കെ.ജി.എഫ് 2 മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു. കെ.ജി.എഫ് 2 ന്റെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ മൗലിക സൃഷ്ടിയുടെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ മലയാളത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ശങ്കര്‍ രാമകൃഷ്ണന്റെ രചനാവൈഭവത്തിനും പങ്കുണ്ട്. ആ എഴുത്ത് മഹിമ തന്നെയാണ് മണിരത്നത്തെപ്പോലെ പെര്‍ഫെക്ഷനിസ്റ്റായ ഒരു സംവിധായകന് തന്റെ പൊന്നിയിന്‍ സെല്‍വനെ ശങ്കര്‍ രാമകൃഷ്ണനെ വിശ്വസിച്ച് ഏല്‍പ്പിക്കാനും കാരണം. ഈ രണ്ട് ചിത്രങ്ങളും മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയ അനുഭവം കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് ശങ്കര്‍ രാമകൃഷ്ണന്.
പൊന്നിയിന്‍ സെല്‍വന്റെ സംഭാഷണങ്ങള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുക മാത്രമല്ല ഞാന്‍ ചെയ്തിരിക്കുന്നത്. അതിലെ വോയ്സ് കാസ്റ്റിംഗും ഡബ്ബിംഗും അടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വവും എനിക്കായിരുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വോക്സ് കോം എന്ന സ്റ്റുഡിയോയുമായി ചേര്‍ന്നാണ് ഞാനീ വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. മദ്രാസ് ടാക്കീസിന്റെ (മണിരത്നത്തിന്റെ നിര്‍മ്മാണ കമ്പനി) മുന്‍കൂര്‍ അനുമതി തേടിയിട്ടാണ് ഓഡിഷന് നടത്തിയത്. അതില്‍നിന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. പൊന്നിയിന്‍ സെല്‍വത്തിന്റെ മലയാള ഡബ്ബിംഗും പൂര്‍ത്തിയായി. ജയറാമും റഹ്മാനും ലാലും ഐശ്വര്യ ലക്ഷ്മിയുമാണ് മലയാളത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ അധികം ഡബ്ബ് ചെയ്തിട്ടുള്ള നടനല്ല റഹ്മാന്. പക്ഷേ ഇതിലെ അദ്ദേഹത്തിന്റെ മധുരാന്ധകന്‍ എന്ന കഥാപാത്രത്തിന് അത്രമേല്‍ ഗാംഭീര്യത്തോടെയാണ് റഹ്മാന് ശബ്ദം നല്‍കിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്റെ മലയാളം ടീസറിന് മാത്രമേ വിക്രം ശബ്ദം നല്‍കിയിട്ടുള്ളൂ. സിനിമയിലെ ഭാഗങ്ങള്‍ ഡബ്ബ് ചെയ്തിരിക്കുന്നത് അരുണ്‍ സി.എം. ആണ്.
പൊന്നിയിന്‍ സെല്വന് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഞാനും വായിച്ചിട്ടുണ്ട്. അതുകൊണ്ട് കഥാഗതിയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരുന്നു. എന്നാല്‍ നോവലുപോലയല്ല തിരക്കഥാഭാഷ്യം. തമിഴിലുള്ള തിരക്കഥ എന്നെ ഏല്പ്പിക്കുന്നതിനുമുമ്പേ ഞാനാ സിനിമ കണ്ടിരുന്നു. അതുകൊണ്ട് എഴുത്ത് കുറേക്കൂടി എളുപ്പമായി. ടൈം ഫ്രെയിമിനകത്തുനിന്നുകൊണ്ട് എഴുതണം. മലയാളചാരുത ഉണ്ടാവുകയും വേണം. അതായിരുന്നു വെല്ലുവിളി. പൂര്‍ണ്ണമായും പദാനുപദതര്ജ്ജിമ ഞാന്‍ നടത്തിയിട്ടില്ല. സ്ഥലനാമങ്ങളും മറ്റും തമിഴില്‍ ഉപയോഗിച്ചതുപോലെതന്നെയാണ് ഇവിടെയും സ്വീകരിച്ചത്. തിരക്കഥ എഴുതി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ മണിരത്നം സാറിനെ അത് വായിച്ച് കേള്‍പ്പിക്കാനുള്ള ഭാഗ്യവുമുണ്ടായി. അദ്ദേഹം പൂര്‍ണ്ണ തൃപ്തനായിരുന്നു. പൊന്നിയിന്‍ സെല്വനെപോലൊരു ഇതിഹാസ സമാനമായ ഒരു ചലച്ചിത്രം വല്ലപ്പോഴും മാത്രമേ സംഭവിക്കൂ. എനിക്കും അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷമായി ആയിരം വര്‍ഷം പഴക്കമുള്ള ഒരു കഥയുടെ തിരക്കഥാരചനയിലാണ് ഞാനും. അയ്യപ്പനെ കുറിച്ചുള്ള സിനിമയാണ്. പാണ്ഡ്യസാമ്രാജ്യത്തെ കീഴ്പ്പെടുത്തിയാണ് ചോളസാമ്രാജ്യം സ്ഥാപിതമാകുന്നത്. അന്ന് നിഷ്കാസിതരായ പാണ്ഡ്യരാജാക്കന്മാരില് ചിലര്‍ അഭയം തേടിയത് കേരളത്തിലായിരുന്നു. അവരാണ് പിന്നീട് പന്തളരാജ്യം സ്ഥാപിച്ചത്. ഇത്തരം ചരിത്ര പശ്ചാത്തലങ്ങളിലൂടെ സഞ്ചരിച്ചതുകൊണ്ടാകണം പാണ്ഡ്യ ചോളരാജാക്കന്മാരുടെ കഥ പറയുന്ന പൊന്നിയിന്‍ സെല്വന് എനിക്ക് ആസ്വദിച്ച് എഴുതാന്‍ കഴിഞ്ഞത്.
പൊന്നിയിന്‍ സെല്‍വന്റെ മലയാള പതിപ്പും അതിന്റെ ട്രെയിലറും ഇവിടെ അവതരിപ്പിക്കുന്നത് മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ്. അവരാണ് അതിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഒരു ഇന്‍ഡസ്ട്രി മറ്റൊരു ഇന്‍ഡസ്ട്രിയെ ബഹുമാനിക്കുന്നത് പോലെയാണ് ഞാനതില്‍ കാണുന്നത്. ഇത്തരം സിനിമകള്‍ വരുമ്പോള്‍ ഒരു പാന്‍ സൗത്തിന്ത്യന്‍ ഐഡന്റിറ്റി ഉണ്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
കെ.ജി.എഫ് 2 ന്റെ പരിഭാഷ കന്നഡത്തില്നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റുകയാണ് ചെയ്തത്. തിരക്കഥ നേരിട്ട് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുകയായിരുന്നില്ല. പകരം സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക് ഇണങ്ങുന്ന മലയാള പദങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു. അതും ഒരു തരത്തില്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം നായകന്റെ ഡയലോഗുകളില്തന്നെ കുറുക്കലും നീട്ടലുമുണ്ട്. ധാരാളം പഞ്ച് ഡയലോഗുകളും. അതൊന്നും ചോര്‍ന്നുപോകാതെ വേണം പരിഭാഷപ്പെടുത്തേണ്ടിയിരുന്നത്. ശങ്കര്‍ രാമകൃഷ്ണന് പറഞ്ഞു.
Recent Comments