ആഗോള തലത്തിലുള്‍പ്പെടെ ഏറെ പ്രശംസ നേടിയ ‘ഓള് വി ഇമാജിന്‍ഡ് ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. സൗഹൃദം, സ്വത്വം, പ്രതിരോധശേഷി, മാനുഷിക ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ എന്നീ പ്രമേയങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിച്ച ചിത്രത്തിനായി മലയാള സിനിമാ വ്യവസായത്തിലെ പ്രമുഖര്‍ കൊച്ചിയില്‍ ഒത്തു ചേര്‍ന്നു. ചിത്രത്തിന്റെ സംവിധായകയായ പായല്‍ കപാഡിയയും കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളും ഉള്‍പ്പെടുന്ന സംവാദവും പ്രത്യേക പ്രദര്‍ശനത്തിന് ശേഷം നടന്നു.
ഈ സംവാദം പ്രേക്ഷകര്‍ക്ക് ചിത്രത്തിന് പിന്നിലുള്ള ക്രിയേറ്റീവ് ടീമുമായി നേരിട്ട് ഇടപഴകാനുള്ള ഒരു അപൂര്‍വ അവസരം നല്കി. ചിത്രത്തിന് വേണ്ടിയുള്ള കലാപരമായ തിരഞ്ഞെടുപ്പുകള്‍, ഓള് വി ഇമാജിന്‍ഡ് ആസ് ലൈറ്റ് ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടുവരുന്ന അതുല്യമായ ആഖ്യാന ശൈലി, നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാട്, സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ അഭിനേതാക്കളുടെ അനുഭവങ്ങള്‍ എന്നിവയെല്ലാം ഈ സംവാദത്തിന്റെ ഭാഗമായി.
മഹേഷ് നാരായണന്, പാര്‍വതി തിരുവോത്ത്, റീമ കല്ലിങ്കല്‍, ഗായത്രി അശോക്, ഐശ്വര്യ ലക്ഷ്മി, സന്ധ്യ ബാലചന്ദ്രന്, റിയാസ് സലിം, റാണി ഹരിദാസ്, അതുല്യ ആശാദം, ലെന്‍ഡ്രിക് കുമാര്‍, സരിന് ഷിബാബ്, വിഷ്ണു രാഘവ്, ശീതള്‍ ശ്യാം, നിമിഷ ഹക്കിം, അനഘ നാരായണന് തുടങ്ങി മലയാള ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ സ്ക്രീനിങ്ങില്‍ പങ്കെടുത്തു. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍ എന്നിവര്‍ തങ്ങളുടെ പ്രകടനങ്ങളുടെ വെല്ലുവിളികളെയും അതിനു ലഭിച്ച ഫലത്തെയും കുറിച്ച് മനസ്സ് തുറന്നു.
മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും 2024 നവംബര്‍ 22 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഫ്രാന്‍സില്‍ നിന്നുള്ള പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് ആന്‍ഡ് ചീസ്, അനതര്‍ ബര്‍ത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഔദ്യോഗിക ഇന്തോ-ഫ്രഞ്ച് സഹനിര്‍മ്മാണമാണ് ഈ ചിത്രം. ഇന്ത്യയില്‍ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആര്‍ഒ- ശബരി.
Recent Comments