താരസംഘടനയായ അമ്മ ജി.എസ്.ടി ഇനത്തില്‍ നാലക്കോടിയോളം രൂപ വെട്ടിച്ചെന്നും ഫൈന്‍ അടക്കം അത് തിരിച്ചടയ്ക്കണമെന്നുള്ള വാര്‍ത്ത പ്രചരിക്കുന്നതിനിടെ അതിന്റെ നിജസ്ഥിതി അറിയാനാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെ വിളിച്ചത്.
‘ചില ചാനലുകളില്‍ ഈ രൂപത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായി എന്റെയും ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ നാലരക്കോടി രൂപ ജി.എസ്.ടി ഇനത്തില്‍ അമ്മ അടയ്ക്കാനുണ്ടെന്നുള്ളത് പച്ചക്കള്ളമാണ്. അങ്ങനെ ആവശ്യപ്പെട്ടുകൊണ്ട് ഒരു നോട്ടീസും അമ്മയ്ക്ക് ഇതുവരെ കിട്ടിയിട്ടില്ല.’ ഇടവേള ബാബു ആമുഖമായി പറഞ്ഞു.
‘1994 ല്‍ സര്‍വ്വീസ് ടാക്സ് നിലവില്‍ വന്നുവെന്നാണ് എന്റെ ഓര്‍മ്മ. ഇരുപത് ലക്ഷത്തിനുമേല്‍ വരുമാനമുള്ളവരാണ് സര്‍വ്വീസ് ടാക്സ് അടയ്ക്കേണ്ടത്. അമ്മയുടെ വരുമാനസ്രോതസ്സ് അംഗത്വഫീസാണ്. അംഗത്വഫീസ് സര്‍വ്വീസ് ടാക്സ് പരിധിയില്‍ വരുന്നതല്ലെന്ന് ആഡിറ്ററുടെ ഉപദേശം ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് സുപ്രീംകോടതിയില്‍നിന്ന് ശ്രദ്ധേയമായൊരു വിധി വരുന്നത്. പൂനെയിലുള്ള ഒരു ക്ലബ്ബ് കോടതി കയറിയതിനെത്തുടര്‍ന്നാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍നിന്ന് അത്തരമൊരു വിധി വന്നത്. അംഗത്വ ഫീസിനത്തില്‍ ലഭിക്കുന്ന വരുമാനവും ജി.എസ്.ടിയുടെ പരിധിയില്‍ വരുമെന്നായിരുന്നു അത്. അപ്പോഴേയ്ക്കും സര്‍വ്വീസ് ടാക്സ് ജി.എസ്.ടിയിലേയ്ക്ക് പരിണമിച്ചുകഴിഞ്ഞിരുന്നു. ആ വിധിക്കുശേഷം അമ്മ, അംഗത്വം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ ജനറല്‍ ബോഡി കൂടിയാണ് അത് പുനഃസ്ഥാപിച്ചത്. അംഗത്വഫീസ് 2,05,000 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് അമ്മ ജി.എസ്.ടിക്കുവേണ്ടി അപേക്ഷ നല്‍കുന്നത്. അമ്മയ്ക്ക് ജി.എസ്.ടി അനുവദിക്കുകയും ചെയ്തു. 1,60,000 രൂപയാണ് ഈ ഇനത്തില്‍ അമ്മയ്ക്ക് ലഭിക്കുന്നത്. ബാക്കി ജി.എസ്.ടിയാണ് അടയ്ക്കുന്നത്. അടുത്തിടെ ജി.എസ്.ടി. ഓഫീസില്‍നിന്ന് അമ്മയ്ക്കൊരു നോട്ടീസ് വന്നിരുന്നു. എന്തുകൊണ്ട് 1994 മുതലുള്ള ജി.എസ്.ടി. അടയ്ക്കുന്നില്ല എന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. 20 ലക്ഷത്തില്‍ താഴെ വരുമാനമുള്ളതുകൊണ്ടാണ് ജി.എസ്.ടി അടയ്ക്കാതിരുന്നതെന്ന് മറുപടി നല്കി. ഇതിനെത്തുടര്‍ന്ന് പത്ത് വര്‍ഷത്തെ സ്റ്റേറ്റ്മെന്റ് നല്കാന് അവര്‍ അമ്മയ്ക്ക് നോട്ടീസ് നല്കി. ഞങ്ങള്‍ സ്റ്റേറ്റ്മെന്റ് നല്കി. അതില്‍ മഴവില്‍മനോരമയ്ക്ക് വേണ്ടി നടത്തിയ ഒരു അവാര്‍ഡ് നിശയില്‍ നിന്ന് പ്രതിഫലമായി ലഭിച്ച തുകയ്ക്ക് എന്തുകൊണ്ട് ജി.എസ്.ടി അടച്ചില്ലെന്നായി അടുത്ത അന്വേഷണം. വാസ്തവത്തില്‍ മനോരമ ഞങ്ങള്‍ക്ക് നല്‍കിയത് പ്രതിഫലമായിരുന്നില്ല. ഡൊണേഷനായിരുന്നു. അതിന്റെ ടാക്സ് മനോരമതന്നെ അടച്ചിട്ടുമുണ്ട്. അതിന്റെ പേപ്പേഴ്സ് മനോരമ ഞങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നു മാത്രമല്ല, അത് ഡൊണേഷനായിരുന്നുവെന്ന് ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റും അംഗീകരിച്ചിട്ടുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് ഞങ്ങള്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിട്ടുള്ളത്. ഞങ്ങളുടെ വിശദീകരണം അവരെ തൃപ്തിപ്പെടുത്തുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ജി.എസ്.ടി അടച്ചേ മതിയാകൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഞങ്ങള്‍ കോടതില്‍ പോകും. പണ്ട് സര്‍വ്വീസ് ടാക്സുമായി ബന്ധപ്പെട്ട ഞങ്ങള്‍ കോടതി കയറിയിട്ടുണ്ട്. അന്ന് അനുകൂലമായ വിധിയാണ് കോടതിയില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. മറ്റുള്ളതെല്ലാം മാധ്യമസൃഷ്ടികളാണ്. ഞങ്ങളോടൊരു വിശദീകരണംപോലും ചോദിക്കാതെയാണ് ഈ വാര്‍ത്തകള്‍ ചില മാധ്യമങ്ങളെങ്കിലും നല്കിക്കൊണ്ടിരിക്കുന്നത്.’ ഇടവേള ബാബു പറഞ്ഞുനിര്‍ത്തി.
Recent Comments