ഇന്ത്യയിലെ മികച്ച നടന്മാരായിട്ടും മമ്മൂട്ടിക്കും മോഹന്‍ലാലിനും അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്. മലയാള സിനിമയ്ക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ ചെറിയ ഇടയങ്ങളില്‍ ഒതുങ്ങിപ്പോവുകയാണ്. ചെറിയ കാന്‍വാസില്‍ ഒതുങ്ങിപ്പോകാതെ വലിയ മാര്‍ക്കറ്റിലേയ്ക്ക് ലക്ഷ്യം വയ്ക്കണമെന്നും എന്നാല്‍ മാത്രമേ അര്‍ഹിക്കുന്ന സ്വീകാര്യത ലഭിക്കൂ എന്നും ഉണ്ണിമുകുന്ദന് പറയുന്നു. മാര്‍ക്കോയ്ക്ക് ബോളിവുഡില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘മലയാള സിനിമ ഇപ്പോള്‍ എല്ലാത്തകരം സിനിമകളും ചെയ്യുന്നുണ്ട്. പൃഥ്വി ഈ വര്‍ഷമാണ് ആടുജീവിതം ചെയ്തത്. ഞാന്‍ ജയ് ഗണേഷ് ചെയ്തു. അതില്‍ ഞാന്‍ നടക്കാന്‍ കഴിയാതെ മുഴുവന്‍ സമയവും വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരാളായിട്ടാണ് അഭിനയിച്ചത്. ഫഹദ് ആവേശം ചെയ്തു. ഈ വര്‍ഷം മലയാള സിനിമാതാരങ്ങളും വ്യത്യസ്തമായ സിനിമകള്‍ ചെയ്തുകൊണ്ട് വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. ദുല്‍ഖര്‍ തെലുങ്കില്‍ ലക്കി ഭാസ്കര്‍ ചെയ്തു. നല്ല കുട്ടി ഇമേതിനപ്പുറം നമ്മളെല്ലാം വിവിധതരം സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പുറത്തേയ്ക്ക് വളരാനാണ് ആഗ്രഹിക്കുന്നത്. നമ്മുടെ അഭിനേതാക്കള്‍ക്കും സാങ്കേതിക വിജഗ്ധര്ക്കും അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മലയാളത്തില്‍ മികച്ച സിനിമകള്‍ വരുന്നുണ്ടെന്ന് എല്ലാവരും പറയുന്നുണ്ട്. പക്ഷേ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മലയാളസിനിമ പ്രാദേശികമായി മാത്രം ഒതുങ്ങാതെ ലോകം മുഴുവനുമുള്ള വലിയൊരു ക്യാന്‍വാസില്‍ ചര്‍ച്ച ചെയ്യപ്പെടണം എന്നാണ് എന്റെ ആഗ്രഹം.’
‘നമ്മുടെ പ്രിയതാരങ്ങളില്‍ ഒരാളായ മോഹന്‍ലാല്‍ സാറിന് മികച്ച ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെങ്കിലും വിശാലമായ തലത്തില്‍ നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു വലിയ മമ്മൂക്ക-മോഹന്‍ലാല്‍ ആരാധകനെന്ന നിലയില്‍ അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഒരുപക്ഷേ, നമുക്ക് നമ്മുടെ സിനിമയെ ഒരു നിശ്ചിത ക്യാന്വാസിന് അപ്പുറത്തേക്ക് വികസിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാകാം. ഏത് വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്ക് മാര്‍ക്ക് ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. മലയാള സിനിമയുടെ കാര്യത്തിലും മാര്‍ക്ക് വലുതാക്കേണ്ടതിന്റെ ആവശ്യകതയാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള അവസരത്തില്‍ മാര്‍ക്കോപോലുള്ള സിനിമകള്‍ ഗുണം ചെയ്യുമെന്ന് കരുതുന്നു.’ ഉണ്ണമുകുന്ദന്‍ പറഞ്ഞു.
Recent Comments