിക്കും.
പരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം ചെയ്ത് സഹസ്രനാമ പുഷ്പാഞ്ജലി, പാല്‍പ്പായസം, വിഷ്ണുപൂജ ഇവ നടത്തുകയും മലദൈവങ്ങള്‍ക്ക് വെറ്റില, അടയ്ക്കാ, എണ്ണ, വിളക്ക്, കരിക്ക് അഭിഷേകം ഇവ നടത്തുകയും വേണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍വിജയകരമായി പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ സുഖവും സംതൃപ്തിയും ബന്ധുക്കളുടെ ചേര്ച്ചയുമുണ്ടാകും. സന്താനങ്ങള്‍ പഠനരംഗത്ത് പിന്നോക്കം പോകാനിടയുണ്ട്. സര്‍ക്കാരില്‍നിന്നോ കമ്പനികളില്‍നിന്നോ കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. പഴയ സാധനങ്ങള്‍ വിറ്റൊഴിവാക്കും. ദൂരയാത്രകള് കഴിവതും ഒഴിവാക്കണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് അപകടസാധ്യത ഉണ്ടാകുന്ന സമയമാണ് ചെറിയ തോതിലുള്ള കുടുംബകലഹം, മനഃസുഖം കുറയാന്‍ കാരണമാകും. തറവാട് സ്വത്തുക്കളുടെ വിഭജനകാര്യങ്ങളില് തീരുമാനമാകും. സ്ത്രീകള്‍ ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഉദരസംബന്ധമായ രോഗങ്ങളോ കണ്ണുകളുടെ അസുഖമോ ഉണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്കായി ദേവീക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലി, ശിവന് ധാര, മാല, വിളക്ക്, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി എന്നിവ നടത്തിക്കൊള്ളണം.
Recent Comments