അപ്പു എന്‍. ഭട്ടതിരിയും സഞ്ജീവും അടുത്ത സുഹൃത്തുക്കളാണ്. ഒരു കാലത്ത് സിനിമ, സ്വപ്നം, കണ്ടു നടന്നിരുന്ന ചെറുപ്പക്കാര്‍.
അപ്പു പില്ക്കാലത്ത് എഡിറ്ററായി. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പരുസ്ക്കാരവും ലഭിച്ചു. ഒറ്റ മുറി വെളിച്ചം എന്ന ചിത്രത്തിലെ ചിത്ര സംയോജനമികവിനെ മുന്‍നിര്‍ത്തി. എഴുത്തിലായിരുന്നു സഞ്ജീവിന് കമ്പം. അവര്‍ കഥകള്‍ പങ്കുവച്ചു.
രണ്ടു വര്‍ഷം മുമ്പാണ്, സഞ്ജീവ് പറഞ്ഞ ഒരു കഥ അപ്പുവിനും ഇഷ്ടമായി. അതിനുമേല്‍ അവര്‍ ഇരുന്നു, മാസങ്ങളോളം. ഒടുവില്‍ അതിനൊരു തിരക്കഥയും ഉണ്ടായി.
ആ തിരക്കഥാ ചര്‍ച്ചകളില്‍ ഫെലിനിയും ഉണ്ടായിരുന്നു. ഫെലിനി തീവണ്ടിയുടെ സംവിധായകനാണ്. ഫെലിനിയും അവരുടെ സുഹൃത്തായിരുന്നു.
ഒടുവില്‍ കഥ പറയാന്‍ അവര്‍ കുഞ്ചാക്കോ ബോബന്റെ അടുക്കല്‍ എത്തി. കേട്ടപ്പോള്‍തന്നെ ചാക്കോച്ചന് ത്രില്‍ഡ് ആയി. പിന്നീടുള്ള ചര്‍ച്ചകളില്‍ അവരെ കുഴക്കിയ പ്രശ്നം നായികയുടേതായിരുന്നു.വളരെ ശക്തിമായ സ്ത്രീകഥാപാത്രമാണ്. ചാക്കോച്ചനാണ് നയന്‍താരയുടെ പേര്പറഞ്ഞത്. അവര്‍ക്കും സമ്മതമായിരുന്നു.
മാനേജര്‍ വഴിയാണ് നയന്‍താരയെ ബന്ധപ്പെടുന്നത്. ആദ്യം കഥയുടെ സംഗ്രഹം അയച്ചുകൊടുത്തു. കഥ നയന്‍താരയ്ക്കും ഇഷ്ടമായി.
അടുത്തപ്പടി നയന്‍താരയെ നേരിട്ടുകണ്ട് കഥ പറയുക എന്നതാണ്. അങ്ങനെ അപ്പുവും സഞ്ജീവും ഫെലിനിയും നയന്‍സിന്റെ മുന്നിലെത്തുന്നു. തിരക്കഥ വായിക്കുന്നു. മികച്ച വേഷങ്ങളെ കാത്തിരുന്ന നയന്‍താരയ്ക്ക് ആ കഥാപാത്രത്തെ അത്രകണ്ട് ഇഷ്ടമായി. അവര്‍ സമ്മതം മൂളി. പ്രതിഫലം അവര്‍ക്കിടയില്‍ ഒരു വിഷയമേയായില്ല.
ഈ പ്രോജക്ടിന്റെ നടത്തിപ്പിനായിട്ടാണ് അപ്പുവും സഞ്ജീവും ഫെലിനിയും ആന്റോജോസഫിനേയും ബാദുഷയേയും കാണാന്‍ എത്തുന്നത്. അത്യാവശ്യം ബഡ്ജറ്റ് ആവശ്യമുള്ള ചിത്രമാണ്. അങ്ങനെയാണ് ആന്റോ ജോസഫ് ഫിലിംസും മെലാഞ്ച് ഫിലിംഹൗസും ടെന്റ് പോള്‍ മൂവീസും കൈകോര്‍ക്കുന്നത്. ആന്റോ ജോസഫും, അഭിജിത്ത് പിള്ളയും ബാദുഷയും ഫെലിനിയും ജിനേഷ് ജോസുമാണ് നിര്‍മ്മാതാക്കള്‍.
അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴലിന്റെ ഷൂട്ടിംഗ് നാളെ എറണാകുളത്ത് തുടങ്ങും. പൂര്‍ണ്ണമായും എറണാകുളമാണ് ലൊക്കേഷന്‍. 45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചാക്കോച്ചന് നാളെ സെറ്റില്‍ ജോയിന്‍ ചെയ്യും. നയന്‍താര ഒരാഴ്ചകൂടി കഴിഞ്ഞേ സെറ്റില്‍ എത്തൂ. ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കഥയുടെ വിശദവിവരങ്ങളൊന്നും ഇനിയും പുറത്തു വിട്ടിട്ടില്ലെങ്കിലും നിഴല്‍ ഒരു ത്രില്ലര്‍ മൂവിയാണ്.
ഡീപക് ഡി. മേനോനാണ് ഛായാഗ്രാഹകന്‍. സൂരജ് കുറുപ്പ് സംഗീതവും സ്റ്റെഫി സേവ്യര്‍ കോസ്റ്റിയൂമും റോണക്സ് സേവ്യര്‍ മേക്കപ്പും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊഡുത്താസ് ആണ്. അപ്പു. എന്‍. ഭട്ടതിരിയും അരുണ്‍ലാലും ചേര്‍ന്ന് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.
Recent Comments