‘നിഴല്‍’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന ബാലതാരമാണ് ഐസിന് ഹാഷ്. പരസ്യചിത്രങ്ങളിലൂടെയാണ് ഹാഷിന്റെ തുടക്കം. രാജ്യന്തര പരസ്യ ബ്രാഡുകളായ നിഡോ, കിന്റര്‍ ജോയ്, വര്‍ണര്‍ ബ്രോസ് തുടങ്ങിയ കമ്പനികളുടെ മോഡല്‍ കൂടിയാണ് ഈ കൊച്ചു താരം.
രണ്ട് കൊല്ലം മുന്‍പ് സ്റ്റാന്‍ഡേര്‍ഡ് ചാര്ട്ടേഴ്സിന് വേണ്ടി മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം സ്റ്റീഫന്‍ ജെറാഡിനെയും കോച്ചും മുന്‍ സ്കോട്ടിഷ് താരവുമായ ഗ്യാരി അല്ലിസ്റ്ററിനെയും ഇന്റര്‍വ്യൂ ചെയ്തതും ഐസിനായിരുന്നു. ഇപ്പോള്‍ ഈ കൊച്ചുതാരം ഹോളിവുഡിലേക്ക് ചുവടുവയ്ക്കാന്‍ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. റെയാന്‍ ലാമെര്‍ സംവിധാനം ചെയ്യുന്ന ‘നോര്‍ത്ത് ഓഫ് ദി ടെന്‍’ എന്ന ചിത്രത്തിലൂടെയാണ് ലാണ് ഐസിന്റെ അരങ്ങേറ്റം.
‘സ്മോള്‍ സ്റ്റെപ് ടു ഹോളിവുഡ്’ എന്ന ടാഗ് ലൈനോടെ സിനിമയിലെ സഹതാരങ്ങളായ ഡോണ്‍ ബെഞ്ചമിന്‍, മാട്രിഫ്, ടോസിന് മൊറോഹന് ഫോള, ഡെസ്റ്റോം, ഓസ്കാര്‍ അവാര്‍ഡ് ജേതാവായ ടെറന്‍സ് ജെ. എന്നിവര്‍ക്കൊപ്പമുള്ള ലൊക്കേഷന്‍ വീഡിയോ ഐസിന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.
വ്യത്യസ്ത കഴിവുകളുള്ള അഞ്ച് സുഹൃത്തുക്കളുടെ കഷ്ടപ്പാടിന്റെയും വിജയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിന് അഭിനയിച്ചത്.
അജ്മാന് ഹാബിറ്റാറ്റ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഐസിന് മോഡലിംങ്ങിനൊപ്പം പഠനത്തിലും മികവ് പുലര്‍ത്തുന്നു. ഐസിന് ഹാഷ് എന്ന യുട്യൂബ് ചാനലും ഈ മിടുക്കന്റേതാണ്. ദുബായില്‍ സോഷ്യല്‍ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബൂദാബിയില്‍ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിന് ഹാഷ്.
ഷെരുണ് തോമസ്
Recent Comments