‘പൂവിളി പൂവിളി പൊന്നോണമായി…’ എന്ന പാട്ട് കേള്‍ക്കാതെ ഒരു ഓണക്കാലം പോലും മലയാളിക്ക് ഇല്ല. മലയാളിത്വം തുളുമ്പി നില്ക്കുന്ന വരികളും സംഗീതവും. എന്നാല്‍ ഇതൊരു മലയാളി ചിട്ടപ്പെടുത്തിയതല്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
സലില്‍ ചൗധരി. ജന്മം കൊണ്ട് ബംഗാളിയായ സലില്‍ ചൗധരിയാണ് ഈ ഈണത്തിന്റെ ഉടമസ്ഥന്. ഇന്ത്യ മുഴുവന്‍ അദ്ദേഹത്തെ സലില്‍ ദാ എന്ന് സ്നേഹത്തോടെ വിളിച്ചു. ഇന്ത്യന്‍ സിനിമ സംഗീത ചരിത്രത്തില്‍ തന്റേതായ സ്ഥാനമുള്ള സലില്‍ ദായെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ മലയാള സിനിമ ഗാനങ്ങളുടെ ശൈലികളെ അടിമുടി മാറ്റിയ മലയാളികളുടെ സലില്‍ ദായെ അദ്ദേഹത്തിന്റെ ചരമ വാര്‍ഷികമായ ഇന്ന് വീണ്ടുമൊന്ന് ഓര്‍ത്തുപോവുകയാണ്.
മലയാളികളുടെ അഭിമാനമായ ചെമ്മീനിലൂടെയാണ് സലില്‍ ചൗധരി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. അതുവരെ കവിതകള്‍ എഴുതി ട്യൂണ്‍ ചെയ്തിരുന്ന ശൈലി പിന്തുടരാതെ ട്യൂണിന് അനുസരിച്ച് കവിത എഴുതി. വയലാര്‍ എഴുതിയ പെണ്ണാളേ പെണ്ണാളേയും, കടലിനക്കരപോണോരെയും, മാനസ മൈനയുമെല്ലാം ഇന്നത്തെ തലമുറയ്ക്കും പരിചിതമാണ്. അതുവരെ കവിതകളെ നുള്ളി നോവിക്കാതെ ലാളിത്യമാര്‍ന്ന സംഗീതവും ലഘുവായ ഓര്ക്കസ്ട്രേഷനുമുള്ള ഗാന ശൈലിക്ക് ബദലായി സംഗീതത്തിന് തുല്യ പ്രാധാന്യം നല്കി അകമ്പടിയായി ധാരാളിത്തമുള്ള ഉപകരണ സംഗീതം വിന്യസിപ്പിക്കുന്ന ശൈലി സലില്‍ ദാ അവതരിപ്പിച്ചു.
മറ്റുള്ള ഭാഷകളില്‍ ഉപയോഗിച്ച ട്യൂണുകളും സലില്‍ ചൗധരി മലയാളത്തില്‍ പുനരവതരിപ്പിച്ചിട്ടുണ്ട്. എയര്‍ ഹോസ്റ്റസ് എന്ന ചിത്രത്തിലെ ഒന്നാനാം കുന്നിന്മേല് എന്ന ഗാനം ബംഗാളിയും ഹിന്ദിയും കടന്നാണ് മലയാളത്തില്‍ എത്തുന്നത്. ബംഗാളിയില്‍ അത് കുട്ടികള്‍ക്കുള്ള ഹോബു ചന്ദ്ര രാജാ എന്ന പാട്ടാകുമ്പോള്‍ കേരളത്തില്‍ ഒരു ഫോക്ക് സോങ്ങിന്റെ ഭാവമാണുള്ളത്.
ഹിന്ദിയില്‍ കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ വന്ന ‘ഛോട്ടാ സാ ഗര്‍’ കേരളത്തിലും ശ്രദ്ധ നേടിയതിനും ശേഷമാണ് ഒന്നാനാം കുന്നില്‍ ഇറങ്ങുന്നത്. അതെ മാതൃക പിന്തുടര്‍ന്ന മറ്റൊരു ഗാനമാണ് ചുവന്ന സന്ധ്യകളിലെ പറന്നു പോയി നീ അകലെ. മന് കരെ യാദ് എന്ന പാട്ടിനാണ് ഹിന്ദിയില്‍ ഈ ട്യൂണ്‍ ഉപയോഗിച്ചത്. ഭാഷാഭേദമന്യേ പാട്ടുകള്‍ ഹിറ്റുകളായി തീര്‍ന്നു.
മലയാളത്തില്‍ സലില്‍ ദായുടെ ഏറ്റവും മികച്ച ആല്‍ബം ഏതെന്ന് ചോദിച്ചാല്‍ നിസ്സംശയം എന്‍ ശങ്കരന് നായരുടെ മദനോത്സവമാണെന്ന് പറയാം. കമലഹാസനും സെറീനാ വഹാബും നിറഞ്ഞ് നിന്ന എല്ലാ പാട്ടുകളും ഹിറ്റുകളാക്കാന്‍ സലില്‍ ചൗധരി – ഒ.എന്‍.വി കൂട്ടുക്കെട്ടിന് കഴിഞ്ഞു. മേലെ പൂമല എന്ന ഗാനം വളരെ പതിഞ്ഞ താളത്തില്‍ എഴുതപ്പെട്ടിരുന്ന പാട്ടായിരുന്നു ആദ്യം. എന്നാല്‍ വളരെ ഫാസ്റ്റായ വിഷ്വല്സാണെന്ന് ചൂണ്ടിക്കാട്ടി ഗാനം മാറ്റണമെന്ന് ശങ്കരന് നായര്‍ പറഞ്ഞപ്പോള്‍ അതെ ഗാനം തന്നെ മികച്ചൊരു ഫാസ്റ്റ് നമ്പറാക്കി മാറ്റിയ സല്ലില് ദാ മാജിക്കിനും മദനോത്സവം സാക്ഷിയാണ്.
ശങ്കരന് നായരുടെ സിനിമകളിലാണ് സലില്‍ ചൗധരി പുതിയ സംഗീത പരീക്ഷണങ്ങള്‍ക്ക് കൂടുതലും മുതിര്‍ന്നിരിക്കുന്നത്. രാസലീലയിലെ ‘മനയ്ക്കലെ തത്തേ’ കണ്വെന്ഷനല് രീതിയില്‍ ഒരുക്കിയപ്പോള്‍ നിഷാസുരഭികള് പുതിയൊരു ശ്രവ്യാനുഭൂതിയായി മാറി. തുലാവര്‍ഷത്തിലെ കേളി നളിനം എന്ന വയലാര്‍ എഴുതിയ ഗാനം മലയാളിയുടെ കാല്പനികതയുടെ പരിച്ഛേദമായി മാറി. ഓര്‍ക്കസ്ട്രേഷനില്‍ ഒരു വിപ്ലവം തന്നെയായിരുന്നു ‘കളകളം’ എന്ന ഗാനം, ഇന്നും അതിന്റെ പുതുമ വിട്ട് മാറിയിട്ടില്ല.
അവസാനമായി അദ്ദേഹമൊരുക്കിയ ഗാനവും മലയാളത്തിലായിരുന്നു. തുമ്പോളി കടപ്പുറം എന്ന ചിത്രത്തിന് വേണ്ടി ‘കാതില്‍ തേന്മഴയായി’ എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു. അവസാന കൂടി ചേരലാണെന്ന് അറിയാതെ തന്നെ വരികളില്‍ ശോകം കടന്നുവന്നു എന്ന് ഒ.എന്‍.വി ഓര്‍ത്തെടുക്കുന്നു.
മലയാള ഗാനശാഖയെ ഒന്നാകെ സ്വാധീനിച്ച സലില്‍ ദായുടെ ഈണങ്ങള്‍ ഇന്നും മലയാളി ഏറ്റുപാടുന്നു. അനുകരരിക്കാനാവാത്ത ശൈലിയും സംഗീതവും ബാക്കി വെച്ച് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
സലില്‍ ചൗധരി ഈണമിട്ട പ്രശസ്തമായ മലയാള ഗാനങ്ങള്‍
1. പൊന്നുഷസ്സിന്‍ ഉപവനങ്ങള്‍
2. സന്ധ്യേ കണ്ണീരിതെന്തേ
3. മാടാ പ്രാവേ വാ
4. വൃശ്ചിക പെണ്ണേ
5. പൂവിരിഞ്ഞല്ലോ
6. ആ കൈയ്യിലോ ഈ കൈയ്യിലോ
7. ഇവിടെ കാറ്റിന് സുഗന്ധം
8. കദളി കണ്‍കദളി
9. യമുനേ നീ ഒഴുകു
10. അമ്പാടി പൂങ്കുയിലെ.
Recent Comments